Connect with us

Ongoing News

കേരളം പുറത്ത്; ഗോവ, മഹാരാഷ്ട്ര സെമിയില്‍

Published

|

Last Updated

കോഴിക്കോട് : സെമിയിലെത്താന്‍ സമനില ധാരാളമെന്നിരിക്കെ കേരളം ഗോവയോട് തോറ്റ് ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് പുറത്ത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. ഗിരീഷ് നായക് (24), മാര്‍കസ് മസ്‌കെരാനസ് (90+4) ഗോവക്കായി ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ അനീഷ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഗോവക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇതോടെ പൂള്‍ എയില്‍ ഗോവ ഗ്രൂപ്പ് ചാമ്പ്യന്‍മാരായും മഹാരാഷ്ട്ര രണ്ടാം സ്ഥാനക്കാരായും സെമിയിലെത്തി. ആറ് പോയിന്റോടെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കുമൊപ്പം നിന്ന കേരളം ഗോള്‍ ശരാശരിയിലാണ് സെമി സ്‌പോട്ടില്‍ നിന്ന് പിന്തള്ളപ്പെട്ടത്. രാവിലെ നടന്ന മത്സരത്തില്‍ മഹാരാഷ്ട്ര 2-1ന് തമിഴ്‌നാടിനെ തോല്‍പ്പിച്ചു.
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നിന്ന് ലഭിച്ച ഗ്രൗണ്ട് സപ്പോര്‍ട്ടില്‍ കേരളം ആദ്യ മിനുട്ടുകളില്‍ ആക്രമിച്ചു കളിച്ചു. കേരളം ടച് ചെയ്ത മത്സരത്തിലെ ആദ്യ നീക്കം തന്നെ കോര്‍ണറില്‍ കലാശിച്ചു. ഉസ്മാന്‍ ആഷിഖും ജിംഷാദും മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ പ്രതിരോധ നിരയുടെ പിഴവിലാണ് ഗോവയുടെ ആദ്യ ഗോള്‍. മരിയോ മസ്‌കെരാനസിന്റെ ഫ്രീകിക്കിന് കാല് വെച്ചു കൊടുത്താണ് ഗിരീഷ് വലയിളക്കിയത്. ഇഞ്ചുറി ടൈമിലെ രണ്ടാം ഗോള്‍ കേരളം പ്രതിരോധം ഉപേക്ഷിച്ച് പൊരുതുന്നതിനിടെ സംഭവിച്ചതായിരുന്നു. ജിംഷാദിന്റെ ക്രോസില്‍ സുഹൈര്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പാഴാക്കിയ അവസരവും രണ്ടാം പകുതിയില്‍ ജിജോ ജോസഫിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയതും കേരളത്തിന്റെ നിര്‍ഭാഗ്യം വരച്ചുകാട്ടി. സ്‌ട്രൈക്കര്‍മാരായ സുഹൈറിനെയും ജസ്റ്റിനെയും പിന്‍വലിച്ച് ഷൈജുമോനെയും നസറുദ്ദീനെയും കളത്തിലിറക്കിയിട്ടും കേരളത്തിന് പരാജയം ഒഴിവാക്കാന്‍ സാധിച്ചില്ല. തമിഴ്‌നാടിനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവരവാണ് മഹാരാഷ്ട്ര നടത്തിയത്. ഇതോടെ പൂള്‍ എയില്‍ മൂന്നു മത്സരങ്ങളും തോറ്റ തമിഴ്‌നാട് നാണക്കേട് ഏറ്റുവാങ്ങി. ഇരു ടീമിനും വേണ്ടി ഇന്നലെ ഗോളടിച്ചത് മലയാളി താരങ്ങളായ മുഹമ്മദ് ഇര്‍ഷാദും മിജോ ജോസഫുമായിരുന്നു.