Connect with us

Articles

ഒരിറ്റ് വെള്ളത്തിനായ്...

Published

|

Last Updated

കുടിവെള്ളം മനുഷ്യാവകാശമാണെന്നാണ് യു എന്‍ പ്രഖ്യാപനം. എന്നാല്‍ ഇന്ന് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില അന്തര്‍ ദേശീയ സ്‌പോട്ട് മാര്‍ക്കറ്റിലെ തുല്യ അളവ് അസംസ്‌കൃത എണ്ണയെക്കാള്‍ കൂടുതലാണ്. ഇന്ധന സ്രോതസ്സുകള്‍ പിടിച്ചടക്കാനാണ് ഇന്നത്തെ യുദ്ധങ്ങളെങ്കില്‍ നാളെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രകൃതി വിഭവമായ ജലത്തിനു വേണ്ടിയായിരിക്കും എന്ന മുന്നറിയിപ്പുകള്‍ വന്നിട്ട് കാലങ്ങളായി.
തങ്ങളുടെ ഭൂപ്രകൃതിക്കിണങ്ങുന്ന ജല സംരക്ഷണ തന്ത്രങ്ങള്‍ ഓരോ രാഷ്ട്രവും ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. കേരളത്തിലെ നദികളെയും തടാകങ്ങളെയും മറ്റും മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് സമഗ്രവും കര്‍ശനവുമായ ഒരു നിയമ നിര്‍മാണം ആവശ്യമാണ്. കുടി വെള്ളത്തിനും കൃഷിക്കും വേണ്ടി നമുക്കുള്ള പരിമിതമായ ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് ആവിഷ്‌കരിക്കുന്ന ജല സംരക്ഷണ തന്ത്രങ്ങളുമായി പൊരുത്തപ്പെടാനും വരും തലമുറകള്‍ക്കു കൂടി വേണ്ടി ഇതുമായി സഹകരിക്കാനും നാം തയ്യാറാകേണ്ടതുണ്ട്. ജനകീയ പങ്കാളിത്തത്തോടെ മാത്രമേ ഇത്തരം പദ്ധതികള്‍ വിജയിക്കുകയുള്ളൂ.
ജലാശയങ്ങളെ രുക്ഷമായി മലിനീകരിക്കുന്നത് വ്യവസായ സ്ഥാപനങ്ങളാണ്. പുറന്തള്ളുന്ന വിഷ വസ്തുക്കളും രാസ വസ്തുക്കളും അടങ്ങുന്ന വ്യവസായ മാലിന്യങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ നമ്മുടെ ജലാശയങ്ങള്‍ പകുതി രക്ഷപ്പെടും. അതേപോലെ കാര്‍ഷിക മേഖലയിലെ അമിതമായ രാസവസ്തു പ്രയോഗവും, രാസ-കീട നിയന്ത്രണവും ജൈവ കൃഷി രീതിക്ക് വഴി മാറി കൊടുക്കുന്ന പക്ഷം ജല മലിനീകരണം കാര്യമായി കുറയും. നഗര മാലിന്യങ്ങള്‍ മുഴുവന്‍ പേറിയെത്തുന്ന അഴുക്കു ചാലുകളിലെ ജലം നദികളില്‍ പതിക്കുന്നതിന് മുമ്പ് ശുദ്ധീകരിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കുറെയേറെ മലിനീകരണം ഒഴിവാക്കാനാകും.
മാലിന്യങ്ങളെ അരിച്ചുമാറ്റി ജലം ശുദ്ധീകരിക്കാന്‍ ഏറ്റവും കഴിവുള്ളത് ചതുപ്പു നിലങ്ങള്‍ക്കാണ്. നഗര മാലിന്യങ്ങള്‍ ഒരു പരിധി വരെ ഉള്‍കൊണ്ട് അവയിലെ രോഗാണുക്കളെ നിര്‍വീര്യമാക്കുന്നത് നഗര പ്രദേശങ്ങളിലുള്ള തണ്ണീര്‍ തടങ്ങളും ചതുപ്പുനിലങ്ങളുമാണ്. ഇതിലെ ജല സസ്യങ്ങള്‍ വെള്ളത്തില്‍ അധികമുള്ള നൈട്രേറ്റ്, ഫോസ്‌ഫേറ്റ് എന്നിവ വലിച്ചെടുക്കുന്നു. കുള വാഴ പോലുള്ള സസ്യങ്ങള്‍ മാരക ഘന ലോഹങ്ങളായ ഈയം, രസം, കാഡ്മിയം എന്നിവയെ ജലത്തില്‍ നിന്നും പൂര്‍ണമായി തന്നെ ആഗിരണം ചെയ്യുന്നു. ജലാശയത്തിലെത്തിച്ചേരുന്ന അലൂമിനിയം പോലുള്ള ലോഹ മാലിന്യങ്ങള്‍ ശുദ്ധീകരിക്കുന്നതിന് ജല സസ്യമായ പായലിനും ജല ജീവിയായ ഒച്ചിനും കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും മനുഷ്യന്‍ ഈ തണ്ണീര്‍ തടങ്ങളെ പാഴ് നിലങ്ങളെന്ന പേരില്‍ ഇന്ന് നികത്തിക്കൊണ്ടിരിക്കുകയാണ്.
ശുദ്ധ ജലം കിട്ടാതെ വരുമ്പോള്‍ ലഭ്യമായ ജലം അതിന്റെ ഗുണമേന്മ നോക്കാതെ ഉപയോഗിക്കുന്നതു മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും പകര്‍ച്ച വ്യാധികള്‍ ബാധിക്കുകയും കൂട്ട മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. മലിന ജലം ലോകത്തെമ്പാടുമായി പ്രതിവര്‍ഷം 40 ലക്ഷം കുട്ടികളെ കൊന്നൊടുക്കുന്നതായി “ഹാബിറ്റാറ്റ്” ചൂണ്ടിക്കാട്ടുന്നു. 25000 ആളുകള്‍ മലിന ജലം ഉപയോഗിക്കുന്നതു മൂലം ദിനംപ്രതി മരണമടയുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. വ്യവസായ ശാലകള്‍ തള്ളിവിടുന്ന വിഷമയമായ മാലിന്യങ്ങളുമായി കൂടിച്ചേരുന്ന നദീ ജലം ജല സേചനത്തിന് ഉപയോഗിക്കുന്നതിനാലുണ്ടാകുന്ന ഭക്ഷ്യ വിഷ ബാധയാല്‍ അനേകം പേര്‍ക്കിവിടെ ജീവ ഹാനി സംഭവിക്കുന്നു.
നമ്മുടെ നദികളുടെ മലിനീകരണത്തിന് പ്രധാന കാരണം ആവശ്യത്തിന് മലിനജല സംസ്‌കരണ സംവിധാനമില്ലാത്ത നഗരങ്ങളിലെ വിസര്‍ജന വസ്തുക്കളാണ്. ബാക്കി മലിനജല സംസ്‌കരണ നിയമം നിരന്തരം ലംഘിക്കുന്ന പടര്‍ന്നു പന്തലിക്കുന്ന വ്യവസായ കേന്ദ്രങ്ങള്‍ തള്ളി വിടുന്ന മാലിന്യങ്ങളും.
നദികള്‍ നാശത്തിലേക്ക് കൂപ്പു കുത്തുമ്പോള്‍ ഉപജീവനത്തിനായി കക്ക പെറുക്കിയും മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടും കഴിഞ്ഞിരുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതം വഴി മുട്ടി നില്‍ക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഗംഗയിലെ മലിന ജലം കുടിക്കുന്നതും ഒരു പ്രത്യേക തരം കാന്‍സറും തമ്മില്‍ ബന്ധമുണ്ടത്രെ. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനങ്ങളിലാണ് ഈ വസ്തുത വെളിവായത്. കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും തമിഴ്‌നാട്ടിലേയും ഉത്തര്‍പ്രദേശിലേയും ബീഹാറിലേയും മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലേയും നദികളുടെ മലിനീകരിക്കപ്പെട്ട തീരങ്ങളില്‍ ത്വക്ക് രോഗങ്ങളും ഉദര രോഗങ്ങളും മുടികൊഴിച്ചിലും വര്‍ധിച്ചുവരികയാണ്.
ജല മലിനീകരണത്തിന് വിധേയമായി മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട ജല ജീവികളും കൂട്ടത്തോടെ അപ്രത്യക്ഷമായതോടെ ചതുപ്പുകളിലും തീരങ്ങളിലും കഴിഞ്ഞിരുന്ന പക്ഷിക്കൂട്ടങ്ങളേയും ഇന്ന് കാണാതായിരിക്കുന്നു. നദികളെ അവയുടെ പാട്ടിന് വിടുകയാണ് അവ ശുദ്ധീകരിക്കാന്‍ പറ്റിയ എളുപ്പ വഴി. അതേ സമയം മലിനീകരണ സ്രോതസ്സുകള്‍ തടയുകയും വേണം. പ്രധാനമായും ഗാര്‍ഹിക മാലിന്യങ്ങള്‍ സംസ്‌കരിച്ചും വ്യവസായ മാലിന്യ വിസര്‍ജനം തടഞ്ഞും ഇത് സാധ്യമാക്കാം.
ജലവിഭവ സമാഹരണം കൊണ്ടേ കേരളത്തില്‍ വേനല്‍ മാസങ്ങളിലനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയൂ. ജലോപയോഗത്തില്‍ ധാരാളിത്തം കാണിക്കുന്ന കേരളീയര്‍ ജലവിഭവ സമാഹരണത്തിലും അല്‍പം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ജലവിഭവം ഏറിയ പങ്കും അറബിക്കടലില്‍ ചെന്നുപതിക്കുകയാണിന്ന്. ഇതിന്റെ ഒരു ചെറിയ പങ്ക് സംഭരിച്ചാല്‍ വേനല്‍ മാസങ്ങളില്‍ നമുക്ക് നേരിയ ആശ്വാസമേകും. ഇതിനായി വ്യാപക ബോധവത്കരണത്തോടൊപ്പം അനുകരണീയ മാതൃകകള്‍ കൂടി വിവിധ നദീ തടങ്ങളില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്ര-ശാസ്‌ത്രേതര സന്നദ്ധ സംഘടനകള്‍ക്കും ബഹുജന പ്രസ്ഥാനങ്ങള്‍ക്കും അവയുടേതായ പങ്ക് നിര്‍വഹിക്കാന്‍ കഴിയും. കേരളത്തില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ ധാരാളമായുണ്ടങ്കിലും അവയൊന്നും ജല വിഭവ സമാഹരണത്തില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ലെന്നതാണ് ദുഃഖ സത്യം. ഇത്തരം കാര്യങ്ങള്‍ സര്‍ക്കാര്‍ പടിപടിയായി നടത്തിയതു കൊണ്ടു മാത്രമായില്ല. ജനകീയ പരിപാടിയില്‍ സര്‍ക്കാറിന്റെ ക്രിയാത്മകമായ ഇടപെടലാണ് വേണ്ടത്.
ലഭ്യമായ ജലം നാം പാഴാക്കാതെ നോക്കേണ്ടതുണ്ട്. അതിനായി തീവ്രയത്‌ന പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഫലപ്രദമായ മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താം. നമ്മുടെ ഭൂ പ്രകൃതി മൂലം ഒഴുകിയൊലിച്ച് നഷ്ടപ്പെടുന്ന ജലം കൂടുതല്‍ ഇടങ്ങളില്‍ സംഭരിക്കപ്പെടുന്നതിന് നദികളില്‍ ചെറിയ തടയണ/അടിയണകള്‍ നിര്‍മിക്കാവുന്നതാണ്. നദികളിലെ കല്ലും മണലും ചെളിയും ഉപയോഗിച്ച് വേനല്‍ക്കാലത്ത് ഇവ നിര്‍മിക്കാനാവും. തന്മൂലം വേനല്‍ക്കാലത്ത് നദികളില്‍ വെള്ളമുണ്ടാകുമെന്ന് മാത്രമല്ല, സമീപ പ്രദേശത്തുള്ള കിണറുകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും വെള്ളം ലഭ്യമാകുകയും ചെയ്യും. പ്രാദേശിക ജലവിഭവ സമാഹരണം, നദികളിലും കൈവഴികളിലും തടയണ/അടിയണ നിര്‍മാണം, മഴവെള്ള സംഭരണം, ജല സ്രോതസ്സുകളുടെ ക്രിയാത്മക വിനിയോഗം തുടങ്ങി ജലവിഭവ സമാഹരണത്തില്‍ പല കാര്യങ്ങളും ഇനിയും ഇവിടെ ചെയ്യേണ്ടതുണ്ട്. ഇതിനെല്ലാം അനുസൃതമായ ചില മാതൃകകള്‍ വിവിധ ജില്ലകളില്‍ നിലവിലുണ്ട്. ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവത്കരിക്കാനും അവരെ പ്രവര്‍ത്തനോത്മുഖരാക്കുന്നതിലും പ്രാദേശിക ജല സമിതികള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. അതിനാല്‍ എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും പ്രാദേശിക വാര്‍ഡ് തല സമിതികള്‍ രൂപവല്‍കൃതമാവേണ്ടതുണ്ട്. ജല കാര്യത്തില്‍ സര്‍ക്കാറിന് കൈക്കൊള്ളാവുന്ന അടിയന്തര പ്രാധാന്യമുള്ള ഒരു കാര്യമാണിത്. ഇതിന്റെ തുടര്‍ച്ചയെന്നോണം ബ്ലോക്ക്, പഞ്ചായത്ത്, ജില്ലാ അടിസ്ഥാനത്തിലും മേഖലാ, സംസ്ഥാന തലങ്ങളിലും ജല സമിതികള്‍ രൂപവത്കൃതമാകണം.
മഴവെള്ളം പാഴാക്കാതെ ഭുമിയിലേക്ക് കിനിഞ്ഞിറങ്ങാന്‍ സാഹചര്യമൊരുക്കിയാല്‍ ഭൂഗര്‍ഭജല വിതാനം ഉയര്‍ത്താന്‍ കഴിയും. നാം നികത്തിയെടുത്ത കുളങ്ങളും മറ്റും പുനര്‍ നിര്‍മിക്കുകയാണ് ഇതിനുള്ള പോംവഴി. ചെരിവുള്ള പ്രദേശങ്ങളില്‍ വെള്ളത്തിന്റെ കുത്തൊലിപ്പ് തടയാനും ജലം മണ്ണിലേക്ക് കിനിഞ്ഞിറങ്ങാനും സഹായകമാകുന്ന രീതിയില്‍ ബണ്ട് നിര്‍മിക്കുകയും ബണ്ടിനു സമീപം ആഴത്തില്‍ കിടങ്ങുകള്‍ കുഴിക്കുകയും വേണം.
ഉചിതമായ മാര്‍ഗം കൈക്കൊള്ളുന്ന പക്ഷം കേരളത്തെ ജല ക്ഷാമത്തില്‍ നിന്നും മുക്തമാക്കാം. അതിനായി ജല നയത്തില്‍ പറയുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.
(1) മഴവെള്ളം സംഭരണികളില്‍ ശേഖരിക്കുക. (2) ഒഴുകിപ്പോകുന്ന വെള്ളം മണ്ണിലേക്കിറങ്ങാന്‍ കോണ്ടൂര്‍ കുഴികള്‍, ചെക്കു ഡാമുകള്‍ തുടങ്ങിയവ പണിയുക. (3) വന നശീകരണം തടയുകയും വൃഷ്ടി പ്രദേശത്ത് ജന്യവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യുക. (4) ജല സംഭരണികളിലെ ജലം കുടിവെള്ളത്തിനായി ലഭ്യമാക്കുക. (5) ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന കുളങ്ങള്‍, നീരുറവകള്‍ തുടങ്ങിയവ വികസിപ്പിച്ചു ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയുക്തമാക്കുക. (6) ഭൂഗര്‍ഭ ജലത്തിനു ദോഷം വരാത്തവിധം ഭൂഗര്‍ഭ ജലം പരമാവധി പ്രയോജനപ്പെടുത്തുക. (7) വരള്‍ച്ച പ്രദേശത്തും ജല ലഭ്യതക്കായി പ്രത്യേക പദ്ധതി ഉറപ്പാക്കുക. (8) കിണറുകള്‍ മൂടാന്‍ ആരേയും അനുവദിക്കാതിരിക്കുകയും അവ ആഴം കൂട്ടിയും മറ്റും സംരക്ഷിക്കുകയും ചെയ്യുക. (9) ജല സേചനത്തിനുള്ള ജലം കൂടുതല്‍ സ്ഥലത്ത് പ്രയോജനപ്പെടുത്താന്‍ ഡ്രിപ്പ് ഇറിഗേഷന്‍ പരിപാടി പ്രചരിപ്പിക്കുക. (10) ടാങ്കുകള്‍, കുളങ്ങള്‍ എന്നിവ നിര്‍മിച്ചും ചെക്ക് ഡാം കെട്ടിയും ജലം സംഭരിക്കുക. (11) കിണറുകളില്‍ ഹാന്‍ഡ് പമ്പ് സംരക്ഷിക്കുന്നതിനു പൊതു ജനങ്ങള്‍ക്ക് പരിശീലനം നല്‍കുക. (12) വെള്ളത്തിന്റെ ചോര്‍ച്ച ഫലപ്രദമായി തടയുക.
ലഭ്യമായ ജലം മലിനമാകാതെ സംരക്ഷിച്ചും ശുദ്ധ ജലത്തിന്റെ അമിതോപയോഗവും ദുര്‍വ്യയവും ഒഴിവാക്കിയും ഭൗമോപരിതലത്തിന്റെ ആര്‍ദ്രത നില നിര്‍ത്തുന്നതിനും മലിനീകരണം ഒഴിവാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചും, കുടിവെള്ള ക്ഷാമമെന്ന പ്രതിസന്ധിയെ വിവേക പൂര്‍വം നേരിടാവുന്നതാണ്.