Connect with us

Kozhikode

പുതിയറയില്‍ 50 ലക്ഷത്തിന്റെ ആനുകൂല്യ വിതരണം

Published

|

Last Updated

കോഴിക്കോട്: മന്ത്രി എം കെ മുനീറിന്റെ നേതൃത്വത്തില്‍ സൗത്ത് നിയോജക മണ്ഡലത്തില്‍ നടത്തുന്ന ജനസഭയുടെ മൂന്നാം ദിവസം പുതിയറ മേഖലയില്‍ 50 ലക്ഷത്തിന്റെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.
പുതിയറ എസ് കെ പൊറ്റെക്കാട് സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍ 65 ലക്ഷം രൂപയുടെ പുതിയ വികസന പ്രവര്‍ത്തനങ്ങളും പ്രഖ്യാപിച്ചു. ജനസഭയുടെ ഭാഗമായി ബാലാവകാശ കമ്മീഷന്‍ അംഗം അഡ്വ. നസീര്‍ ചാലിയത്തന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 19 പരാതികളും വനിതാകമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 56 പരാതികളും തീര്‍പ്പാക്കി.
കൂടാതെ ജില്ലാശുചിത്വമിഷന്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, എക്‌സൈസ്, പോലീസ് വകുപ്പുകള്‍ എന്നിവയുടെ ബോധവത്കരണ ക്ലാസുകളും സെമിനാറും നടന്നു. ക്ലാസിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് നേതൃത്വം നല്‍കി. അംഗപരിമിതരായ പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായമായി 4,90,000 രൂപ, ഹിയറിംഗ് ഇംപയേര്‍ഡ് സഹായമായി 35,980 രൂപ, കുടുംബശ്രീ മിഷന്‍ മാച്ചിംഗ് ഗ്രാന്റ് ഇനത്തില്‍ 2,81,910 രൂപ, വനിതാവികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പാ ഇനത്തില്‍ 22,23,000 രൂപ, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, ആശ്വാസകിരണം, സ്‌നേഹപൂര്‍വം പദ്ധതികളിലായി 8,00,000 രൂപ, വികലാംഗ ക്ഷേമ കോര്‍പറേഷന്‍ വഴി ഭിന്നശേഷിയുള്ളവര്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ വിവിധ സഹായ ഉപകരണങ്ങളുമാണ് വിതരണം ചെയ്തത്. കൂടാതെ രണ്ട് പേര്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടറും നല്‍കി.
പുതിയപാലം- ചുള്ളിക്കാട് റോഡിലെ ഡ്രൈനേജ് സൈഡ് ഭിത്തി കെട്ടി സ്ലാബിടാന്‍ 20 ലക്ഷം, പറയഞ്ചേരി- കളത്തില്‍താഴെ തോടിന് സ്ലാബിടാന്‍ 25 ലക്ഷം, പുതിയപാലം- ചുള്ളിയില്‍ താഴം തോടിന് സൈഡ് ഭിത്തി കെട്ടി സ്ലാബിടാന്‍ 20 ലക്ഷം, പറയഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലബോറട്ടറി നവീകരണത്തിന് ആവശ്യമായ തുക എന്നിവയാണ് പുതിയ വികസന പ്രവര്‍ത്തനങ്ങളായി മന്ത്രി പ്രഖ്യാപിച്ചത്. കോര്‍പറേഷന്‍ കൗണ്‍സിര്‍ കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
വികലാംഗ ക്ഷേമകോര്‍പറേഷന്‍ ചെയര്‍മാന്‍ കളത്തില്‍ അബ്ദുല്ല മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍മാരായ സക്കറിയ പി ഹുസൈന്‍, ചേമ്പില്‍ വിവേകാന്ദന്‍, വികലാംഗക്ഷേമ കോര്‍പറേഷന്‍ അംഗം കൊറ്റാമം വിമല്‍കുമാര്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ടി പി സാറാമ്മ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി പി മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു.