Kerala
കേന്ദ്ര ഹജ്ജ്കമ്മിറ്റി ഹജ്ജ് സംവിധാനങ്ങള്‍ പരിഷ്‌കരിച്ചു

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതിയ പരിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കി. ഈ വര്‍ഷം മുതല്‍ ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ഇ-പെയ്മന്റായി പണം അടയ്ക്കുന്നതിന് സംവിധാനം ഒരുക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പുറമേ യൂണിയന്‍ ബാങ്ക് വഴിയും പണം അടയ്ക്കാവുന്നതാണ്.
ഹാജിമാര്‍ക്ക് ഹജ്ജ് കര്‍മ്മത്തിനിടെ ബലിയറക്കുന്നതിന് കൂപ്പണുകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരിട്ട് നല്‍കും. വ്യാജ കൂപ്പണുകള്‍ തടയുന്നതിന് വേണ്ടിയാണിത്. എല്ലാ തീര്‍ത്ഥാടകര്‍ക്കും കുട നല്‍കാനും തോളിലിടുന്ന ബാഗിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനും തീരുമാനിച്ചിടുണ്ട്. ലിഫ്റ്റ് സംവിധാനം ഉള്ളതും സംസം വെള്ളം ലഭിക്കുന്നതുമായ താമസ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും ഹജ്ജ് കമ്മിറ്റി സഹായിക്കും. സെല്‍ഫോണ്‍ ഗ്രൂപ്പുകളില്‍ ഒരേ ഗ്രൂപ്പിലുള്ളവര്‍ വിളിക്കുന്ന ഫോണിന് തുക ഈടാക്കില്ലെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.