Connect with us

Gulf

പൊടിക്കാറ്റ് തുടരുന്നു; ജനജീവിതത്തെ ബാധിച്ചു

Published

|

Last Updated

ദുബൈ: യു എ ഇയില്‍ പൊടിക്കാറ്റ് ഇന്നലെയും തുടര്‍ന്നു. വാരാന്ത്യ ദിനമായിട്ടും പലരും പുറത്തിറങ്ങിയില്ല. ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍ സി എം എസ്)മുന്നറിയിപ്പ് നല്‍കി.
ബുധന്‍ മുതല്‍ രാജ്യത്തുടനീളം പൊടിക്കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്. താപനില കുറഞ്ഞു. പൊടിക്കാറ്റ് ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ക്ഷോഭമുണ്ടാകുമെന്നതിനാല്‍ മത്സ്യബന്ധനക്കാരും ജാഗ്രത പാലിക്കണം. ഇന്നലെ രാത്രിയോടെ ശക്തമായ കാറ്റുവീശുകയും പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞ് ദൂരക്കാഴ്ച കുറയുകയും ചെയ്തു.
പുറംജോലിയിലേര്‍പ്പെട്ട തൊഴിലാളികളും ഡെലിവറി ബോയിമാരും ശക്തമായ പൊടിക്കാറ്റില്‍ ഏറെ പ്രയാസമനുഭവിക്കുന്നു. പൊടി ശരീരത്തിനകത്തേയ്ക്ക് കടന്നു പലര്‍ക്കും ചുമയും ജലദോഷവും പിടിപ്പെട്ടു. പൊടി അലര്‍ജിയാകുന്നവര്‍ കഴിവതും പുറത്തിറങ്ങരുതെന്നും അടിയന്തരാവശ്യത്തിന് ഇറങ്ങുകയാണെങ്കില്‍ മുന്‍കരുതലുകളെടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. സ്ഥാപനത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കുന്ന ഉത്പന്നങ്ങളിലൊക്കെ പൊടി നിറഞ്ഞതിനാല്‍ പലതും ഉപയോഗശൂന്യമായതായി വ്യാപാരികള്‍ പറഞ്ഞു.

---- facebook comment plugin here -----

Latest