Connect with us

Kerala

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്: ഒന്നാം പ്രതി അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: തൃശൂര്‍: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തിലെ ഒന്നാം പ്രതി ലതീഷ് ബി ചന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസ് അന്വേഷിക്കുന്ന തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി. ആര്‍ കെ ജയരാജന്റെ മുമ്പാകെ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് ലതീഷ് ഹാജരായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടി തന്നെ കരുവാക്കുകയാണെന്ന് കീഴടങ്ങുന്നതിന് മുമ്പ് ലതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അരിയാഹാരം കഴിക്കുന്നവരാരും താന്‍ കുറ്റക്കാരനാണെന്ന് വിശ്വസിക്കുകയില്ല. ഭാര്യയും രണ്ടു കൊച്ചുകുട്ടികളും മാത്രമാണുള്ളത്. അവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത്. ആരുടെയോ രാഷ്ട്രീയ കളി മൂലം ശേഷിക്കുന്ന കാലം ജയിലില്‍ കിടക്കേണ്ടിവരുമോയെന്ന ആശങ്കയിലാണ് അവരെന്നും ലതീഷ് വിതുമ്പിക്കൊണ്ട് പറഞ്ഞു. ലതീഷിന്റെ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നിര്‍ണായക തെളിവ് ശേഖരിച്ചത്. രാത്രി ഏഴരക്ക് ശേഷം ലതീഷിനെ ആലപ്പുഴക്ക് കൊണ്ടുപോയി. അവിടെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ ലതീഷില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ചില പ്രമുഖരെ ക്കൂടി ചോദ്യംചെയ്യുമെന്നാണ് സൂചന. വി എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ അസി.പേഴ്‌സനല്‍ സെക്രട്ടറിയായിരുന്നു ലതീഷ്.
കഴിഞ്ഞ 13ന് ആലപ്പുഴ നഗരസഭാ മുന്‍ ചെയര്‍മാനും സി പി എം ജില്ലാകമ്മിറ്റി അംഗവുമായ പി ചിത്തരഞ്ജനെ ചോദ്യം ചെയ്തിരുന്നു. ലതീഷ് ചന്ദ്രനും ചിത്തരഞ്ജനും ആക്രമണത്തിന് മുമ്പും ശേഷവും പലവട്ടം ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് കണ്ടെത്തിയത്.
രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചിരുന്നതെന്നായിരുന്നു ചിത്തരഞ്ജന്‍ മൊഴി നല്‍കിയത്. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.