Connect with us

Kerala

സുനന്ദയുടെ കൊലപാതകം: മുതലെടുക്കാന്‍ ബി ജെ പി

Published

|

Last Updated

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ ശശി തരൂര്‍ എം പി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പ്രതിചേര്‍ക്കപ്പെടുകയോ എഫ് ഐ ആറില്‍ പേര് പരാമര്‍ശിക്കപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും കൊലപാതകമാണെന്ന സ്ഥിരീകരണം തന്നെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കുള്ള വഴിതുറക്കുകയാണ്. അവസരം മുതലെടുക്കാന്‍ ബി ജെ പി കളത്തിലുള്ളതിനാല്‍ വരും ദിവസങ്ങള്‍ ശശി തരൂരിന്റെ കാര്യത്തില്‍ നിര്‍ണായകമാകും. സാങ്കേതികമായി നിലവില്‍ തരൂരിന് അപകടമൊന്നുമില്ലെങ്കിലും കേസിന്റെ ഇനിയുള്ള പോക്ക് എങ്ങോട്ടെന്നതാണ് പ്രധാനം. കേസുമായി ബന്ധപ്പെട്ട് തരൂരിനെ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി കഴിഞ്ഞു. എം പി സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ബി ജെ പിയും സി പി ഐയും ഉയര്‍ത്തിയിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും സമാന ആവശ്യം ഉന്നയിച്ച് കഴിഞ്ഞു. കേസില്‍ ഡല്‍ഹി പോലീസ് തുടര്‍ നടപടികളെ ആശ്രയിച്ചാകും തരൂരിന്റെ രാഷ്ട്രീയ ഭാവി. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകം.

ബി ജെ പി അധികാരത്തിലെത്തിയപ്പോള്‍ തന്നെ സുനന്ദ കേസില്‍ വഴിത്തിരിവുകള്‍ പ്രതീക്ഷിച്ചതാണ്. തിരുവനന്തുപുരം സീറ്റിലെ ബി ജെ പി നടത്തിയ മുന്നേറ്റം ഇതിന് ആക്കം കൂട്ടി. സുനന്ദകേസില്‍ തരൂര്‍ പ്രതിക്കൂട്ടിലാകുമെന്നും വീണ്ടും തിരഞ്ഞെടുപ്പ് അനിവാര്യമാകുമെന്നും ആ ഘട്ടത്തില്‍ തന്നെ ബി ജെ പി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിന് അരങ്ങൊരുക്കിയാല്‍ അക്കൗണ്ട് തുറക്കാമെന്നാണ് ബി ജെ പിയുടെ വിലയിരുത്തല്‍. ഒ രാജഗോപാലിന് മറ്റുപദവികളൊന്നും നല്‍കാത്തത് വീണ്ടും മത്സരിപ്പിക്കാനാണെന്ന സൂചനയായും ചൂണ്ടിക്കാണിക്ക പ്പെടുന്നു. രാജഗോപാലിന് കേന്ദ്രസര്‍ക്കാറില്‍ ഉന്നത പദവിയുണ്ടാകുമെന്നും അല്ലെങ്കില്‍ ഗവര്‍ണറാക്കുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഒരിടത്തും പരിഗണിച്ചിരുന്നില്ല. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിക്കാന്‍ ലക്ഷ്യമിടുന്ന ബി ജെ പി, 40 വാര്‍ഡിലെങ്കിലും ജയം ഉറപ്പിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയാല്‍ അനായാസ വിജയം നേടാനാകുമെന്നും ബി ജെ പി കണക്ക് കൂട്ടുന്നു. പുതിയ സാഹചര്യത്തില്‍ തരൂരിനെ കോണ്‍ഗ്രസ് എത്രത്തോളം പിന്തുണക്കുമെന്നതും നിര്‍ണ്ണായകമാണ്. സുനന്ദ മരിച്ച ഘട്ടത്തില്‍ തരൂരിന് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ വീണ്ടും ടിക്കറ്റ് നല്‍കിയതും വിജയിപ്പിച്ചതും ഹൈക്കമാന്‍ഡില്‍ നിന്ന് തരൂരിന് ലഭിച്ച പിന്തുണ കൊണ്ട് തന്നെ. എന്നാല്‍, ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. മോദി സ്തുതിയുടെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിന് തരൂര്‍ അനഭിമിതനാണ്. ഹൈക്കമാന്‍ഡിനും പഴയ അടുപ്പമില്ല. മോദിയുടെ സ്വച്ഛഭാരത് പദ്ധതിയെ അനുകൂലിച്ചതിന്റെ പേരില്‍ തരൂരിനെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തരൂരിനെതിരെ സംസ്ഥാന നേതൃത്വം നടപടി ആവശ്യപ്പെടുകയും ചെയ്തു. പാര്‍ലിമെന്ററില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടികളുമായി സഹകരിക്കാതിരുന്നതും വലിയ വിവാദമായതാണ്. കൊലപാതകം സംബന്ധിച്ച ഡല്‍ഹി പോലീസിന്റെ സ്ഥിരീകരണം വന്ന ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ പ്രതികരണം തന്നെ കരുതലോടെയാണ്. സമഗ്രമായ അന്വേഷണം തരൂര്‍ തന്നെ ആവശ്യപ്പെട്ടതാണെന്നും സുനന്ദയുടെ മരണവും കേസും പാര്‍ട്ടി കാര്യമല്ലെന്നുമാണ് കോണ്‍ഗ്രസ് വക്താവ് സ്വീകരിച്ച നിലപാട്.
കേസ് തരൂരിനെതിരെ തിരിഞ്ഞാലും രക്ഷക്കെത്തില്ലെന്ന സൂചന ഈ പ്രതികരണങ്ങളില്‍ വ്യക്തം. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിച്ചായിരുന്നു സുനന്ദപുഷ്‌കറിന്റെ മരണം. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ ശശി തരൂരിന്റെ ഇടപെടലുകളും മരണശേഷം പുറത്ത് വന്ന വാര്‍ത്തകളിലുമെല്ലാം അവ്യക്തതകള്‍ ഏറെയായിരുന്നു.

Latest