Connect with us

National

കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് കൊടിയ പീഡനം

Published

|

Last Updated

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഏഴ് മിനിറ്റ് വരുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അതിവേഗം പ്രചരിക്കുന്നുണ്ട്. ജയില്‍ അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ദേവരാജ്, അയ്യപ്പന്‍, നവീന്‍ എന്നീ തടവുകാരാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇവര്‍ കൊലപാതകക്കേസിലെ പ്രതികളാണ്.
ജയിലില്‍ ഫോണ്‍ കൈവശം വെച്ചതിന് വെല്ലൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് മാറ്റിയതാണ് അയ്യപ്പനെയും നവീനിനെയും. തടവറയില്‍ നിശ്ചിത അളവില്‍ വെള്ളം നിറച്ച് നിര്‍ബന്ധിച്ച് അതില്‍ കിടക്കാന്‍ നിര്‍ദേശിക്കുന്നതാണ് ഒരു ദൃശ്യത്തിലുള്ളത്. പഴയകാലത്തെ ശിക്ഷാരീതിയായ ഇതനുസരിച്ച്, ദിവസങ്ങളോളം തടവുകാരെ ഇങ്ങനെ കിടത്തിക്കുന്നതാണ്. യോഗ കേന്ദ്രം എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന ഏകാന്ത തടവറയായ ബ്ലോക്ക് 2എയിലാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. സെല്ലിന് മുന്നില്‍ വെച്ച് തടവുകാരെ അതിക്രൂരമായി അടിക്കുകയും നഗ്നരാക്കുകയും ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. ജയില്‍ നിയമമനുസരിച്ച് ഇത്തരം തടവറകളില്‍ പരമാവധി ഏഴ് ദിവസം വരെയേ തുടര്‍ച്ചയായി പാര്‍പ്പിക്കാവൂ. എന്നാല്‍ ഇവരെ മൂന്ന് ആഴ്ചകളിലേറെ പാര്‍പ്പിച്ചു.
വീഡിയോ യഥാര്‍ഥമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതായി എ ഡി ജി പി (ജയില്‍) ജെ കെ ത്രിപാഠി അറിയിച്ചു. മനുഷ്യാവകാശം ലംഘിക്കപ്പെട്ട ഈ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തടവുകാരനായ ദേവരാജിന്റെ ഭാര്യ ശാന്തി, മദ്രാസ് ഹൈക്കോടതി രജിസ്ട്രാര്‍ക്കും മറ്റ് പ്രാദേശിക കോടതികള്‍ക്കും പരാതി അയച്ചിട്ടുണ്ട്. ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ പോലും ജയില്‍ അധികൃതര്‍ സമ്മതിക്കാറില്ലെന്നും അവര്‍ ആരോപിച്ചു. ജയിലിലെ പരിഷ്‌കരണങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ജയിലര്‍മാരാണ് വീഡിയോ ചോര്‍ത്തിയതെന്ന് അവകാശപ്പെട്ട് മുതിര്‍ന്ന ജയില്‍ അധികൃതര്‍ രംഗത്തെത്തി. വീഡിയോ വ്യാജമാണെന്നാണ് ഇവരുടെ വാദം.
മൂന്ന് തടവുകാരെയും വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ ഉച്ച വരെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുകയും ചോര്‍ത്തുകയും ചെയ്തതെന്ന് സംശയിക്കുന്ന രണ്ട് ജയില്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ എങ്ങനെയാണ് ജയിലിലേക്ക് കടത്തിയതെന്ന് ഉറപ്പിക്കുന്നത് സംബന്ധിച്ചും അന്വേഷിക്കുമെന്ന് ജയില്‍ സൂപ്രണ്ട് കെ ആനന്ദന്‍ പറഞ്ഞു.

Latest