Connect with us

Kozhikode

മാനുഷിക മൂല്യം ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം അഭികാമ്യം: ഗവര്‍ണര്‍

Published

|

Last Updated

കോഴിക്കോട്: മാനുഷിക മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്ന ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ഈസ്റ്റ് ഹില്‍ കേന്ദ്രീയവിദ്യാലയത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിന്റര്‍ ഗാര്‍ഡന്‍ മുതലുള്ള വിദ്യാഭ്യാസ നിലവാരമാണ് രാഷ്ട്രപുരോഗതിയെ നിര്‍ണയിക്കുന്നത്. ഏത് പ്രതിസന്ധി ഘട്ടത്തെയും തരണം ചെയ്യാന്‍ തക്കവിധം നിശ്ചയദാര്‍ഢ്യമുള്ള പൗരന്മാരെയാണ് വിദ്യാഭ്യാസം സൃഷ്ടിക്കേണ്ടത്. ശത്രുതാ മനോഭാവമില്ലാത്ത, ജനാധിപത്യത്തിലും രാഷ്ട്ര സ്‌നേഹത്തിലും അടിയുറച്ച വിദ്യാഭ്യാസത്തിന്റെ ആത്മീയവും ധാര്‍മികവുമായ തലങ്ങളാണ് വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കേണ്ടത്.
ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം അഭിനിവേശമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആഗോളവത്കൃത സമൂഹം എന്ന നിലയില്‍ പുതിയ സാങ്കേതിക സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണം. നെല്‍സണ്‍ മണ്ടേല പറഞ്ഞതുപോലെ ലോകത്തെ മാറ്റിമറിക്കാനുളള ആയുധമായി വിദ്യാഭ്യാസം മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്രീയ വിദ്യാലയത്തിന്റെ വികസനത്തിനായി നിയമസഭ -പാര്‍ലിമെന്റ് അംഗങ്ങള്‍ സവിശേഷമായ ശ്രദ്ധ ചെലുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഈ അഭ്യര്‍ത്ഥനക്ക് ഒരു സാംഗത്യമുണ്ട്. പ്രാദേശിക വികസനഫണ്ട് അനുവദിച്ചുകൊണ്ടുള്ള തീരുമാനം ചോദ്യം ചെയ്ത് രാഷ്ട്രീയ നേതാവായ ഭീംസിംഗ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ നിയമം സാധൂകരിച്ചുകൊണ്ടുളള അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയെഴുതിയത് താനാണ്. ആ നിലയില്‍ ഈ അഭ്യര്‍ഥന നടത്താന്‍ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിച്ചു. എ പ്രദീപ് കുമാര്‍ എം എല്‍ എ., കേന്ദ്രീയ വിദ്യാലയ സംഘടന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് സെല്‍വരാജ്, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് പ്രൊഫ. ഗ്ലാഡിസ് ഐസക്, കൗണ്‍സിലര്‍ കൃഷ്ണദാസ്, പി ടി എ പ്രസിഡന്റ് കെ പത്മകുമാര്‍ പ്രസംഗിച്ചു. കേന്ദ്രീയവിദ്യാലയ മാനേജിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കൂടിയായ കലക്ടര്‍ സി എ ലത സ്വാഗതവും പ്രിന്‍സിപ്പല്‍ ഐഷത്ത് സുഹ്‌റ നന്ദിയും പറഞ്ഞു.