Connect with us

Gulf

പോളിയോ വാക്‌സിനേഷന്‍ ; യു എ ഇയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബില്‍ഗേറ്റ്‌സിന്റെ പിന്തുണ

Published

|

Last Updated

അബുദാബി: പോളിയോ വാക്‌സിനേഷന്‍ രംഗത്ത് യു എ ഇ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും മൈക്രോ സോഫ്റ്റ് സ്ഥാപകനുമായ ബില്‍ഗേറ്റ്‌സിന്റെ പിന്തുണ. പാക്കിസ്ഥാനിലെ വടക്കന്‍ മേഖലയായ വസീറിസ്ഥാനിലാണ് യു എ ഇ പോളിയോ നിര്‍മാര്‍ജന വിഭാഗം പോളിയോ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

2030 പൂര്‍ത്തിയാകുന്നതോടെ ലോകത്ത് നിന്നും പൂര്‍ണമായും പോളിയോ രോഗം അവസാനിപ്പിക്കും. തന്റെ പ്രവര്‍ത്തികള്‍ക്ക് യു എ ഇ നടത്തുന്ന സഹകരണത്തിന് നന്ദിയുണ്ടെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ ബില്‍ഗേറ്റ്‌സ് പിന്തുണ അറിയിച്ചത്.
ആഫ്രിക്കയിലെ പോളിയോ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടു കഴിഞ്ഞു. അടുത്ത വര്‍ഷം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യുവാന്‍ കഴിയും. പാക്കിസ്ഥാനില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കും എത്തിച്ചേരുവാന്‍ കഴിയാത്ത നിരവധി സ്ഥലങ്ങളുണ്ട്. ബില്‍ഗേറ്റ്‌സിന്റെ ഫണ്ടിലേക്ക് കഴിഞ്ഞ വര്‍ഷം 146 ബില്യണ്‍ ദിര്‍ഹം യു എ ഇ സംഭാവന ചെയ്തു. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 440 മില്യണ്‍ സംഭാവന ചെയ്തു. കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് യു എ ഇയിലെ വിവിധ സാമൂഹിക പ്രവര്‍ത്തന സംഘടനകള്‍ 9.14 മില്യണ്‍ ദിര്‍ഹമാണ് സംഭാവന നല്‍കിയത്.
യു എ ഇയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനിലെ വടക്കന്‍ മേഖലയിലെ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പോളിയോ കുത്തിവെപ്പ് നടത്തിക്കഴിഞ്ഞു. യു എ ഇയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യു എ ഇയിലെ പാക്കിസ്ഥാന്‍ സ്ഥാനപതി നന്ദി അറിയിച്ചു.
പാക്കിസ്ഥാനിലെ ലക്ഷക്കണക്കിന് കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടി യു എ ഇ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാവുന്നതിനപ്പുറമാണ്. യു എ ഇയുടെ കൃത്യസമയത്തുള്ള ഇടപെടല്‍ വടക്കന്‍ പാക്കിസ്ഥാനിലെ ലക്ഷക്കണക്കിന് കുട്ടികളുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞു. പാക്കിസ്ഥാന്‍ സ്ഥാനപതി പറഞ്ഞു.
യു എ ഇ ഒരു മുസ്‌ലിം സൗഹൃദ രാജ്യമായതിനാല്‍ വസീറിസ്ഥാനിലെ ആദിവാസി മേഖലകളില്‍ പോളിയോ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. പോളിയോ പ്രവര്‍ത്തനങ്ങല്‍ക്ക് ജനങ്ങളുടെ പിന്തുണയാര്‍ജിക്കുവാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. അത് കൊണ്ട് യു എ ഇ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയവും നന്ദിയര്‍ഹിക്കുന്നതുമാണെന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രിയുടെ ഉപദേശക എം എസ് ആഇശ റാസ ഫാറൂഖ് വ്യക്തമാക്കി.
നാലു മാസത്തെ പ്രവര്‍ത്തന ഫലമായി പത്തുണ്‍ കോ പ്രവിശ്യയില്‍ മാത്രം 34,47,706 കുട്ടികള്‍ പോളിയോ എടുത്തു. പാക്കിസ്ഥാന്റെ 25 ആദിവാസി ഏരിയകളിലായി 1,02,35,995 കുട്ടികളാണ് പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചത്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി