Connect with us

International

ഇറാന്‍ ആണവ പദ്ധതി: യു എസും ഇസ്‌റാഈലും കൊമ്പുകോര്‍ക്കുന്നു

Published

|

Last Updated

ടെഹ്‌റാന്‍: ഇറാന്‍ ആണവ പദ്ധതികളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അമേരിക്കക്കും ഇസ്‌റാഈലിനും ഇടയില്‍ രൂക്ഷമായി. ഇറാന്റെ ആണവ പദ്ധതികള്‍ സംരക്ഷിക്കാനാണ് അമേരിക്കയുള്‍പ്പെടെയുള്ളവരുടെ ശ്രമങ്ങള്‍ എന്ന ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ അമേരിക്ക രംഗത്തെത്തി. ഇത്തരം പരാമര്‍ശങ്ങള്‍ അമേരിക്ക- ഇസ്‌റാഈല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഏതാനും ദിവസം മുമ്പാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളിച്ച പ്രസംഗം യു എസ് കോണ്‍ഗ്രസില്‍ വെച്ച് നെതന്യാഹു നടത്തിയിരുന്നത്. കോണ്‍ഗ്രസിന്റെ നിയന്ത്രണമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് നെതന്യാഹുവിനെ ക്ഷണിച്ചിരുന്നത്. ഇറാന്‍ ആണവ ബോംബ് നിര്‍മിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഈ രാജ്യത്തെ തടയാനുള്ള കരാറില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിറകോട്ടുപോയെന്ന് നെതന്യാഹു കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രതികരിച്ചത്. നെതന്യാഹുവിന് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ഉചിതമല്ലാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും കെറി പ്രതികരിച്ചു. ടെഹ്‌റാനുമായി ആണവ വിഷയത്തില്‍ ലോകരാഷ്ട്രങ്ങളുടെ സാന്നിധ്യത്തില്‍ കെറി ചര്‍ച്ച നടത്തുന്നതിനിടെയാണ് ഇസ്‌റാഈലിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയത്. ജോര്‍ജ് ബുഷ് അമേരിക്കയുടെ പ്രസിഡന്റായിരുന്നപ്പോള്‍ ഇറാഖിനെ ആക്രമിക്കുന്നതിനെ കുറിച്ച് നെതന്യാഹു വാതോരാതെ സംസാരിച്ചിരുന്നെന്നും പിന്നെയെന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെറി തുറന്നടിച്ചു.
ചില്ലറ കാര്യങ്ങളെ സംബന്ധിച്ച് അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും ഇടയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് ശരിയല്ലെന്നും ഇത് വലിയ ആഘാതം സൃഷ്ടിക്കുമെന്നും ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്്ടാവ് സൂസന്‍ റൈസ് പറഞ്ഞു. അമേരിക്ക- ഇസ്‌റാഈല്‍ ബന്ധം, റിപ്പബ്ലിക്കന്‍- ലിക്വിഡ് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധമായി ചുരുങ്ങുന്നതിനെതിരെ ഒബാമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ വിഷയത്തില്‍ നെതന്യാഹുവിനെ നേരിട്ട് കാണുകയില്ലെന്ന് ഒബാമ വ്യക്തമാക്കി.
എന്നാല്‍, തങ്ങളുടെ ആണവ പദ്ധതികള്‍ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ച് ആയുധം നിര്‍മിക്കാനോ മറ്റോ അല്ലെന്നും മറിച്ച് ഊര്‍ജ ആവശ്യങ്ങള്‍ക്കാണെന്നും ഇറാന്‍ ആവര്‍ത്തിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest