Connect with us

Ongoing News

കേരളത്തിന് സുവര്‍ണ ദിനം

Published

|

Last Updated

തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസിലെ അഞ്ചാം നാള്‍ കേരളത്തിന് സുവര്‍ണ ദിനം. ആറ് സ്വര്‍ണമാണ് അഞ്ചാം ദിനം കേരളം നേടിയത്. ആറ് സ്വര്‍ണത്തോടൊപ്പം നാല് വെള്ളിയും ഏഴ് വെങ്കലവുമടക്കം പതിനേഴ് മെഡലുകളാണ് ഇന്നലെ മലയാളി താരങ്ങള്‍ വാരിക്കൂട്ടിയത്. ഇതോടെ കേരളത്തിന്റെ മെഡല്‍ നേട്ടം 42 ആയി. 31 സ്വര്‍ണവും 11 വെള്ളിയുമടക്കം 53 മെഡലുകളോടെ സര്‍വീസസ് ഒന്നം സ്ഥാനത്തും 25 സ്വര്‍ണവും 11 വെള്ളിയുമായി 42 മെഡലുകളോടെ ഹരിയാന രണ്ടാം സ്ഥാനത്തുമുണ്ട്. മഹാരാഷ്ട്രക്ക് പിറകിലായി നാലാം സ്ഥാനത്താണ് കേരളം. ദേശീയ ഗെയിംസ് റെക്കോര്‍ഡോടെ നീന്തല്‍ കുളത്തില്‍ നിന്ന് തന്റെ അഞ്ചാമത് സ്വര്‍ണം മുങ്ങിയെടുത്ത സാജന്‍ പ്രകാശ് മേളയുടെ താരമാകാനുള്ള ഒരുക്കത്തിലാണ്. എണ്ണൂറ് മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലിലാണ് സാജന്‍ പ്രകാശ് തന്റെ അഞ്ചാം സ്വര്‍ണവും എട്ടാം മെഡലും കൊയ്തത്. ഈ ഇനത്തില്‍ കേരളത്തിന്റെ എസ് ആനന്ദ് വെങ്കലം കരസ്ഥമാക്കിയിരുന്നു.
ആലപ്പുഴയിലെ പുന്നമടക്കായലില്‍ നിന്ന് തുഴഞ്ഞ് നേടിയ മൂന്നു സ്വര്‍ണത്തോടെയാണ് ഇന്നലെ കേരളത്തിന്റെ മെഡല്‍പട്ടിക ചലിച്ചു തുടങ്ങിയത്. തുടര്‍ന്ന് ഷൂട്ടിംഗില്‍ രണ്ടാം സ്വര്‍ണവുമായി എലിസബത്ത് സൂസന്‍ കോശിയും ബീച്ച് ഹാന്‍ഡ്‌ബോളില്‍ വനിതകളുടെ എ ടീമും സ്വര്‍ണം നേടിയതോടെ കേരളത്തിന്റെ സ്വര്‍ണ സമ്പാദ്യം 13 ആയി ഉയരുകയായിരുന്നു.

Latest