Connect with us

Ongoing News

സദാചാരക്കൊല: മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ചെര്‍പ്പുളശ്ശേരി: കുലക്കുല്ലൂര്‍ റെയില്‍വേ ഗേറ്റിനടുത്ത് സദാചാര പോലീസ് ചമഞ്ഞെത്തി മുളയങ്കാവ് മുത്തേ വീട്ടില്‍ പരേതനായ കുഞ്ഞന്റെ മകന്‍ പ്രഭാകരനെ(50) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. എറവത്രയില്‍ താമസിക്കുന്ന 45 കാരിയായ വീട്ടമ്മയുടെ വീട്ടില്‍ വന്നുവെന്നാരോപിച്ച് കൊല്ലപ്പെട്ട പ്രഭാകരനെ കൃത്യത്തില്‍ ഉള്‍പ്പെട്ട പ്രതികളായ അഞ്ച് പേരുടെ നേതൃത്വത്തില്‍ ആദ്യം ഓടിച്ചിട്ട് തിരുത്തിപ്പടി റോഡില്‍ വെച്ചു പിടികൂടുകയും തുടര്‍ന്ന് ബൈക്കില്‍ കയറ്റി അങ്ങാടി കുന്ന് എന്ന സ്ഥലത്ത് കൂട്ടി കൊണ്ട് പോയി മറ്റ് പ്രതികളുടെ സഹായത്തോടെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും വീട്ടമ്മയുമായി അവിഹിതബന്ധമുളളതായി സമ്മതിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രഭാകരനെ കൊണ്ട് അവിടെ വെച്ച് തന്നെ മൊബൈലില്‍ വീട്ടമ്മയെ വിളിച്ച് സംസാരിപ്പിക്കുകയും അതിന് ശേഷം അയാളെ കൂട്ടി വീട്ടമ്മയുടെ വീട്ടില്‍ ചെന്ന് അയാളെയും വീട്ടമ്മയേയും ചേര്‍ത്ത് വെച്ച് ക്രോസ് വിസ്താരം ചെയ്ത് വീട്ടമ്മയെ കൊണ്ട് പ്രഭാകരനുമായി അവിഹിതബന്ധമുള്ളതായി സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയും അത് വിഫലമായതിനെ തുടര്‍ന്ന് പ്രഭാകരനെ പ്രതികള്‍ വടി കൊണ്ടും കൈകൊണ്ടും അടിക്കുകയും ചവിട്ടുകയും ചെയ്ത് അവശനാക്കി.
അതിനിടയില്‍ പ്രതികളില്‍ ഒരാള്‍ പ്രഭാകരന്റെ നെഞ്ചില്‍ ശക്തിയായി പല തവണ ഇടിച്ചതിന്റെ ആഘാതത്തില്‍ പ്രഭാകരന്‍ വഴിയില്‍ കുഴഞ്ഞ് വീഴുകയും പ്രതികള്‍ വെള്ളം കുടിക്കാന്‍ കൊടുക്കുകയുമുണ്ടായി. അതിനിടയില്‍ പ്രഭാകരന്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ സ്ഥലം വിടുകയും ചെയ്തു. ഇപ്പോള്‍ അറസ്റ്റിലായ നാലാം പ്രതി കുലക്കല്ലൂര്‍ അച്ചിരിപ്പടി ഷാജു എന്ന കണ്ണന്‍(27), അഞ്ചാം പ്രതി കുലക്കല്ലൂര്‍ അങ്ങാടികുന്നത്ത് രാജേഷ്(20), ആറാം പ്രതി എരവത്ര കുന്നത്ത് വീട്ടില്‍ സൈതലവി എന്ന കുഞ്ഞപ്പ(43) എന്നിവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ 11 ഓളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷിക്കുന്ന മുഴുവന്‍ പ്രതികളെയും കണ്ടെത്തുന്നതിന് കൂടുതല്‍ പ്രദേശവാസികളുടെ പങ്കാളിത്തത്തെക്കുറിച്ച് സി ഐ സി വിജയന്‍ കുമാറിന്റെയും എസ് ഐ പി ചന്ദ്രന്റെയും നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികളെ സംഭവസ്ഥലത്ത് വെച്ച് തെളിവെടുപ്പ് നടത്തി. ഒറ്റപ്പാലം കോടതി റിമാന്റ് ചെയ്തു. പത്രസമ്മേളനത്തില്‍ സി ഐ സി വിജയകുമാര്‍, എസ് ഐ പി ചന്ദ്രന്‍, ഗ്രേസ് എസ് ഐ കെ രാമചന്ദ്രന്‍ പങ്കെടുത്തു.

Latest