Connect with us

Ongoing News

അറസ്റ്റിലായവര്‍ക്ക് നീറ്റാ ജെലാറ്റിന്‍ ഓഫീസ് ആക്രമണത്തില്‍ പങ്ക്

Published

|

Last Updated

കൊച്ചി: പാലക്കാട് കെ എഫ് സി റസ്റ്റോറന്റ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് യുവാക്കള്‍ എറണാകുളത്തെ നീറ്റാ ജെലാറ്റിന്‍ ഓഫീസ് ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇരുവരും ചോദ്യം ചെയ്യലില്‍ ഇക്കാര്യം സമ്മതിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. നീറ്റാ ജെലാറ്റിന്‍ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് മുഖം ടൗവല്‍ കൊണ്ട് മറച്ച ഇരുവരെയും തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി. ഇവരെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. ഇവരെ പ്രതി ചേര്‍ത്ത് കോടതിയില്‍ അടുത്ത ദിവസം തന്നെ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കും.
പാലക്കാട് പോലീസിന്റെ കസ്റ്റഡിയിലുള്ള കാസര്‍കോട് സ്വദേശികളായ അരുണ്‍ ബാലന്‍, ശ്രീകാന്ത് പ്രഭാകരന്‍ എന്നിവരെ തൃപ്പൂണിത്തുറ സി ഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച രാത്രിയാണ് ചോദ്യം ചെയ്തത്.
നീറ്റാ ജലാറ്റിന്‍ ആക്രമണത്തില്‍ പങ്കെടുത്തതായി സമ്മതിച്ചെങ്കിലും അക്രമി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരെ അറിയില്ലെന്നാണ് ഇരുവരും നല്‍കിയ മൊഴി. ആക്രമണം ആസൂത്രണം ചെയ്തവരെയും ഇവര്‍ അറിയില്ലത്രെ. സി പി എം അനുഭാവികളാണ് ഇരുവരും. കാസര്‍കോട് ചെറുവത്തൂര്‍ തിമിരി സ്വദേശിയാണ് ശ്രീകാന്ത് പ്രഭാകര്‍. അരുണ്‍ ബാലന്‍ തെക്കേ തൃക്കരിപ്പൂര്‍ ഇളമ്പച്ചി തെക്കുമ്പാട്ട് സ്വദേശിയാണ്. മാവോയിസ്റ്റ് ആശയത്തില്‍ ആകൃഷ്ടരായാണ് ഇവര്‍ സായുധ പോരാട്ടത്തിന്റെ വഴിയിലേക്ക് തിരിഞ്ഞതെന്നും ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പറയുന്നു.
ചാലക്കുടി പുഴ മലിനമാക്കുന്നു എന്ന ആരോപണം നേരിടുന്ന നീറ്റ ജലാറ്റിന്‍ കമ്പനിയുടെ എറണാകുളം പനമ്പിള്ളി നഗറിലെ കോര്‍പറേറ്റ് ഓഫീസിനു നേരെ കഴിഞ്ഞ മാസം 10നാണ് ആക്രമണമുണ്ടായത്.
രാവിലെ 7.50 ഓടെ മുഖം മൂടി അണിഞ്ഞെത്തിയ ഒമ്പതംഗ സായുധ സംഘം ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ ബന്ദിയാക്കിയ ശേഷം ഓഫീസിലേക്ക് ഇരച്ചു കയറി കമ്പ്യൂട്ടറുകളും ഗ്ലാസ് പാനലുകളും അടിച്ചു തകര്‍ക്കുകയായിരുന്നു.
ഒന്നര മാസത്തിലധികമായി തുമ്പില്ലാതെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ കുറ്റസമ്മതം. പ്രതികള്‍ക്കെതിരെ തീവ്രവാദ വിരുദ്ധ നിയമമായ അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (യു എ പി എ) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇവരുടെ കാസര്‍ക്കോട്ടെ വീടുകളില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍, ഗൂര്‍ഖകള്‍ ഉപയോഗിക്കുന്ന വിധമുള്ള കത്തികള്‍, പോസ്റ്ററുകള്‍ എന്നിവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അരുണിന്റെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. അതേ സമയം സൈലന്റ്‌വാലി ദേശീയ ഉദ്യാനത്തോടനുബന്ധിച്ചുള്ള വനംവകുപ്പ് റേഞ്ച് ഓഫീസ് തകര്‍ത്ത് ജീപ്പ് കത്തിച്ച സംഭവത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. അന്വേഷണത്തില്‍ പുരോഗതിയൊന്നും ഇതുവരെയുണ്ടായിട്ടില്ല. വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുക്കലി സന്ദര്‍ശിച്ച് അനന്തര നടപടികള്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. സൈലന്റ്‌വാലിയിലെ ഫോറസ്റ്റ് ഓഫീസ് തകര്‍ത്തവര്‍ പുഴകടന്നു വനത്തില്‍ പ്രവേശിച്ചതിനാലാണ് അന്വേഷണം വഴിമുട്ടിയത്. ഉള്‍വനത്തില്‍ അന്വേഷണം നടത്താന്‍ വനംവകുപ്പിന്റെ സഹായം പോലീസ് തേടുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാത്തതിനാല്‍ സൈബര്‍സെല്‍വഴിയുള്ള അന്വേഷണത്തിലും പുരോഗതി ഉണ്ടായിട്ടില്ല. അട്ടപ്പാടിയിലെ തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടി മുതല്‍ മണ്ണാര്‍ക്കാട് പോലീസ് പരിധിയിലുള്ള ആനമൂളിവരെ പോലീസ് പരിശോധന കര്‍ശനമാക്കി. അതുവഴി കടന്നുപോകുന്ന സംശയംതോന്നുന്ന വാഹനങ്ങള്‍ രാത്രിയും പകലും പരിശോധിക്കുമെന്ന് അന്വേഷണചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest