Connect with us

Kerala

എല്ലാ ജില്ലകളിലും ന്യൂനപക്ഷ ക്ഷേമ ഓഫീസുകള്‍ തുടങ്ങും

Published

|

Last Updated

തിരുവനന്തപുരം: എല്ലാ ജില്ലകളിലും ന്യൂനപക്ഷ ക്ഷേമ ഓഫീസുകള്‍ തുടങ്ങുന്നതിനും അധ്യാപക ബേങ്കില്‍ നിന്നുള്ളവരെ ജില്ലാ ഓഫീസര്‍മാരായി നിയമിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. കലക്ടറേറ്റുകളില്‍ നിലവിലുള്ള ന്യൂനപക്ഷ ക്ഷേമ സെല്ലുകളും ജില്ലകളിലെ ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളും ഇനിമുതല്‍ ജില്ലാ ഓഫീസുകള്‍ക്ക് കീഴിലായിരിക്കുമെന്ന് നഗരകാര്യ, ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സംരക്ഷിത അധ്യാപകര്‍ക്ക് ജില്ലാ ഓഫീസുകളുടെ ചുമതല നല്‍കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഡി ഡി ഒ പദവി നല്‍കിയാണ് ഇവരെ നിയമിക്കുക. അധ്യാപക ബേങ്കില്‍ എച്ച് എസ് എ തസ്തികയില്‍ ഉള്ളവര്‍ക്കാണ് നിയമനം. നിലവില്‍ കലക്ടറേറ്റുകളില്‍ സൃഷ്ടിച്ചിട്ടുള്ള എല്‍ ഡി ക്ലാര്‍ക്ക് തസ്തികയും മുസ്‌ലിം യുവജന പരിശീലന കേന്ദ്രങ്ങളിലെ കമ്പ്യൂട്ടര്‍ ഓപറേറ്റര്‍, എല്‍ ഡി ക്ലാര്‍ക്ക് തുടങ്ങിയ തസ്തികകളും നിര്‍ദ്ദിഷ്ട ജില്ലാ ഓഫീസുകളുടെ കീഴിലാക്കും. ജില്ലാ ഓഫീസര്‍മാര്‍ ചുമതലയേല്‍ക്കുന്നതോടെ പരിശീലന കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍ തസ്തികകള്‍ നിര്‍ത്തലാക്കും.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ജില്ലാ ഓഫീസുകള്‍ സഹായകമാകും. കലക്ടറേറ്റുകളില്‍ നിലവിലുള്ള ന്യൂനപക്ഷ ക്ഷേമ സെല്ലുകള്‍ക്കു പകരം ന്യൂനപക്ഷ ജില്ലാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Latest