Connect with us

International

മുസ്‌ലിംകളും തമിഴരും കൈവിട്ടു; രജപക്‌സെ വീണു

Published

|

Last Updated

കൊളംബോ: ദ്വീപ് രാഷ്ട്രത്തിന്റെ എതിരില്ലാത്ത നേതാവായി അറിയപ്പെട്ടിരുന്ന മഹീന്ദ രജപക്‌സെയുടെ തോല്‍വി അപ്രതീക്ഷിതമായിരുന്നു. കാല്‍ നൂറ്റാണ്ട് നീണ്ട എല്‍ ടി ടി ഇയുടെ രക്തരൂഷിത പോരാട്ടത്തിന് അന്ത്യം കുറിച്ച് രാജ്യത്തെ സമാധാനത്തിലേക്ക് നയിച്ചപ്പോഴും ഭരണത്തിന് അടിയിലുള്ള മണ്ണ് ഒലിച്ചുപോയത് അദ്ദേഹം അറിഞ്ഞില്ല. രാജ്യത്തെ രക്ഷിച്ച രാജാവ് എന്നാണ് സിംഹള മേധാവിത്വമുള്ള ദക്ഷിണ ശ്രീലങ്ക അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ശ്രീലങ്ക കൈവരിച്ച സാമ്പത്തിക മുന്നേറ്റത്തിലും രജപക്‌സെക്ക് സുപ്രധാന പങ്കുണ്ടായിരുന്നു. രാജ്യത്തെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം ചൈനയില്‍ നിന്ന് വന്‍തോതില്‍ വായ്പയെടുത്തു.
തമിഴ് പുലികളെ നേരിടുന്നതിന്റെ ഭാഗമായി നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരില്‍ അമേരിക്കയില്‍ നിന്ന് വിമര്‍ശം നേരിട്ടപ്പോഴാണ് അദ്ദേഹം ചൈനയുമായി ചങ്ങാത്തം കൂടിയത്. കൊളംബോയില്‍ നിന്ന് ദക്ഷിണ നഗരമായ ഗലെയിലേക്ക് അതിവേഗ എക്‌സ്പ്രസ് ഹൈവേ സ്ഥാപിച്ചു. കൊളംബോ വിമനത്താവളത്തിലേക്കുള്ള റോഡിലെ തിരക്കൊഴിവാക്കാന്‍ എയര്‍പോര്‍ട്ട് ഹൈവേ നിര്‍മിച്ചു. രാജ്യത്തെ മറ്റ് ഹൈവേകളും റോഡുകളുംവികസിപ്പിക്കുകയും തടാകങ്ങള്‍ ശുദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ രജപക്‌സെയുടെ വികസന മാതൃകകള്‍ ജനങ്ങള്‍ അംഗീകരിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെ പ്രധാന വീഴ്ചകളിലൊന്ന്. തമിഴ് ജനതയുടെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും വോട്ടുകളാണ് സിരിസേനയെ പ്രസിഡന്റ് പദവിലെത്തിച്ചത്. തമിഴ് വംശജര്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ നേരിടുന്ന വിവേചനവും അഴിമതിയും സിരിസേന പ്രചാരണായുധമാക്കി. സിംഹള ബുദ്ധ വിഭാഗങ്ങള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ തടയാന്‍ രജപക്‌സെക്ക് കഴിഞ്ഞില്ല. സിംഹള ബുദ്ധ വിഭാഗത്തില്‍ പെട്ട ബോഡുവാല സേനയുടെ നേതൃത്വത്തില്‍ ഹലാല്‍ മാംസത്തിനെതിരെയും ഹിജാബിനെതിരെയും വന്‍തോതിലുള്ള പ്രക്ഷോഭങ്ങള്‍ അരങ്ങേറി. ഇതിനെ തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളില്‍ നിന്ന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒഴിവാക്കാന്‍ മുസ്‌ലിം സംഘടനകള്‍ തയ്യാറായി. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള ദക്ഷിണ ശ്രീലങ്കയിലെ അലുത്ത് ഗാമയിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിച്ചത് ബി ബി എസാണ്. ഈ വിഭാഗത്തിന് സര്‍ക്കാറിന് കീഴില്‍ വന്‍തോതില്‍ പിന്തുണ ലഭിച്ചിരുന്നില്ലെങ്കിലും അവര്‍ തുടരുന്ന അതിക്രമങ്ങളില്‍ രജപക്‌സെ സര്‍ക്കാര്‍ മൗനം പാലിച്ചത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി.
ഭരണത്തിലെ കുടുബ വാഴ്ച അദ്ദേഹത്തിനെതിരെ വന്‍ ആയുധമാക്കുന്നതില്‍ പ്രതിപക്ഷം വിജയിച്ചു.
2014 നവംബറില്‍ ആരോഗ്യമന്ത്രിപദം രാജിവെച്ച് പുറത്ത് വന്നപ്പോള്‍ സിരിസേന ഉന്നയിച്ച പ്രധാന ആരോപണവും ഇത് തന്നെയായിരുന്നു.
ആദ്യം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ സഹോദരന്‍ ഗോദഭയയെ പ്രതിരോധ സെക്രട്ടറിയായും മറ്റൊരു സഹോദരന്‍ ബസിലിനെ പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകനായും നിയമിച്ചു.
2010ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച മറ്റൊരു സഹോദരന്‍ ചമലിനെ പാര്‍ലിമെന്റ് സ്പീക്കറായി നിയമിച്ചു. ബസിലിനെ സാമ്പത്തിക വികസന, ഗതാഗത ചുമതലയുള്ള മന്ത്രിയാക്കുകയും ചെയ്തു. മൂന്ന് സഹോദരന്മാര്‍ക്കുമിടയില്‍ ബജറ്റിന്റെ 70 ശതമാനം കൈകാര്യം ചെയ്യുന്ന അഞ്ച് മന്ത്രാലയങ്ങളെ കൊണ്ടുവന്നു. സര്‍ക്കാര്‍ തലപ്പത്തെ കുടുംബ ഭരണം ആയുധമാക്കുന്നതില്‍ സിരിസേന വിജയിച്ചു.
2009ല്‍ ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതില്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ രാജ്പക്‌സെക്ക് യുദ്ധത്തിന്റെ പേരില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നു.
അന്താരാഷ്ട്ര സമിതിയെ കൊണ്ട് യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കണമെന്ന് ആഗോളതലത്തില്‍ ആവശ്യം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ല. പകരം ആഭ്യന്തര അന്വേഷണത്തിനാണ് അദ്ദേഹം ഉത്തരവിട്ടത്. ഇതില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ന്നത്.

Latest