Connect with us

National

ഒബാമയുടെ സന്ദര്‍ശനം: പറക്കല്‍ നിരോധന ആവശ്യം ഇന്ത്യ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയായി എത്തുന്ന റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥിന്റെ മുകളില്‍ പറക്കല്‍നിരോധന മേഖലയാക്കണമെന്ന യു എസിന്റെ ആവശ്യം ഇന്ത്യ തള്ളി. യു എസ് സീക്രട്ട് സര്‍വീസ് ആണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്. വിശിഷ്ടാതിഥി രാഷ്ട്രപതിയുടെ കാറില്‍ രാജ്പഥില്‍ എത്തുകയെന്ന പ്രോട്ടോകോള്‍ ഒബാമ നിരസിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് പകരമായി അമേരിക്ക രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. ഒന്നുകില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, ഒബാമയുടെ കാറില്‍ സഞ്ചരിക്കണം,അല്ലെങ്കില്‍ രണ്ടാളും വെവ്വേറെ വാഹനങ്ങളില്‍ സഞ്ചരിക്കണം എന്നിവയാണവ. 25ന് ഇന്ത്യയിലെത്തുന്ന ഒബാമ 27ന് ആണ് തിരിച്ചുപോകുക. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ഈ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ. റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ കാലങ്ങളായി വിദേശ രാഷ്ട്രത്തലവന്‍മാരെ വിശിഷ്ടാതിഥിയായി ക്ഷണിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയായിരുന്നു വിശിഷ്ടാതിഥി. കഴിഞ്ഞ സെപ്തംബറില്‍ യു എസ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2010ല്‍ ഇന്ത്യ സന്ദര്‍ശിച്ച ഒബാമ ഇതോടെ ഒരേ കാലയളവില്‍ രണ്ട് തവണ രാജ്യത്തെത്തുന്ന അമേരിക്കന്‍ പ്രസിഡന്റാകും.

Latest