Connect with us

Palakkad

ചെക്ക് ഡാമം നിര്‍മാണത്തില്‍ വിജിലന്‍സ് ക്രമക്കേട് കണ്ടെത്തി

Published

|

Last Updated

കൊപ്പം: തൂതപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച ചെക്ക്ഡാം നിര്‍മാണത്തില്‍ വന്‍ക്രമക്കേട് നടന്നതായി വിജിലന്‍സ് സൂചന. പുലാമന്തോള്‍ പാലത്തിനു താഴെ വാട്ടര്‍അതോറിറ്റിയുടെ കുടിവെള്ള പദ്ധതിക്കടുത്തായി പണിത തടയണ പ്രദേശം പാലക്കാട് വിജിലന്‍സ് സിഐ കെ വിജയകുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു.
തടയണയുടെ മധ്യഭാഗത്ത് വിള്ളല്‍ കണ്ടെത്തിയതായും വിളയൂര്‍ ഭാഗത്തെ അരികുഭിത്തിയില്‍ ആവശ്യത്തിനു സിമന്റും മണലും ചേര്‍ക്കാത്തതിനാല്‍ തകര്‍ച്ചാ ഭീഷണിയിലാണെന്നും പരിശോധനയില്‍ കണ്ടെത്തിയതായാണ് സൂചന. തടയണയുടെ ഉറപ്പിനായി പണിത സ്ലാബുകള്‍ ഭാഗികമായി ഒലിച്ചുപോയതിനാല്‍ തടയണ തകരാന്‍ സാധ്യത കൂടുതലാണെന്നും സംഘം കണ്ടെത്തി.
2. 30 കോടി രൂപ ചെലവില്‍ പണിത ചെക്ക്ഡാം പണി പൂര്‍ത്തിയാക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നും ബന്ധപ്പെട്ട മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയില്ലെന്നുമാണ് വിജിസന്‍സ് അറിയിച്ചു. കഴിഞ്ഞ ജനുവരിയിലാണ് തൂതപ്പുഴയുടെ പുലാമന്തോള്‍ കടവില്‍ ജില്ലാ പഞ്ചായത്ത് പണിത തടയണ ഉദ്ഘാടനം ചെയ്തത്. നാലു പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണുന്നതിനു ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയില്‍ പണിയുടെ ആരംഭത്തില്‍ തന്നെ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞു മാസങ്ങള്‍ക്കകം തടയണയുടെ സംരക്ഷണ ഭിത്തി തകരുകയും ചെയ്തു. കമ്പികള്‍ പുറത്ത് കാണത്തക്ക വിധം തകര്‍ന്ന തടയണയുടെ പണിയില്‍ അഴിമതി ആരോപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തയിരുന്നു.
സി പി മുഹമ്മദ് എം എല്‍ എയുടെ പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്റ് എം. പോളിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധനയെന്ന് അറിയുന്നു. വിജിലന്‍സ് ചീഫ് എന്‍ജിനീയര്‍ കെ ജി പ്രതാപ് രാജു, മലമ്പുഴ ഇറിഗേഷന്‍ വകുപ്പ് എക്‌സി. എന്‍ജിനീയര്‍ സഞ്ജീവന്‍, അസി. എക്‌സി. എന്‍ജിനീയര്‍ പത്മകുമാര്‍, വിജിലന്‍സ് ഉദ്യോഗസ്ഥമാരായ നീരജ്ബാബു, പ്രകാശന്‍, വിശ്വനാഥന്‍, രാജീവ്കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Latest