Connect with us

National

വടക്കുകിഴക്കന്‍ മേഖലക്കാര്‍ കുടിയേറ്റക്കാരെന്ന പരാമര്‍ശം: കിരണ്‍ ബേദിക്കെതിരെ അസമില്‍ കേസ്‌

Published

|

Last Updated

ഗുവാഹത്തി/ ഐസ്വാള്‍: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ബി ജെ പി പുറത്തിറക്കിയ ദര്‍ശന രേഖയില്‍ വടക്കുകിഴക്കന്‍ മേഖലയിലുള്ളവരെ കുടിയേറ്റക്കാരെന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന്, മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്കും അഞ്ച് നേതാക്കള്‍ക്കുമെതിരെ അസമില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. വര്‍ഗം, താമസം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളുടെ ഇടയില്‍ ശത്രുതയുണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഗുവാഹത്തിയിലെ വ്യവസായി അരുണ്‍ പഥക് ആണ് പരാതി നല്‍കിയത്.
ബേദിക്ക് പുറമെ ഡല്‍ഹിയിലെ ബി ജെ പി പ്രസിഡന്റ് സതീഷ് ഉപാധ്യായ, ദര്‍ശന രേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഹര്‍ഷ വര്‍ധന്‍, വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാത് ഝാ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കുടിയേറ്റക്കാര്‍ എന്ന പദം രേഖയില്‍ വന്നത് അക്ഷരപ്പിശകല്ല. ഈ വാക്കുപയോഗിച്ച്, വടക്കുകിഴക്കന്‍ മേഖലയെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും പരസ്പരം വംശ ശത്രുതയും അസുഖകരമായ മനോഭാവവും വളര്‍ത്താനാണെന്ന് പരാതിയില്‍ പറയുന്നു.
കുടിയേറ്റക്കാര്‍ എന്നത് മാറ്റി പുറത്തിറക്കിയ രേഖയും വിവേചനം പ്രകടിപ്പിക്കുന്നുവെന്ന് പഥക് അവകാശപ്പെടുന്നു. പുതിയ രേഖയിലും ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ എന്നാണുള്ളത്. ഇവിടെ നോര്‍ത്ത് ഈസ്റ്റേണ്‍ എന്നതിന് പകരം നോര്‍ത്ത് ഈസ്റ്റ് എന്നാണ് ഉപയോഗിച്ചത്. നോര്‍ത്ത് ഈസ്റ്റ് എന്നത് വടക്കുകിഴക്കന്‍ മേഖലയില്‍ ജനിച്ചവരെ കുറിക്കുന്നതല്ല. അതിനാല്‍ തന്നെ മേഖലയില്‍ നിന്നുള്ളവരെ പാര്‍ശ്വവത്കരിച്ചിരിക്കുന്നു.
വടക്കുകിഴക്കന്‍ മേഖലയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണുള്ളത്. അസം ഗണ പരിഷത് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി തല മുണ്ഡനം ചെയ്ത് പ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെയും കോലം കത്തിച്ചാണ് ആള്‍ അസം മൈനോറിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രതിഷേധിച്ചത്. സംസ്ഥാനത്തുടനീളം പ്രതിഷേധത്തിന് കോണ്‍ഗ്രസ് പദ്ധതിയിട്ടിട്ടുണ്ട്. കൃഷക് മുക്തി സംഗ്രാം സമിതി സംസ്ഥാനത്തുടനീളം ബി ജെ പി നേതാക്കളുടെ കോലങ്ങള്‍ കത്തിച്ചു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ താന്‍ മിസോറം സന്ദര്‍ശിച്ചുവെന്ന വ്യാജ പ്രസ്താവന നടത്തിയതില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രിയാകാന്‍ വേണ്ടി മണിപ്പൂര്‍, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടാകാം. എന്നാല്‍ മോദി ഒരിക്കലും മിസോറമിലെത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Latest