Connect with us

Malappuram

നിലമ്പൂര്‍ ജോബ് ഫെസ്റ്റില്‍ 3500 പേര്‍ക്ക് തൊഴില്‍ ലഭിച്ചു

Published

|

Last Updated

നിലമ്പൂര്‍: രാജ്യത്തിനകത്തും പുറത്തുമുള്ള 76 കമ്പനികള്‍ പങ്കെടുത്ത നിയുക്തി നിലമ്പൂര്‍ ജോബ് ഫെസ്റ്റില്‍ 3500 റോളം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 1500 പേര്‍ക്ക് ജോബ് ഫെസ്റ്റില്‍വച്ചു തന്നെ കമ്പനികള്‍ നിയമന ഉത്തരവും നല്‍കി. 2000ത്തോളം പേര്‍ക്ക് ഓഫറിംഗ് ലെറ്ററുമാണ് നല്‍കിയത്. കമ്പനികളുടെ ചട്ടപ്രകാരമായിരിക്കും ഇവര്‍ക്ക് നിയമനം നല്‍കുക. 7000ത്തോളം പേരാണ് ജോബ് ഫെസ്റ്റില്‍ പങ്കെടുത്തത്.
1400 പേര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ വഴി പ്രവേശനം നല്‍കി. കോഴിക്കോട്, മലപ്പുറം ജില്ലക്കാര്‍ക്കാണ് സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പും നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസസും നിലമ്പൂര്‍ നഗരസഭയും സംയുക്തമായി ജോബ് ഫെസ്റ്റ് നടത്തിയത്. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്നെത്തിയവര്‍ക്കുപോലും സ്‌പോട്ട് അഡ്മിഷന്‍ വഴി പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നു. വന്‍ നഗരങ്ങളില്‍ നടത്തിയിരുന്ന ജോബ് ഫെസ്റ്റ് നിലമ്പൂരില്‍ നടത്തിയാല്‍ വിജയിക്കുമോ എന്ന ആശങ്ക അസ്ഥാനത്താക്കുന്നതായിരുന്നു ജനകീയ പങ്കാളിത്തം. അതിരാവിലെ തന്നെ ഉദ്യോഗാര്‍ഥികളുടെ ഒഴുക്കായിരുന്നു മാനവേദന്‍ സ്‌കൂളിലേക്ക്. ഒരാള്‍ക്ക് മൂന്ന് ഇന്റര്‍വ്യൂവിനുള്ള അവസരമാണ് നല്‍കിയത്. മൂന്ന് ഇന്റര്‍വ്യൂ പൂര്‍ത്തിയായിട്ടും ജോലി ലഭിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കി.
നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും എംപ്ലോയ്‌മെന്റ് ഉദ്യോഗസ്ഥരും നാട്ടുകാരും സദാ സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, എന്‍ സി സി കേഡറ്റുകള്‍, ജൂനിയര്‍ റെഡ് ക്രോസ്, പോലീസ് എന്നിവരും സേവന നിരതരായി. അപേക്ഷ പൂരിപ്പിക്കുന്നതിനും കാത്തിരിക്കുന്നതിനുമായി പ്രത്യേക പന്തലുമുണ്ടായിരുന്നു. ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ തന്നെ നിലമ്പൂരിന്റെ സംഘാടക മികവിനെ അഭിനന്ദിച്ചു. വന്‍ നഗരങ്ങളില്‍ മാത്രം നടത്തിയിരുന്ന ജോബ് ഫെസ്റ്റ് നിലമ്പൂരില്‍ വിജയിപ്പിക്കാനായത് സന്തോഷം പകരുന്നതായി നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ശിപാര്‍ശയും മറ്റു ഇടപെടലുകളുമില്ലാതെ കഴിവിന്റെ മാത്രം അടിസ്ഥാനത്തിലാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട കമ്പനികളില്‍ സാധാരക്കാര്‍ക്ക് ജോലി ലഭിക്കാനുള്ള സാഹചര്യം ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂര്‍ ജോബ് ഫെസ്റ്റിന്റെ വിജയം എല്ലാ ജില്ലകളിലും ജോബ് ഫെസ്റ്റ് നടത്താന്‍ അത്മവിശ്വാസം പകരുന്നതായി എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ എ ഷൈനാമോള്‍ ഐ എ എസ് പറഞ്ഞു.

Latest