Connect with us

Articles

എണ്ണയെന്ന ആയുധവും വറ്റുകയാണോ?

Published

|

Last Updated

വിപണിയിലെ മാറ്റങ്ങള്‍ക്ക് വസ്തുനിഷ്ഠമായ കാരണങ്ങള്‍ വേണമെന്നില്ല. തികച്ചും ആത്മനിഷ്ഠമായ ധാരണകളും പ്രതീക്ഷകളും ആശങ്കകളും അവിടെ പ്രതിഫലിക്കും. പലപ്പോഴും വിപണി ആടിയുലയുന്നത് ഇത്തരം തോന്നലുകളുടെ പുറത്താകും. ഓഹരി വിപണിയുടെ സ്വഭാവം തന്നെ അതാണ്. ആഗോളവത്കരണത്തത്തിന്റെയും നവ സാമ്പത്തിക നയങ്ങളുടെയും കാലത്ത് വസ്തുക്കളുടെയും സേവനങ്ങളുടെയും കമ്പോളത്തിലും തോന്നലുകള്‍ അരങ്ങ് വാഴുന്നു. എണ്ണ വിപണിയില്‍ ഇക്കഴിഞ്ഞ ദിവസം സംഭവിച്ചത് ഇതിന് ഉത്തമ ഉദാഹരണമാണ്. സഊദിയില്‍ അബ്ദുല്ല രാജാവ് അന്തരിക്കുകയും അവിടെ സല്‍മാന്‍ രാജകുമാരന്‍ ചുമതലയേല്‍ക്കുകയും ചെയ്തതോടെ ക്രൂഡ് വിലയില്‍ വര്‍ധനവുണ്ടായി. നിരവധി ആഴ്ചകളായി ക്രൂഡ് വില താഴ്ന്നുകൊണ്ടേയിരിക്കുകയായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകത്താകെ വലിയ ചര്‍ച്ചകളും വിശകലനങ്ങളും നടന്നു കൊണ്ടിരിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ അബ്ദുല്ല രാജാവിന്റെ വിയോഗം ക്രൂഡ് വില അല്‍പ്പം വര്‍ധിക്കുന്നതിന് ഇടവരുത്തി. ക്രൂഡ് ഉത്പാദനത്തില്‍ കുറവുണ്ടായോ? ഇല്ല. എണ്ണ ഉപഭോഗത്തില്‍ കുതിപ്പുണ്ടായോ? അതുമില്ല. പിന്നെന്താണ് ഉണ്ടായത്? സല്‍മാന്‍ രാജകുമാരന്‍ ചുമതലയേല്‍ക്കുന്നതോടെ സഊദിയുടെ ഇപ്പോഴത്തെ പെട്രോളിയം നയത്തില്‍ മാറ്റം വരുമെന്നും എണ്ണ ഉത്പാദനം കുറച്ച് വില പിടിച്ചുനിര്‍ത്തുന്ന നിലയിലേക്ക് സഊദി മാറുമെന്നും വിപണിയില്‍ ഒരു അഭ്യൂഹം പരക്കുകയാണ് ചെയ്തത്. സല്‍മാന്‍ രാജകുമാരന്‍ പക്ഷേ, അസന്ദിഗ്ധമായി പ്രഖ്യാപിച്ചു: തത്കാലം നയത്തില്‍ ഒരു മാറ്റവുമില്ലെന്ന്. എന്നിട്ടും വിപണിയിലെ തോന്നല്‍ തുടരുകയാണ്.
ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ക്രൂഡ് വിപണിയിലെ ഏത് ചലനത്തിലും സഊദിയുടെ പങ്ക് നിര്‍ണായകമാണ്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ക്രൂഡ് വില കൂപ്പുകുത്തുകയും ഈ വിലയിടിവ് ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് പ്രവചിക്കപ്പെടുകയും ചെയ്യുന്നു. രാജ്യങ്ങളായ രാജ്യങ്ങളെല്ലാം ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തികനയം തന്നെ രൂപപ്പെടുത്താനുള്ള തിരക്കിലുമാണ്. സാധാരണഗതിയില്‍ വില കുറയുകയോ എണ്ണ ഉത്പാദനം കൂടുകയോ ചെയ്താല്‍ തങ്ങളുടെ ഉത്പാദനം വെട്ടിക്കുറച്ച് സന്തുലിതാവസ്ഥ കൊണ്ടുവന്നിരുന്നത് സഊദി അറേബ്യ ആയിരുന്നു. സ്വിംഗ് പ്രൊഡ്യൂസര്‍ എന്നാണ് ഈ ദൗത്യത്തെ സാങ്കേതികമായി വിളിക്കുക. അത് നേതൃത്വപരമായ ഒരു സമീപനമാണ്. ഒപെക് രാജ്യങ്ങളുടെ താത്പര്യത്തിനായി സഊദി എടുക്കുന്ന ത്യാഗമെന്ന് വേണമെങ്കില്‍ പറയാം. ഈ സമീപനമെടുക്കാന്‍ സഊദിക്ക് സാധിക്കുന്നത് അതിന് സാമ്പത്തിക ഭദ്രത ഉള്ളത് കൊണ്ടാണ്. സമ്പന്നമായ വിദേശനാണ്യ ശേഖരത്തിന്റെ പിന്‍ബലത്തിലാണ് സഊദി ഉത്പാദനം കുറയ്ക്കല്‍ സമീപനം കൈക്കൊള്ളുന്നതെന്നര്‍ഥം. ഇത്തവണത്തെ വിലയിടിവ് തങ്ങളെയും മറ്റ് എണ്ണ ഉത്പാദന രാജ്യങ്ങളെയും ഒന്നടങ്കം ബാധിക്കുമ്പോഴും എന്തുകൊണ്ട് സഊദി സ്വിംഗ് പ്രൊഡ്യൂസര്‍ വേഷമണിഞ്ഞില്ല? ഇത്തവണത്തെ വിലയിടിവിന്റെ യഥാര്‍ഥ കാരണങ്ങള്‍ തന്നെയാണ് ഇതിന് ഉത്തരം.
വിഷയം സാമ്പത്തികമല്ല. തികഞ്ഞ രാഷ്ട്രീയമാണ്. ഉക്രൈനില്‍ റഷ്യ നടത്തിയ ഇടപെടലുകള്‍ പുതിയ ശീത സമരത്തിന് വഴി തുറന്നിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉക്രൈന് പിന്നില്‍ അണിനിരന്നു. റഷ്യന്‍ അനുകൂല പ്രസിഡന്റിനെ താഴെയിറക്കി, പാശ്ചാത്യ അനുകൂല സര്‍ക്കാറിനെ വാഴിച്ചു. കിഴക്കന്‍ ഉക്രൈനിലെ ക്രിമിയയെ അടര്‍ത്തിക്കൊണ്ടാണ് റഷ്യ തിരിച്ചടിച്ചത്. ഇന്നും കിഴക്കന്‍ ഉക്രൈനില്‍ സംഘര്‍ഷത്തിന്റെ തീയണഞ്ഞിട്ടില്ല. നൂറ് കണക്കിനാളുകള്‍ മരിച്ചുവീണു. മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടത് ഈ സംഘര്‍ഷത്തിന്റെ ഭാഗമായായിരുന്നു. ഉക്രൈനെ നെടുകെ പിളര്‍ക്കുമെന്ന ദൃഢ നിശ്ചയത്തിലാണ് റഷ്യ. വഌദിമീര്‍ പുടിനെ ലോക വേദികളില്‍ നിരന്തരം അപമാനിച്ചും പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചും മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാന്‍ അമേരിക്കന്‍ ചേരി നിരന്തരം ശ്രമിച്ച് വരികയാണ്. എന്നാല്‍ റഷ്യക്കെതിരെ ഉപരോധം വേണ്ടവിധത്തില്‍ ഏശുന്നില്ല. ഇന്ത്യ, ഉത്തര കൊറിയ, ഇറാന്‍, പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുമായി തങ്ങള്‍ക്കുള്ള പരമ്പരാഗത ബന്ധത്തിന്റെ ചിറകിലേറി റഷ്യ അതിന്റെ പ്രയാണം തുടരുക തന്നെയാണ്. ഉപരോധത്തിന്റെ മുനയൊടിയുന്നത് അമേരിക്ക എങ്ങനെ സഹിക്കും? ഉപരോധം എന്ന മാടമ്പിത്തരത്തിന്റെ ബലത്തിലാണ് സാമ്രാജ്യത്വത്തിന്റെ നിലനില്‍പ്പ് തന്നെ. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇതേ പ്രതിസന്ധി അമേരിക്ക അനുഭവിക്കുന്നു. മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇടതുപക്ഷ സര്‍ക്കാറുകളാണ് ഉള്ളത്. ഇവയെല്ലാം അമേരിക്കന്‍വിരുദ്ധ ചേരിയിലുമാണ്. ഹ്യൂഗോ ഷാവേസ് മരിച്ചിട്ടും വെനിസ്വേല ഈ ചേരിക്ക് നേതൃത്വം വഹിക്കുന്നു. നിക്കോളാസ് മദുറോ ഭരണം തുടങ്ങിയാല്‍ വെനിസ്വേല അസ്ഥിരമാകുന്നത് കാണാം എന്നായിരുന്നു അമേരിക്കന്‍ വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. മദുറോക്ക് കരിഷ്മയുടെ കുറവ് ഉണ്ടായിരിക്കാം. പക്ഷേ അത് അതിജീവിക്കുന്നുണ്ട്. ഇനി ഇറാന്റെ കാര്യം. നജാദ് പോയാല്‍ ഇറാന്റെ പല്ല് കൊഴിയുമെന്നായിരുന്നു പ്രചാരണം. ഹസന്‍ റൂഹാനി മുട്ടിലിഴയുമെന്നും പ്രവചിക്കപ്പെട്ടു. സമവായത്തിന്റെ സാധ്യത തേടുന്നതിന് റൂഹാനി സന്നദ്ധനായെന്ന് മാത്രം. ആണവ അവകാശങ്ങള്‍ പൂര്‍ണമായി അടിയറവെക്കാനാകില്ലെന്ന നിലപാടില്‍ തന്നെയാണ് ഇറാന്‍. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ജനീവയിലും സൂറിച്ചിലും മറ്റും നിരന്തരം ചര്‍ച്ച നടക്കുകയും പരാജയപ്പെടുകയും ചെയ്യുന്നത്.
ഈ രാജ്യങ്ങളുടെയെല്ലാം നട്ടെല്ല് ഇന്ധന വിപണനമാണെന്ന് അമേരിക്കക്ക് അറിയാം. അത് തകര്‍ത്താലേ രക്ഷയുള്ളൂ. ബദല്‍ ഇന്ധനം കമ്പോളത്തിലേക്ക് കടത്തിവിടുകയാണ് ഇതിനായി അമേരിക്ക ചെയ്തത്. ഷെയ്ല്‍ വാതക അധിഷ്ഠിത ഇന്ധന ഉത്പാദനം കുത്തനെ കൂട്ടി. 2008 മുതല്‍ വന്‍ തോതില്‍ ഉത്പാദിപ്പിക്കപ്പെട്ട് തുടങ്ങിയ ഷെയ്ല്‍ ഇന്ധനം ഇന്ന് ദിനേന അഞ്ച് ലക്ഷം ബാരല്‍ എന്ന തോതില്‍ കമ്പോളത്തില്‍ വരുന്നു. പല യൂറോപ്യന്‍ രാജ്യങ്ങളും ഈ ഇന്ധനം ഇറക്കുമതി ചെയ്ത് തുടങ്ങിയിരിക്കുന്നു. പാറയിടുക്കില്‍ പ്രത്യേക രീതിയില്‍ അടിഞ്ഞു കൂടിയിട്ടുള്ള വാതകത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഈ ഇന്ധനത്തിന്റെ ഉത്പാദനച്ചെലവ് വളരെയേറെയാണ്. ഹൈഡ്രോളിക് ഫ്രോക്കിംഗ് എന്ന സങ്കേതമാണ് ഇതിന് ഉപയോഗിക്കുന്നത്. കാനഡ, മെക്‌സിക്കോ, ചൈന, അള്‍ജീരിയ, ബ്രിട്ടന്‍, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഷെയ്ല്‍ നിക്ഷേപം ഉണ്ട്. പക്ഷേ, ഉത്പാദനച്ചെലവ് താങ്ങാനാകാത്തതിനാലും ജലദൗര്‍ലഭ്യം മൂലം ഇവരാരും അതിന്റെ പിറകേ വ്യാവസായിക അടിസ്ഥാനത്തില്‍ പോകുന്നില്ല.
അമേരിക്കക്ക് രാഷ്ട്രീയം തലക്ക് പിടിച്ചതിനാല്‍ അവര്‍ ഷെയ്ല്‍ പാറകള്‍ തുരന്ന് കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് എന്തിലും വലുത് മേല്‍ക്കോയ്മയാണല്ലോ. ഈ ഷെയ്ല്‍ ആക്രമണത്തെ തടയാന്‍ ഒറ്റ വഴിയേ ഒപെക് രാഷ്ട്രങ്ങള്‍ക്ക് മുന്നിലുള്ളൂ. വില കുറയ്ക്കുക തന്നെ. ഒരു ബാരല്‍ ഷെയ്ല്‍ ഇന്ധനം ഉത്പാദിപ്പിക്കാന്‍ 100 ഡോളറെങ്കിലും വരും. വില 40- 50തില്‍ നിന്നാല്‍ ഷെയ്ല്‍ ഉത്പാദനം നഷ്ടക്കച്ചവടമാകും. സാമ്പത്തികമായി നോക്കുമ്പോള്‍ ഷെയ്ല്‍ ഏര്‍പ്പാട് അമേരിക്കയെ തളര്‍ത്തേണ്ടതാണ്. എന്നാല്‍ നഷ്ടം സഹിച്ചും അവര്‍ ഷെയ്ല്‍ ഉത്പാദനം തുടരുകയാണ്. സഊദിയെപ്പോലുള്ള രാജ്യങ്ങള്‍ ഈ രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാരം ഏല്‍ക്കാന്‍ തയ്യാറാകുന്നില്ല. തങ്ങളെന്തിന് ഉത്പാദനം കുറച്ച് വിപണി നഷ്ടപ്പെടുത്തുന്നുവെന്ന് അവര്‍ ചിന്തിക്കുന്നു. 1980 കളില്‍ എണ്ണ വില ബാരലിന് 22 ഡോളര്‍ വരെ താഴ്ന്നപ്പോള്‍ സഊദി ഉത്പാദനം കുത്തനെ വെട്ടിക്കുറയ്ക്കുകയായിരുന്നു. അത് അവരുടെ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിച്ചു. ആ അനുഭവവും ഇപ്പോള്‍ സ്വിംഗ് പ്രൊഡ്യൂസറാകുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നുണ്ടാകാം.
ഇസില്‍ തീവ്രവാദികളും ലിബിയയിലെ മിലീഷ്യകളും ദക്ഷിണ ഉത്തര സുഡാനുകളിലെ തീവ്രവാദികളും നിരവധി എണ്ണപ്പാടങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. അവര്‍ക്ക് വിലയൊരു പ്രശ്‌നമേയല്ല. ആയുധങ്ങള്‍ക്കും മറ്റ് യുദ്ധ സാമഗ്രികള്‍ക്കും പകരമായി അവര്‍ എണ്ണ നല്‍കുന്നു. ചൈനയാണ് ഇത്തരത്തില്‍ എണ്ണ കൈക്കലാക്കുന്നതില്‍ മുന്‍ പന്തിയില്‍. ലിബിയയില്‍ അന്‍പത് ശതമാനം എണ്ണ ക്കിണറുകളും സര്‍ക്കാറിന്റെ നിയന്ത്രണത്തിന് പുറത്താണ്. ഈ സമാന്തര വ്യാപാരത്തിന്റെ സ്വാധീനം എണ്ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. രണ്ട് തരത്തിലാണ് അത്. ഒപെക് രാജ്യങ്ങള്‍ക്കോ വന്‍ ശക്തികള്‍ക്കോ നിയന്ത്രിക്കാനാകാത്ത എണ്ണ വിപണി രൂപപ്പെടുന്നുവെന്നതാണ് ഒരു പ്രശ്‌നം. മറ്റൊന്ന് സമാന്തര വിപണനത്തെ തകര്‍ക്കാന്‍ എണ്ണ വില കുറഞ്ഞ് നില്‍ക്കണമെന്ന് പരമ്പരാഗത വില്‍പ്പനക്കാര്‍ തീരുമാനിക്കുന്നുവെന്നതാണ്.
ഇതിന്റെയെല്ലാം ഫലമായാണ് എണ്ണ വില കുത്തനെ ഇടിഞ്ഞത്. നേരിയ പുരോഗതി വിലയില്‍ ഉണ്ടായാലും ബാരലിന് 80-100 ഡോളര്‍ എന്ന പഴയ നിലയിലേക്ക് അത്ര പെട്ടെന്നൊന്നും ഉയര്‍ന്നു കൊള്ളണമെന്നില്ല. അത് നല്ല കാര്യമല്ലേയെന്നാണ് ഇന്ത്യയെപ്പോലെ എണ്‍പത് ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ ചോദിക്കുന്നത്. പക്ഷേ, അതിന്റെ മറുവശം സാധാരണ ജനങ്ങള്‍ കാണുന്നില്ല. ഈ സ്ഥിതി വിശേഷം തുടര്‍ന്നാല്‍ പരമ്പരാഗത എണ്ണ ഉത്പാദകരായ ഗള്‍ഫ് രാജ്യങ്ങള്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങും. അവരുടെ ഉത്പന്നത്തിന് വില കുറയുന്നതോടെ അവിടെ നിര്‍മാണ മേഖലയിലും വ്യാപാര മേഖലയിലും പണമിറങ്ങുന്നത് കുറയും. ഇത് തൊഴില്‍ മേഖലയില്‍ വന്‍ മരവിപ്പ് ഉണ്ടാക്കും. ഇതിന്റെ ആദ്യത്തെ ഇരകളാകുക മലയാളികളായ പ്രവാസികളായിരിക്കും. ഇപ്പോള്‍ തന്നെ എണ്ണ വിലയിടിവിന്റെ നേരിയ ആശങ്ക അവിടെ പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശ നാണ്യത്തിന്റെ വന്‍ നീക്കിയിരിപ്പ് ഉള്ളത് കൊണ്ട് ഉടനടി പ്രശ്‌നങ്ങളൊന്നും രൂപപ്പെടില്ലായിരിക്കാം. എന്നാല്‍ ഇറാന്‍, വെനിസ്വേല തുടങ്ങിയ എണ്ണ ഉത്പാദക രാഷ്ട്രങ്ങളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കും. റഷ്യയില്‍ ഇപ്പോള്‍ തന്നെ സാമ്പത്തിക ചുരുക്കം തുടങ്ങിയിട്ടുണ്ട്. നമ്മുടെ കയറ്റുമതി ലക്ഷ്യങ്ങളാണ് ഈ രാജ്യങ്ങളെല്ലാം എന്നോര്‍ക്കണം. ഇറക്കുമതിയില്‍ നേടിയത് കയറ്റുമതി നഷ്ടത്തില്‍ ഇല്ലാതാകുമെന്നര്‍ഥം.
ഇത്തവണത്തെ എണ്ണ വിലിയിടിവിന്റെ ഏറ്റവും വലിയ സവിശേഷത അത് ഒട്ടും സ്വാഭാവികമല്ലെന്നതാണ്. ഉത്പാദനം വര്‍ധിച്ചത് കൊണ്ടോ ഉപഭോഗം കുറഞ്ഞത് കൊണ്ടോ മാത്രമല്ല അത്. (ചൈനയും യൂറോപ്യന്‍ രാജ്യങ്ങളും കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിക്കൂട്ടുന്നുവെന്നതാണ് സത്യം). രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെ എണ്ണ വിപണിയില്‍ ഇടപെട്ടതിന്റെ അനന്തരഫലമാണ് അത്. പെട്രോ രാഷ്ട്രീയത്തിന്റെ അപകടകരമായ ആവിഷ്‌കാരം. ഇവിടെ പരമ്പരാഗത എണ്ണ ഉത്പാദക രാഷ്ട്രങ്ങള്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയാണ്. സാമ്രാജ്യത്വത്തെ പരിമിതമായെങ്കിലും സമ്മര്‍ദത്തിലാക്കാവുന്ന ആയുധമായിരുന്നു എണ്ണ വിപണി. ബദല്‍ ചേരി രൂപപ്പെടുന്നതിന് ഒപെക് പരോക്ഷ നേതൃത്വം നല്‍കി വരുന്നുണ്ടായിരുന്നു. ഈ സാധ്യത അസ്തമിക്കുന്നുവെന്ന ആശങ്കയാണ് പുതിയ ചലനങ്ങളില്‍ നിന്നുണ്ടാകുന്നത്. ഒരു വശത്ത് എണ്ണ വിലക്കുറവിന്റെ ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാതെ നോക്കുന്ന എണ്ണക്കമ്പനികളും സര്‍ക്കാറുകളും. മറുവശത്ത് മറ്റുള്ളവരെ പാഠം പഠിപ്പിക്കാനുള്ള മാരകായുധമാക്കി എണ്ണ വിപണിയെ മാറ്റുന്ന സാമ്രാജ്യത്വം. ഇതിനിടക്ക് നില്‍ക്കുമ്പോഴാണ് ഇപ്പോഴത്തെ വിലയിടിവ് പഞ്ചസാര പൊതിഞ്ഞ കാഞ്ഞിരമാകുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest