Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ്: അധികാരികള്‍ അലംഭാവം വെടിയണം: എസ് എസ് എഫ്

Published

|

Last Updated

നാലാം മൈല്‍: ജില്ലയിലെ നിര്‍ധനരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ലക്ഷക്കണക്കിന് ജനങ്ങളുടെ ചിരകാല അഭിലാഷമായ വയനാട് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം വെടിയണമെന്ന് എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാ ദുരിതവും ദൂരവും പലപ്പോഴും രോഗികളുടെ ജീവന്‍ തന്നെ നഷ്ടമാക്കുന്നു.ഇതിന് മാറ്റമുണ്ടാകണമെങ്കില്‍ ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അനിവാര്യമാണെന്നും പ്രതിനിധി സമ്മേളനം വിലയിരുത്തി. സമസ്ത കേരള സുന്നീ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ 2015-16 വര്‍ഷത്തേക്കുള്ള പുതിയ സാരഥികളെ തിരഞ്ഞെടുത്ത് കൊണ്ട് രണ്ട് ദിവസമായി ദ്വാരക നാലാം മൈലില്‍ നടന്ന ജില്ലാ കൗണ്‍സില്‍ സമാപിച്ചു. ജില്ലയിലെ 200ഓളം യൂനിറ്റുകളിലും 22 സെക്ടറുകളിലും അഞ്ച് ഡിവിഷനുകളിലും കൗണ്‍സില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമാണ് ജില്ലാ കൗണ്‍സില്‍ നടത്തിയത്. നവ ചക്രവാളത്തിലേക്ക് ധാര്‍മിക ചുവട് എന്ന ശീര്‍ഷകത്തില്‍ കഴിഞ്ഞ ആറുമാസമായി നടന്ന് വരുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ സമാപനം കൂടിയായിരുന്നു കൗണ്‍സില്‍. സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍ നേതൃത്വം നല്‍കി. പുതിയ കാലം അധാര്‍മികതയിലേക്ക് കൂപ്പ് കുത്തുമ്പോള്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് ജില്ലാ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട് ഉദ്ഘാടനം ചെയ്തു. ബശീര്‍ സഅദി അധ്യക്ഷത വഹിച്ചു. സൈനുദ്ദീന്‍ സഖാഫി, ഉമര്‍ സഖാഫി ചെതലയം,സി എം നൗഷാദ് പ്രസംഗിച്ചു. ജമാലുദ്ദീന്‍ സഅദി സ്വാഗതവും റസാഖ് കാക്കവയല്‍ നന്ദിയും പറഞ്ഞു.

Latest