Connect with us

Kerala

ദേശീയ ഗെയിംസിന്റെ പേരില്‍ അനധികൃത പണപ്പിരിവ്

Published

|

Last Updated

തൃശൂര്‍: ദേശീയഗെയിംസ് വിളംബരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്കു സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനിച്ച സ്റ്റിക്കറിന്റെ മറവില്‍ അനധികൃത പണപ്പിരിവ്. പി എ മാധവന്‍ എം എല്‍ എ, മുന്‍ മേയര്‍ കെ രാധാകൃഷ്ണന്‍, സബ് കലക്ടര്‍ മീര്‍ മുഹമ്മദ് അലി എന്നിവരടങ്ങുന്ന ഫിനാന്‍സ് കമ്മിറ്റിയുടെ തീരുമാന പ്രകാരം തൃശൂര്‍ ജില്ലാ കലക്ടറാണ് ആര്‍ടി ഒയോട് ബസ് ഉടമകളുടെ അസോസിയേഷനില്‍ നിന്നു പണം പിരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ബസ് ഉടമകള്‍ യോഗം വിളിച്ച് അഞ്ഞൂറ് രൂപ നല്‍കാന്‍ സമ്മതിച്ചതോടെയാണ് പണപ്പിരിവ് നടത്തിയതെന്നാണ് ഫിനാന്‍സ് കമ്മിറ്റിയുടെ വാദം. സംഭവം വിവാദമായതോടെ പിരിച്ച തുക തിരിച്ചു നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ ഉത്തരവിട്ടു. എന്നാല്‍ ദേശീയ ഗെയിംസിന്റെ ഫിനാന്‍സ് കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി പണം തിരികെ നല്‍കേണ്ട എന്ന നിലപാടിലാണ് ജില്ലാ കലക്ടര്‍. ഇന്നലെ രാത്രി ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഈ തീരുമാനം അറിയിച്ചത്.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയത്. ഓരോ വാഹനത്തില്‍ നിന്നും 500 രൂപ വെച്ചാണ് പിരിച്ചിരുന്നത്. ദേശീയ ഗെയിംസിന്റെ വിളംബരത്തിന്റെ ഭാഗമായി എത്ര സ്റ്റിക്കറുകള്‍ അടിച്ചിട്ടുണ്ടോയെന്നോ വിതരണം ചെയ്തിട്ടുണ്ടെയെന്നോ കണക്കുകളില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് ബസ് ഉടമകളുടെ അസോസിയേഷന്റെ പക്കല്‍ നിന്നും വാങ്ങിയ ഫണ്ട് തിരികെ നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താനും ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവിട്ടിട്ടുണ്ട്. നാഷനല്‍ ഗെയിംസിന്റെ ഫിനാന്‍സ് കമ്മിറ്റി ഗെയിംസിന്റെ വിവിധ ചെലവുകള്‍ക്കായി ബസ് ഉടമകളുടെ അസോസിയേഷനില്‍ നിന്നും പണപ്പിരിവ് നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഷാജി ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച് ഫിനാന്‍സ് കമ്മിറ്റി ബസ് ഉടമകളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടിരുന്നുവെന്നായിരുന്നു ധരിപ്പിച്ചിരുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പണം ശേഖരിച്ച് ഫിനാന്‍സ് കമ്മിറ്റിക്ക് നല്‍കാനായിരുന്നു നിര്‍ദേശം.

Latest