Connect with us

Kerala

ഫോണ്‍ സംഭാഷണം ഗൂഡാലോചനയുടെ തെളിവ്-കേരള കോണ്‍.എം

Published

|

Last Updated

കോട്ടയം: ധനമന്ത്രി കെ എം മാണിയെ വ്യാജ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നു എന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആരോപണം ശരിവെക്കുന്നതാണ് ബാര്‍ ഉടമ ബിജു രമേശ് വാര്‍ത്താ ചാനലുകള്‍ക്ക് നല്‍കിയ ഫോണ്‍ സംഭാഷണ ശബ്ദരേഖയെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി. യു ഡി എഫിലെ പ്രധാന ഘടകകക്ഷിക്കെതിരെ മദ്യലോബി നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായ കേരളാ കോണ്‍ഗ്രസ് (ബി)യെ യു ഡി എഫില്‍ നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. ഘടകക്ഷികള്‍ക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതില്‍ ഹരം കൊള്ളുന്ന പിള്ള ഗ്രൂപ്പിന് യു ഡി എഫില്‍ തുടരാന്‍ അവകാശമില്ല. ഗൂഢാലോചനയെകുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ കേരള കോണ്‍ഗ്രസ് ഉപസമിതി അന്വേഷണം പൂര്‍ത്തിയാക്കും മുമ്പുതന്നെ താന്‍ ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള സ്വയം ഏറ്റു പറഞ്ഞിരിക്കുകയാണെന്നും ജോസഫ് പുതുശ്ശേരി പറഞ്ഞു. ഈ ഫോണ്‍ സംഭാഷണത്തിലൂടെ വാലുമുറിച്ച കുറുക്കന്റെ മാനസികാവസ്ഥയിലാണ് ആര്‍ ബാലകൃഷ്ണപിള്ള. കെ എം മാണിയെ ആജന്മ•ശത്രുവായി കാണുന്ന പിള്ളയുടെ പ്രോത്സാഹനം ബിജുരമേശിന് ഉണ്ടാകുക സ്വാഭാവികം. ഒരു വിമത നേതാവിന്റെ വിലാപമാണ് ഇതിലൂടെ നാം കേള്‍ക്കുന്നത്. വ്യാജമദ്യം വിറ്റ കേസില്‍ ആരോപണവിധേയനായ ബാറുടമ ശബ്ദരേഖയെന്ന പേരില്‍ പുറത്തുവിട്ടത് ബാലകൃഷ്ണപിള്ളയും അയാളും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരം നടത്തിയ ഫോണ്‍ സംഭാഷണമാണ്. ഇത്തരം അങ്ങാടി വര്‍ത്തമാനങ്ങള്‍ വെളിപ്പെടുത്തലുകളായി അവതരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ഹീനശ്രമങ്ങളെ പൊതുസമൂഹം തിരിച്ചറിയുമെന്നും ജോസഫ് എം പുതുശ്ശേരി പറഞ്ഞു.