Connect with us

Editorial

ഗുജറാത്ത് സര്‍ക്കാറിന് വീണ്ടും തിരിച്ചടി

Published

|

Last Updated

ഗുജറാത്ത് കലാപഫണ്ടില്‍ തിരിമറി നടത്തിയെന്ന് ആരോപിക്കുന്ന കേസില്‍ നിയമ നടപടി നേരിടുന്ന ടീസ്ത സെറ്റല്‍വാദിനും ഭര്‍ത്താവ് ജാവേദ് ആനന്ദിനും ജാമ്യം അനുദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി, അവരെ നിരന്തരം വേട്ടയാടുന്ന ഗുജറാത്ത് സര്‍ക്കാറിനേറ്റ തിരിച്ചടിയാണ്. ടീസ്തയുടെ ജാമ്യഹരജി പരിഗണിച്ചു നല്‍കിയ ഈ വിധിയില്‍, ഹരജിയില്‍ ഉത്തരവുണ്ടാകുന്നതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ടീസ്ത സെറ്റല്‍വാദ് ഉള്‍പ്പെടെ അഞ്ച് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് അവരെ പിടികൂടി അഴിക്കുള്ളില്‍ തടച്ചിടാന്‍ ഗുജറാത്ത് പൊലീസ് ശക്തമായ കരുനീക്കം നടത്തുന്നതിനിടെയാണ് പരമോന്നത കോടതി അവരുടെ രക്ഷക്കെത്തിയത്.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയിലെ ഇരകള്‍ക്കായി ശേഖരിച്ച വിദേശ ഫണ്ടില്‍ ടീസ്ത സെറ്റല്‍വാദ് തിരിമറി നടത്തിയെന്നും സമാഹരിച്ച പണം ടീസ്ത തന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളില്‍ നിക്ഷേപിച്ചെന്നുമായിരുന്നു കേസ്. കലാപത്തിലെ ഇരകളായ 12 പേരുടെ പരാതിയില്‍ ഗുജറാത്ത് പോലീസാണ് കേസെടുത്തത്. ഇവരെ ഗുജറാത്ത് പോലീസ് വിലക്കെടുത്ത് തനിക്കെതിരെ ആയുധമാക്കുകയാണെന്നും താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്നുമാണ് ടീസ്തയുടെ വിശദീകരണം.
ഗുജറാത്ത് വംശീയ കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി ശക്തമായി പോരാടുകയും നരോദ്യപാട്യ കൂട്ടക്കൊലയിലും ബെസ്റ്റ് ബേക്കറി കേസിലും സംസ്ഥാന സര്‍ക്കാറിനും നരേന്ദ്ര മോദിക്കുമെതിരെ നിയമയുദ്ധം നടത്തുകയും ചെയ്ത ടീസ്ത ഗുജറാത്ത് സര്‍ക്കാറിന്റെയും സംഘ്പരിവാറിന്റെയും കണ്ണിലെ കരടാണ്. ജയിലിലടച്ചു ടീസ്തയുയുടെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാനുള്ള ശ്രമത്തില്‍ ഗുജറാത്ത് ഭരണകൂടം അവര്‍ക്കെതിരെ നിരന്തരം കള്ളക്കേസുകള്‍ മെനഞ്ഞുണ്ടാക്കുകയാണ്. പാനം നദീതീരത്ത് മറവുചെയ്ത ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഖബറിടങ്ങളില്‍ നിന്ന് നിയമവിരുദ്ധമായി പുറത്തെടുത്തെന്ന ആരോപണം ഉന്നയിച്ചു ഗുജറാത്ത് സിറ്റി ക്രൈം ബ്രാഞ്ച് നേരത്തെ അവര്‍ക്കെതിരെ കേസെടുത്തിരുന്നു. എഫ് ഐ ആറില്‍ അപാകങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെട്ട സുപ്രീം കോടതി ആ കേസ് നിര്‍ത്തി വെക്കാന്‍ ഗുജറാത്ത് സര്‍ക്കാറിനോടാവശ്യപ്പെടുകയായിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതായും ടീസ്ത സെറ്റല്‍വാദ് ചെയ്ത കുറ്റം തെളിഞ്ഞിട്ടുണ്ടെന്നും ഗുജറാത്ത് സര്‍ക്കാറിന്് വേണ്ടി ഹാജരായ ബി ജെ പി നേതാവ് അഡ്വ. രവിശങ്കര്‍ പ്രസാദ് ബോധിപ്പിച്ചെങ്കിലും നിലവിലുള്ള അവസ്ഥയില്‍നിന്ന് കേസ് മുന്നോട്ടുനീക്കരുതെന്ന് കോടതി കര്‍ശന ഉത്തരവ് നല്‍കുകയാണുണ്ടായത്. വ്യാജക്കേസുകള്‍ അടിച്ചേല്‍പിച്ചു ടീസ്തയുടെ പ്രവര്‍ത്തനങ്ങളെ തടയിടാനുള്ള സര്‍ക്കാറിന്റെ നീക്കത്തെ അന്ന് കോടതി രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. കെട്ടിച്ചമച്ച ഈ കേസ് കൊണ്ട് ഗുജറാത്ത് സര്‍ക്കാറിന് എന്ത് നേട്ടമാണെന്ന കോടതിയുടെ ചോദ്യത്തിന് മുമ്പില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിശ്ശബ്ദനായി. ബെസ്റ്റ് ബേക്കറി കേസില്‍ വ്യാജ തെളിവ് നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന കേസിലെ പ്രധാന ദൃക്‌സാക്ഷി സഹീറാ ശൈഖിനെ മുന്‍നിര്‍ത്തിയും അവര്‍ക്കെതിരെ കേസെടുത്തു. കോടതിക്ക് മുന്നില്‍ തെറ്റായ തെളിവ് നല്‍കാന്‍ ടീസ്ത തന്നെ നിര്‍ബന്ധിച്ചുവെന്നാണ് വഡോദര ജില്ലാ കലക്ടര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ സഹീറ ശൈഖ് ആരോപിച്ചിരുന്നത്. ബെസ്റ്റ് ബേക്കറി കൂട്ടക്കൊലയെക്കുറിച്ച് ആദ്യമായി പരാതി നല്‍കിയ സഹീറ മാത്രമല്ല, 37 സാക്ഷികള്‍ ഈ കേസില്‍ കുറുമാറിയിട്ടുണ്ട്. ഇതില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു. എന്നാല്‍ 2003 ജൂണ്‍ 27 ന് കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ കുറ്റം ചുമത്തപ്പെട്ട 21 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 11 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു. തെളിവില്ലെന്ന കാരണത്താല്‍ ഗുജറാത്ത് സര്‍ക്കാര്‍ അവസാനിപ്പിച്ച വേറെ രണ്ടായിരത്തോളം കേസുകള്‍ സുപ്രീംകോടതി ഇടപെട്ടു പുനരാരംഭിച്ചിട്ടുണ്ട്. കേസുകള്‍ ഒന്നൊന്നായി അട്ടിമറിക്കുന്നതില്‍ രോഷം പൂണ്ട് “ഒന്നുകില്‍ രാഷ്ട്രീയനീതി പാലിക്കുകയോ, അല്ലെങ്കില്‍ രാജി വെച്ച് പുറത്തുപോവുകയോ”ചെയ്യാന്‍ ഒരിക്കല്‍ ജസ്റ്റിസ് വി എന്‍ ഘരെ ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി. ടീസ്തക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ എ കെ ഗോയലും ദീപക് മിശ്രയും ഇന്നലെ നടത്തിയ വിധിയില്‍, ടീസ്തയെക്കുറിച്ചു നടത്തിയ പരാമര്‍ശവും സര്‍ക്കാറിന് തിരിച്ചടിയാണ്. അവര്‍ നല്ല ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണെന്നും അറസ്റ്റ് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നുമാണ് ന്യായാധിപന്മാരുടെ നിരീക്ഷണം. കേസുകള്‍ അട്ടിമറിക്കാനും ഇരകള്‍ക്ക് വേണ്ടി രംഗത്തു വരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി വേട്ടയാടാനുമുള്ള ഭരണകൂട ഭീകരതക്കെതിരെയുള്ള കോടതികളുടെ ഇത്തരം ഇടപെടലുകള്‍ ആശ്വാസകരമാണ്.

Latest