Connect with us

National

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം: രാമ മഹോത്സവവുമായി വി എച്ച് പി

Published

|

Last Updated

ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രശ്‌നം സജീവമായി നിലിനിര്‍ത്താന്‍ വി എച്ച് പി (വിശ്വ ഹിന്ദു പരിഷത്ത്) അണിയറയില്‍ നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇത്തവണത്തെ ദുര്‍ഗ പൂജ രാജ്യത്താകെ രാമ മഹോത്സവമായി കൊണ്ടാടും. മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ ഒന്ന് വരെ നീളുന്ന മഹോത്സവത്തില്‍ രാമക്ഷേത്രത്തിന്റെ ആവശ്യകതയാകും പ്രധാനമായും പ്രചരിപ്പിക്കുക. ഇത്തരമൊരു പരിപാടിക്ക് ഇതാദ്യമായാണ് വി എച്ച് പി മുതിരുന്നത്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കുന്ന ആത്മവിശ്വാസവും പിന്തുണയുമാണ് ഈ നീക്കത്തിന്റെ അടിസ്ഥാനമെന്ന് വിലയിരുത്തപ്പെടുന്നു.
രാമ മഹോത്സവം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നടക്കുമെന്ന് പി എച്ച് പി മാധ്യമവിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ശരദ് ശര്‍മ പറഞ്ഞു. രാമ ജന്‍മഭൂമി പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഗ്രാമങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും പട്ടണങ്ങളില്‍ പ്രധാന ഭാഗങ്ങളിലുമായിരിക്കും പരിപാടികള്‍ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ആഘോഷത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും രാമന്റെ രണ്ടരയടി ഉയരമുള്ള പ്രതിമ സ്ഥാപിക്കും. പത്ത് ദിവസം ഈ പ്രതിമയെ പൂജിക്കും. ഇവ സ്ഥിരപ്പെടുത്തിയേക്കാം. അല്ലെങ്കില്‍ നശിപ്പിച്ചേക്കാം. രാമക്ഷേത്ര നിര്‍മാണത്തില്‍ ഹിന്ദുക്കളാകെ ഇപ്പോള്‍ തന്നെ പ്രതിജ്ഞാബദ്ധരാണ്. ഈ പ്രതിജ്ഞ പുതുക്കുകയാണ് മഹോത്സവത്തിന്റെ ലക്ഷ്യം. രണ്ട് ലക്ഷം ഗ്രാമങ്ങളില്‍ ഉത്സവം സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും ഒരു ഗ്രാമത്തേയും ഒഴിവാക്കില്ല- ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതിന് പുറമേ 600 ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും വി എച്ച് പി ഉദ്ദേശിക്കുന്നുണ്ട്.
മാര്‍ച്ചിന് മുമ്പ് ഈ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും. ഇത്തരത്തിലുള്ള ആദ്യ സമ്മേളനം ഫെബ്രുവരി ആറിന് അയോധ്യയില്‍ നടക്കും. അടുത്തത് പ്രയാഗിലായിരിക്കും. ഫെബ്രുവരി എട്ടിന് വരാണസിയിലും ഹിന്ദു സമ്മേളനം അരങ്ങേറുമെന്ന് ശര്‍മ പറഞ്ഞു. ഈ സമ്മേളനങ്ങളില്‍ വി എച്ച് പി നേതാക്കളായ അശോക് സിംഘാള്‍, പ്രവീണ്‍ തൊഗാഡിയ, ബി ജെ പി. എം പി യോഗി ആദിത്യനാഥ് തുടങ്ങിയ തീപ്പൊരി നേതാക്കള്‍ പങ്കെടുക്കും. ഘര്‍ വാപസിയുടെയും മറ്റ് വിദ്വേഷ പ്രചാരണങ്ങളുടെയും പശ്ചാത്തലത്തിലേക്ക് രാമജന്‍മ ഭൂമി പ്രചാരണം കൂടി കടന്ന് വരുന്നതെന്നത് ശ്രദ്ധേയമാണ്.

---- facebook comment plugin here -----

Latest