Connect with us

Ongoing News

'ശുഭ വാര്‍ത്ത' യുമായി കുട്ടിക്കൂട്ടം

Published

|

Last Updated

കോഴിക്കോട്: മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും ഇടയില്‍ “ശുഭ വാര്‍ത്ത” യുമായി കോഴിക്കോട്ടെ കുട്ടിക്കൂട്ടവും കലോത്സവത്തില്‍. കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 35 കുട്ടികളാണ് ശുഭവാര്‍ത്താ പത്രവുമായി കലോത്സവ വേദികളിലുള്ളത്. ശുഭവാര്‍ത്തയുടെ പന്ത്രണ്ട് പേരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ആറു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് വാര്‍ത്തകള്‍ ശേഖരിക്കുന്നു. കലോത്സവത്തിന്റെ ഏഴു ദിവസങ്ങളിലായി നാലു പതിപ്പാണ് ഇറക്കുന്നത്. ശുഭവാര്‍ത്തകള്‍ക്കൊപ്പം വിമര്‍ശനാത്മകമായ വാര്‍ത്തകള്‍ക്കായി കോങ്കണ്ണ് എന്ന കോളവുമുണ്ട്.
പൊതുജനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച് പാക്കിസ്ഥാന്‍ സ്ഥാനപതിക്ക് ഒപ്പ് ശേഖരണവും പ്രതികരണ സന്ദേശവും അയക്കാനും ഒരുങ്ങുകയാണ് കുട്ടിക്കൂട്ടം. പാക്കിസ്ഥാനിലെ പെഷാവറില്‍ ഡിസംബര്‍ 16 ന് സൈനിക സ്‌കൂളില്‍ നടന്ന കൂട്ടക്കുരുതിയെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഈ മാസം 22 ന് ഇന്ത്യന്‍ എംബസി മുഖേന സ്ഥാനപതിക്ക് അയക്കുക. ഈ മാസം 16,17,19, 21 തീയതികളിലാണ് കുട്ടികള്‍ പത്രം പുറത്തിറക്കുക. അധ്യാപികമാരായ സാജിത കമാല്‍, ലിന്‍സി ആന്റണി, ജൂലിസലീന, എ ഹാഷ്‌ന, സുര്‍ജിത്ത് കുട്ടികള്‍ക്ക് നേതൃത്വം നല്‍കാനുണ്ട്.
കോര്‍പറേഷന്റെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷന്റെ ചെലവിലാണ് പത്രം പുറത്തിറക്കുക. നാലു പേജുള്ള എ 3 വലുപ്പത്തിലാണ് പത്രം പുറത്തിറക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നേരത്തെ ഉപ ജില്ലാ കലോത്സവത്തോടനുബന്ധിച്ചും പത്രം ഇറക്കിയിരുന്നു.
ഇത് കൂടാതെ കോര്‍പറേഷന്‍ ഭരണനേട്ടങ്ങളും നഗരത്തിലെ മികവ് തെളിയിച്ച അഞ്ച് സ്‌കൂളുകളുടെ വിശദാംശങ്ങളും ഉള്‍പ്പെട്ട ഒരു ലക്കവും പ്രസിദ്ധീകരിച്ചിരുന്നു.

 

Latest