Connect with us

Kozhikode

പേരാമ്പ്ര, കായണ്ണ ഫെസ്റ്റ്: യു ഡി എഫ് പ്രതിഷേധം കനക്കുന്നു

Published

|

Last Updated

പേരാമ്പ്ര: ഇടതുപക്ഷം ഭരിക്കുന്ന പേരാമ്പ്രയിലും, സമീപ പഞ്ചായത്തായ കായണ്ണയിലും ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റ് 2015 നെതിരെ പ്രതിഷേധവുമായി യു ഡി എഫ് വീണ്ടും രംഗത്ത്. ഭരണ സമിതി തീരുമാനമില്ലാതെ കായണ്ണ ഫെസ്റ്റിന്റെ പേരില്‍ റസീറ്റ് അടിച്ച് വന്‍ പണപ്പിരിവ് നടത്തുന്നുവെന്നാരോപിച്ചാണ് കായണ്ണയില്‍ യു ഡി എഫ് അംഗങ്ങളുടെ പ്രതിഷേധം.
ഏതാനും ദിവസം മുമ്പ് ഭരണ സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് തര്‍ക്കവും ഒടുവില്‍ പ്രതിപക്ഷ ബഹിഷ്‌കരണവും നടന്നിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ ഇന്നലെ വീണ്ടും നടന്ന ഭരണ സമിതി യോഗവും ഇത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ പ്രക്ഷുബ്ധമാകുകയും, യോഗം അലങ്കോലപ്പെടുകയും ചെയ്തു. തുടര്‍ന്ന് യു ഡി എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണയും ടൗണില്‍ പ്രകടനവും വിശദീകരണ യോഗവും നടത്തി. ഭരണ സമിതിയുടെ അംഗീകാരമില്ലാതെ റസീറ്റടിച്ചുള്ള പണപ്പിരിവിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിണമെന്ന് യു ഡി എഫ് ആവശ്യപ്പെട്ടു. എം ഋഷികേശന്‍, കെ കെ നാരായണന്‍, സി പി ബാലകൃഷ്ണന്‍, ടി പി സി ജിജേഷ്, സി കെ സുലെഖ, മിനി കുന്നത്തും പാറ നേതൃത്വം നല്‍കി. പേരാമ്പ്രയിലും സമാന വിഷയം ആരോപിച്ച് യു ഡി എഫ് ഫെസ്റ്റിനെതിരെ രംഗത്തുണ്ട്. ഈ മാസം അവസാന വാരത്തില്‍ നടക്കുന്ന പേരാമ്പ്ര ഫെസ്റ്റ് അനവസരത്തിലുള്ളതാണെന്നാണ് യു ഡി എഫ് ആരോപണം. യു ഡി എഫിനെ പൂര്‍ണമായി അവഗണിച്ച് നടത്തുന്ന ഫെസ്റ്റിന്റെ പരാജയം ഉറപ്പാക്കുന്നതിനുമുള്ള നീക്കമാണ് ഇവിടെ യു ഡി എഫ് നടത്തുന്നത്. നേരത്തെ വാര്‍ത്താ സമ്മേളനം വിളിച്ച് ഫെസ്റ്റ് നടത്തിപ്പിനെതിരെ ആക്ഷേപമുന്നയിച്ച ശേഷം ഇന്നലെ വീണ്ടും ലഘുലേഖയുമായി യു ഡി എഫ് ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രവര്‍ത്തകരും ടൗണിലിറങ്ങി. ഇരു പഞ്ചായത്തുകളിലും ഓരോ അംഗത്തിന്റെ ബലത്തിലാണ് ഇടതുപക്ഷം ഭരിക്കുന്നത്.

Latest