Connect with us

Editorial

രാഷ്ട്രപതി പറഞ്ഞത്

Published

|

Last Updated

റിപ്പബ്ലിക് ദിനാഘോഷവും രക്തസാക്ഷിദിനാചരണവും കടന്നുപോയ കഴിഞ്ഞ വാരത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി രാജ്യം അഭിമുഖീകരിക്കുന്ന ചില സുപ്രധാന പ്രശ്‌നങ്ങളിലേക്ക് രാഷ്ട്രത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. “ഓര്‍ഡിനന്‍സ് ഭരണ”ത്തിന്റെ അന്തഃസാരശൂന്യതയിലേക്ക് വിരല്‍ചൂണ്ടിയ അദ്ദേഹം, ഓര്‍ഡിനന്‍സിന് പകരംവെക്കാനുള്ള ബില്‍ നിയമമാക്കാന്‍ പാര്‍ലിമെന്റിന്റെ ഇരുസഭകളുടെയും സംയുക്തയോഗം വിളിക്കാനുള്ള നീക്കത്തിനെതിരേയും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോക്‌സഭയും രാജ്യസഭയും വിശദമായി ചര്‍ച്ച നടത്തിവേണം നിയമ നിര്‍മാണം നടത്താന്‍. ഓര്‍ഡിനന്‍സായി വിജ്ഞാപനം ചെയ്ത നിയമം പാര്‍ലിമെന്റിന്റെ ഇരു സഭകളില്‍ ഒന്ന് പാസാക്കുകയും, രണ്ടാമത് സഭ തള്ളിക്കളയുകയും ചെയ്യുമ്പോള്‍ നിയമ നിര്‍മാണപ്രക്രിയ തടസ്സപ്പെടുന്നു. ഒരു സഭ പാസാക്കിയ ബില്ലിന് രണ്ടാമത് സഭ പുതുതായി സുപ്രധാന ഭേദഗതികള്‍ വരുത്തിയാലും നിയമനിര്‍മാണം സാധ്യമാകില്ല. പാര്‍ലിമെന്റിന്റെ ഇരുസഭകളില്‍ ഏതെങ്കിലുമൊന്നില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലെങ്കിലും ബില്ല് പാസാക്കാനാകാത്ത സാഹചര്യമുണ്ടാകും. അതേസമയം, ഇത്തരം സാഹചര്യത്തില്‍ സമവായത്തിലൂടെ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാറിനാകും. എന്നാല്‍ രാഷ്ട്രീയ അഭിപ്രായ ഭിന്നത കാരണം ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തിന് സന്നദ്ധമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന് ഇരുസഭകളുടേയും സംയുക്ത സമ്മേളനം വിളിച്ച് “സ്റ്റിം റോളര്‍” ഭരണം തുടരാനാകും. പക്ഷേ ഇത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ല, മറിച്ച് വികലമാക്കുകയാണ് ചെയ്യുന്നതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1952 മുതല്‍ നാളിതുവരെ നാല് തവണ മാത്രമാണ് നിയമനിര്‍മാണത്തിനായി പാര്‍ലിമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത യോഗം വിളിക്കേണ്ടി വന്നത്. ഇത്തരമൊരു പ്രതിസന്ധിയിലാണ് ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍. പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാജ്യസഭ ഒരു ദിവസംപോലും പ്രവര്‍ത്തിച്ചിട്ടില്ല. ഈ നില തുടര്‍ന്നാല്‍, കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചുവെന്ന് നാം ഊറ്റംകൊള്ളുന്ന ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാകും ചെയ്യുന്നത്.
ഇതിന് പുറമെ, പാര്‍ലിമെന്റ് അടക്കം ജനപ്രതിനിധിസഭകള്‍ പരമാവധി ദിവസം സമ്മേളിക്കുകയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും വേണമെന്ന് രാഷ്ട്രപതി നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ലിമെന്റ് അടക്കമുള്ള ജനപ്രതിനിധിസഭകളില്‍ പലതിലും നടക്കുന്ന കാര്യങ്ങള്‍ ജനാധിപത്യത്തിന് കളങ്കം ചാര്‍ത്തുന്നതാണ്. സഭ സ്തംഭിപ്പിക്കുന്നതിലല്ല, പരമാവധി ദിവസം പ്രവര്‍ത്തിപ്പിക്കുന്നതിലാണ് ഭരണപക്ഷവും പ്രതിപക്ഷവും മത്സരിക്കേണ്ടത്. ആദ്യ ലോക്‌സഭ അഞ്ചുവര്‍ഷ കാലാവധിക്കിടയില്‍ 677 ദിവസം സമ്മേളിച്ചപ്പോള്‍ തുടര്‍ന്ന് വന്ന ലോക്‌സഭകളുടെ സമ്മേളന ദിനങ്ങള്‍ കുറഞ്ഞ് വരികയാണെന്ന് കാണാന്‍ സാധിക്കും. മൂന്നാം ലോക്‌സഭ 578 ദിവസം സമ്മേളിച്ചുവെങ്കില്‍, 13-ാം ലോക്‌സഭ സമ്മേളിച്ചത് 356 ദിവസം മാത്രമാണ്. 14-ാം ലോക്‌സഭ സമ്മേളിച്ചത് 332 ദിവസവും. ഈ വസ്തുതകള്‍ നമ്മുടെ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ മൂല്യശോഷണത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ജനങ്ങളുടെ വികാരവും അഭിലാഷങ്ങളും ഉത്കണ്ഠയും ഒന്നും വേണ്ടവിധം പ്രതിഫലിപ്പിക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ലെന്ന് വേണം അനുമാനിക്കാന്‍. രാഷ്ട്രീയ അഭിപ്രായഭിന്നതകള്‍ വെച്ച് പുലര്‍ത്തുന്നതിനൊപ്പം തങ്ങളെ തിരഞ്ഞെടുത്തയച്ച ജനങ്ങളോടുള്ള പ്രതിബദ്ധത പുലര്‍ത്താനും ജനപ്രതിനിധികള്‍ക്ക് കഴിയണം.
സുസ്ഥിരമായ, ഭദ്രമായ, ജനോപകാരപ്രദമായ ഭരണത്തിനായി നാലുപതിറ്റാണ്ടിലേറെ കാലം ഒറ്റ കക്ഷിക്ക് മഹാഭൂരിപക്ഷം നല്‍കിയവരാണ് ഇന്ത്യയിലെ സമ്മതിദായകര്‍. സംശുദ്ധവും കാര്യപ്രാപ്തിയുള്ളതും സുതാര്യവും പ്രതിബദ്ധതയുള്ളതും പ്രജാ സൗഹൃദവുമായ ഭരണമാണ് സമ്മതിദായകര്‍ പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ അര്‍പ്പിച്ച ആ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ട്. അത് പാലിക്കുന്നതില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ അവരിലുള്ള ജനവിശ്വാസം ചോര്‍ന്നു പോകുന്നു. തൂക്ക് സഭകളും മറ്റും ഇതിന്റെ പ്രതിഫലനമാണ്.
റിപ്പബഌക്ക് ദിനത്തിന് തലേദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഊന്നിപ്പറഞ്ഞത,് ഏത് തരത്തിലുള്ള അതിക്രമങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് ഓരോ ഇന്ത്യന്‍ പൗരനും പ്രതിജ്ഞയെടുക്കണമെന്നാണ്. മത സൗഹാര്‍ദം, സഹിഷ്ണുത, ബഹുസ്വരത എന്നിവ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുണ്ട്. നാനാത്വത്തിലെ ഏകത്വമെന്ന ഇന്ത്യന്‍ പെരുമയും മറ്റൊന്നല്ല.

Latest