Connect with us

International

നൈജീരിയയില്‍ 300 ബോകോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

അബുജ: നൈജീരിയയില്‍ 300 ബൊക്കൊഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ ബോര്‍ണോ സ്റ്റേറ്റിലെ ഗാരിസണ്‍ ടൗണ്‍ നൈജീരിയന്‍ സൈന്യം തിരിച്ചു പിടിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് സൈനിക കേന്ദ്രം അറിയിച്ചു. 300 തീവ്രവാദികള്‍ കൊല്ലപ്പെടുകയും കുറച്ചു പേരെ തടവിലാക്കുകയും ചെയ്തതായി പ്രതിരോധകാര്യ വക്താവ് ച്രിസ് ഒലുകൊലാദെ ഒരു ഇ-മെയില്‍ സന്ദേശത്തിലൂടെ വ്യക്തമാക്കി. നൈജര്‍,ഛാഡ്, കാമറൂണ്‍ സൈന്യങ്ങള്‍ ബൊക്കൊ ഹറാം തീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്തു. കഴിഞ്ഞ മാസം 25 ന് തീവ്ര വാദികള്‍ പിടിച്ചടക്കിയിരുന്ന മൊങ്കുനൊ നൈജീരിയന്‍ സൈന്യം തിരിച്ചു പിടിച്ചതായി സൈന്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പക്ഷെ, ബോര്‍ണോ സ്റ്റേറ്റ് തലസ്ഥാനത്തിന് നേരെ ഏത് സമയവും ബോകോ ഹറാം തീവ്രവാദി ആക്രമണമുണ്ടാകുമെന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കാലങ്ങളായിട്ട് ഇസില്‍ തീവ്ര വാദികളുടെ താവളമാക്കാന്‍ കണ്ടെത്തിയ പ്രദേശമാണ് മൊങ്കുനൊ.
സൈന്യത്തിന്റെ തിരിച്ചടിയില്‍ ബോകോഹറാമിന്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ആയുധകേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി. ഇവരില്‍ നിന്ന് അഞ്ച് വ്യത്യസ്ത രീതികളിലുള്ള സായുധ വാഹനങ്ങള്‍, വിമാനവേധ തോക്ക്, 50 ഷെല്ലുകള്‍, എട്ട് മെഷീന്‍ഗണുകള്‍ എന്നിവ പിടികൂടി. അഞ്ച് ഗ്രാനേഡുകള്‍, ആയുധങ്ങള്‍ ഉള്ള 49 പെട്ടികള്‍, 300 മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ സൈന്യം നശിപ്പിച്ചുകളഞ്ഞു. സംഭവത്തില്‍ രണ്ട് നൈജീരിയന്‍ സൈനികരും കൊല്ലപ്പെട്ടു. പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
നേരത്തെ ബോകോ ഹറാമിനെതിരെ വിജയം നേടിയെന്ന് അവകാശപ്പെട്ട് നൈജീരിയന്‍ സൈന്യം രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രദേവാസികളും ദൃക്‌സാക്ഷികളും ഇതിനെ എതിര്‍ത്ത് രംഗത്തെത്താറുണ്ട്.

Latest