Connect with us

Palakkad

സുതാര്യകേരളം തുണയായി: രാജേഷ് കണ്ണന് ഇനി സൗജന്യയാത്ര

Published

|

Last Updated

പാലക്കാട്: ദീര്‍ഘകാലമായി കെ എസ് ആര്‍ ടി സിയില്‍ ബസ് യാത്രാ പാസിന് അപേക്ഷിച്ച യുവാവിന്് സുതാര്യ കേരളം തുണയായി.
പള്ളിപ്പുറം ചക്കാന്തറ മൊക്കുവീട്ടില്‍ രാജേഷ് കണ്ണനാണ് (38)സുതാര്യകേരളം ജില്ലാ സെല്‍ വഴി മുഖ്യമന്ത്രി സൗജന്യ യാത്രാപാസ് അനുവദിച്ചത്. അംഗപരിമിതനായ രാജേഷ് കണ്ണന്‍ ചെറുകിട ലോട്ടറി വില്പനക്കാരനാണ്. ബസ്സുകളിലും മറ്റും യാത്രചെയ്താണ് രാജേഷ് ലോട്ടറി വില്പന നടത്തുന്നത്.
സൗജന്യ യാത്രാനുമതിക്കായി കെ എസ് ആര്‍ ടി സിയില്‍ ഒരു വര്‍ഷം മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എഴുപത് ശതമാനം അംഗപരിമിതിയുണ്ടായിരുന്നിട്ടും പക്ഷെ, കെ എസ് ആര്‍ ടി സിയില്‍നിന്നും രാജേഷിന് പാസ് ലഭിച്ചില്ല. വിവിധ കാരണങ്ങള്‍ പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജേഷ് പാലക്കാട് സിവില്‍ സ്റ്റേഷനിലെ സുതാര്യകേരളം ഓഫീസില്‍ പരാതി നല്‍കുന്നത്.
2014 നവംബറില്‍ പരാതി നല്‍കുമ്പോള്‍ യാത്രാനുമതിക്കുള്ള സൗജന്യ പാസ് ലഭിക്കുമെന്ന നേരിയ പ്രതീക്ഷമാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് രാജേഷ് പറയുന്നു. ഇത്ര പെട്ടെന്ന് മുഖ്യമന്ത്രി ഇടപെട്ട് പാസ് നല്‍കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഇദ്ദേഹം. ഉപജീവനമാര്‍ഗ്ഗത്തിന് വേറെ ഒരു തൊഴിലും ലഭിക്കാത്ത സാഹചര്യത്തിലാണ് രാജേഷ് ലോട്ടറി വില്‍പ്പനയിലേക്കു തിരിഞ്ഞത്. അപേക്ഷിച്ച് ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ, തനിക്ക് വലിയ ആശ്വാസം നല്‍കുന്ന സൗജന്യ പാസ് ലഭിച്ചതില്‍ ഏറെ സന്തോഷവാനാണാണെന്ന് രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിക്കും സുതാര്യകേരളത്തിനും ഏറെ നന്ദി പറഞ്ഞാണ് രാജേഷ് മടങ്ങിയത്.

---- facebook comment plugin here -----

Latest