Connect with us

Kerala

മഅ്ദനിയുടെ വിഷയത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം- പി സി ജോര്‍ജ്

Published

|

Last Updated

ബെംഗളൂരു: ബെംഗളൂരു സഹായ ഹോളിസ്റ്റിക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ കേരളാ കോണ്‍ഗ്രസ്- എം നേതാവും ഗവ. ചീഫ് വിപ്പുമായ പി സി ജോര്‍ജ് സന്ദര്‍ശിച്ചു. മഅ്ദനിയുടെ കേസില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് പി സി ജോര്‍ജ് പറഞ്ഞു.
കേസ് കൈകാര്യം ചെയ്യുന്നതിനുള്ള കര്‍ണാടക പോലീസിന്റെ അനാസ്ഥ ശരിയല്ല. കുറ്റക്കാരനാണെങ്കില്‍ മഅ്ദനിയെ ശിക്ഷിക്കണം. അല്ലെങ്കില്‍ മോചിപ്പിക്കണം. എത്രയും വേഗം കേസ് വിസ്താരം പൂര്‍ത്തിയാക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. മഅ്ദനിയെ സന്ദര്‍ശിച്ചതിന് പിന്നില്‍ രാഷ്ട്രീയമില്ല. എന്നാല്‍, ഭാവിയില്‍ രാഷ്ട്രീയ ബന്ധമുണ്ടാകില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടിയില്‍ പ്രമേയം പാസാക്കിയ സംഭവത്തിലും പി സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി വൈസ് ചെയര്‍മാനായ തനിക്കെതിരെ വാര്‍ഡംഗത്തിന് പ്രമേയം പാസാക്കാന്‍ സാധിക്കില്ല. സംശയമുണ്ടെങ്കില്‍ ചെയര്‍മാന്‍ കെ എം മാണിയോട് ചോദിക്കാം. പ്രമേയം അവതരിപ്പിച്ച ആള്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
ഒന്നരമണിക്കൂറോളം മഅ്ദനിക്കൊപ്പം പി സി ജോര്‍ജ് ആശുപത്രിയില്‍ ചെലവഴിച്ചു. ജോര്‍ജിനൊപ്പം പി ഡി പി നേതാക്കളായ മൈലക്കാട് ഷാ, സുബൈര്‍ സബാഹി, അഡ്വ. സിറാജ് എന്നിവരും ഉണ്ടായിരുന്നു.

Latest