Connect with us

Sports

കായിക ചരിത്രത്തിന് കേരളത്തനിമയുടെ വര്‍ണപ്പകിട്ട്

Published

|

Last Updated

തിരുവനന്തപുരം: കായിക കേരളത്തിന് പുതുചരിതം തീര്‍ത്ത് 35-മത് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞത് കേരളത്തനിമയുടെ വര്‍ണപ്പകിട്ടോടെ. കേരളത്തിന്റെ മെല്‍ബണായ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് കായിക പ്രേമികളെ ദൃശ്യാനുഭവത്തിന്റെ പുതിയതീരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയ മൂന്നര മണിക്കൂര്‍ കേരളത്തനിമ നിറഞ്ഞു നില്‍ക്കുന്നതായിരുന്നു. ഉദ്ഘാടനച്ചടങ്ങിനുശേഷം ഭാഗ്യചിഹ്നമായ അമ്മുവിനെ സ്റ്റേഡിയത്തിലേക്ക് ആനയിച്ചു. വേദിക്ക് ചുറ്റും സ്ഥാപിച്ചിരുന്ന കെട്ടുകാളകള്‍ മുതല്‍ എടുപ്പു കുതിരകള്‍ വരെ കേരളത്തിന്റെ ഗ്രാമങ്ങളെ അനുസ്മരിപ്പിച്ചു.
തുടര്‍ന്ന് നടന്‍ മോഹന്‍ ലാല്‍ അണിയിച്ചൊരുക്കിയ മൂന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട ലാലിസം ഇന്ത്യ സിംഗിംഗ് ചടങ്ങിന് കൊഴുപ്പേകി. മോഹന്‍ ലാലിന്റെ ജീവിതം കോര്‍ത്തിണക്കിയ ലാല്‍ ഇഫക്ടില്‍ കുഞ്ഞാലി മരയ്ക്കാര്‍ അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിപ്പിച്ച വാര്‍ ക്രൈയും കാണികള്‍ക്ക് ദൃശ്യവിസ്മയമായി. ഇതിനിടെ കാണികളെ വര്‍ണ വസന്തത്തിന്റെ മായിക ലോകത്തേക്ക് ആനയിച്ച വെടിക്കെട്ട് രൂപങ്ങളും അറങ്ങേറി.
തുടര്‍ന്ന് നൂറുകണക്കിന് കലാകാരന്‍മാരെ അണിനിരത്തി കേരളത്തനിമ വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍ അരങ്ങേറി. ഒരേസമയം അയ്യായിരത്തിലധികം കലാകാരന്മാര്‍ അണി നിരന്ന മേളപ്പെരുമയില്‍ പത്മശ്രീ മട്ടൂര്‍ ശങ്കരന്‍കുട്ടിയുടെ മേളപ്പെരുക്കം മുതല്‍ കരുണാമൂര്‍ത്തിയുടെ തകില്‍ വരെ അവതരിക്കപ്പെട്ടു. കഥകളി, തെയ്യം, തിറ, മോഹിനിയാട്ടം, ചെണ്ടമേളം, മിഴാവ്, പുലികളി, മാപ്പിളകലാ രൂപങ്ങള്‍ എിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. കേരളത്തിന്റെ ഉത്സവ നാളുകളെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു കലകളുടെ ദൃശ്യാവിഷ്‌കാരം. തിരുവിതാംകൂര്‍ മുതല്‍ മലബാര്‍ വരെ നീളുന്ന കേരളത്തിന്റെ നാടന്‍ കലകളുടെ മൊത്തം ഒരു ദൃശ്യാവിഷ്‌കാരമായിരുന്നു വേദിയില്‍ അരങ്ങേറിയത്.

പ്രൗഢഗംഭീരമായി മാര്‍ച്ച് പാസ്റ്റ്
തിരുവനന്തപുരം: ഇന്ത്യന്‍ കായിക ശക്തിയും കരുത്തും വിളിച്ചോതി ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റ്. ഒഴുകിയെത്തിയ പതിനായിരങ്ങളുടെ ആരവങ്ങള്‍ക്കിടയിലൂടെ ടീമുകള്‍ ഒന്നൊന്നായി ചുവട് വെച്ചപ്പോള്‍ ഇന്ത്യന്‍ കായിക കരുത്തിന്റെ പരിച്ഛേദമായി അത് മാറി.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരായ സര്‍വീസസ് ആയിരുന്നു ആദ്യം. കറുത്ത കോട്ടും സ്യൂട്ടും അണിഞ്ഞെത്തിയ സര്‍വീസസ് ടീമിനെ നിറഞ്ഞ കൈയടികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് രാമചന്ദ്രന്‍, സെക്രട്ടറി ജനറല്‍ രാജീവ് മേത്ത എന്നിവര്‍ അഭിവാദ്യം സ്വീകരിച്ചു. സര്‍വീസസിന് പിന്നാലെ അന്‍ഡമാന്‍ നിക്കോബാര്‍, അന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ചത്തീസ്ഗഢ്, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, ഞാര്‍ഖണ്ഡ്, ചണ്ഡീഗഢ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒറീസ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ അണിനിരന്നു. ഏറ്റവുമൊടുവിലായിരുന്നു 744 അംഗ കേരള ടീം. പ്രീജ ശ്രീധരന്‍ നയിച്ച കേരള ടീമിന്റെ ഊഴമെത്തിയതോടെ ഗ്യാലറിയില്‍ അടങ്ങാത്ത ആരവങ്ങളുയര്‍ന്നു. കേരള സാരിയായിരുന്നു വനിതാ ടീമിന്റെ വേഷം. തൂവെള്ള കസവ് മുണ്ടും ജുബ്ബയും അണിഞ്ഞാണ് പുരുഷ ടീം അണിനിരന്നത്. മാര്‍ച്ച് പാസ്റ്റില്‍ ടീം അംഗങ്ങളെ പൂര്‍ണമായി അണിനിരത്തിയതും കേരളം മാത്രമായിരുന്നു.

Latest