Connect with us

Editorial

പാക് തീവ്രവാദികളുടെ പൈശാചികത

Published

|

Last Updated

അതിക്രൂരവും പൈശാചികവുമായ ആക്രമണമാണ് ഇന്നലെ പാക്കിസ്ഥാനിലെ പെഷാവറില്‍ നടന്നത്. പ്രദേശത്തെ സൈനിക സ്‌കൂളിനു നേരെ തെഹ്‌രീകെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 100 കുട്ടികളടക്കം നൂറ്റിനാല്‍പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കുട്ടികളും അധ്യാപകരുമടക്കം നൂറു കണക്കിന് പേരെ ബന്ദികളാക്കിയിട്ടുമുണ്ട്. സൈനിക വേഷത്തിലത്തെിയ തീവ്രവാദികള്‍ സ്‌കൂളില്‍ ഇരച്ച് കയറി തുരുതുരെ വെടിവെപ്പ് നടത്തുകയായിരുന്നു. വടക്കന്‍ വസീറിസ്ഥാനില്‍ പാക് സൈന്യം നടത്തുന്ന ആക്രമങ്ങള്‍ക്ക് തിരിച്ചടിയായാണ് ഈ കൊടുംക്രൂരതയെന്നാണ് കരുതുന്നത്. സൈന്യം പലപ്പോഴായി അവിടെ നടത്തിയ വെടിവെപ്പില്‍ നിരവധി തീവ്രവാദികളും സിവിലയന്മാരും കൊല്ലപ്പെട്ടിരുന്നു.
സമീപകാലത്ത് പാക്കിസ്ഥാനിലെ തീവ്രവാദ പ്രവര്‍ത്തനവും ആക്രമണവും ശക്തിപ്രാപിച്ചിട്ടുണ്ട്. പാക് തെരുവുകളിലും പള്ളികളിലും ആശുപത്രികളിലും പൊട്ടിത്തെറിക്കുന്ന ചാവേറുകളുടെയും ചിതറിത്തെറിക്കുന്ന ശരീരങ്ങളുടെയും എണ്ണം വര്‍ഷം തോറും പെരുകിക്കൊണ്ടിരിക്കയാണ്. മാനുഷികതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിക്കുന്ന അതിപൈശാചികമായ അക്രമങ്ങളാണ് തീവ്രവാദ ഗ്രൂപ്പുകള്‍ നടത്തി വരുന്നത്. സൈന്യം തിരിച്ചും ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും തീവ്രവാദികളെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെടുകയാണ്. പാക്കിസ്ഥാന്റെ ഗോത്രപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച തീവ്രവാദികള്‍ അഫ്ഗാന്‍ സൈന്യത്തിനും കനത്ത നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമായ ഇന്റലിജന്‍സ് സെന്റര്‍ പുറത്തിറക്കിയ ഏറ്റവും അപകടം പിടിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍ പാക്കിസ്ഥാന്‍. ഭീകരാക്രമണങ്ങളും വിമത ആക്രമണങ്ങളും കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കിയത്.
ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്ന പഴഞ്ചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് പാക്കിസ്ഥാനും അഫ്ഗാനിലെ അമേരിക്കന്‍ നിയന്ത്രിത സര്‍ക്കാറും നേരിടുന്ന തീവ്രവാദ ഭീഷണി. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല സര്‍ക്കാറിനെതിരെ ഒളിയുദ്ധം ചെയ്യാന്‍ അമേരിക്കയാണ് ഈ സംഘടനകള്‍ക്ക് ജന്മം നല്‍കിയതും പോറ്റി വളര്‍ത്തിയതും. .സി ഐ എ നിയോഗിച്ച ഒളിപ്പോരാളികളാണ് ഇവര്‍ക്ക് ഗറില്ലാ യുദ്ധ മുറകള്‍ പരിശീലിപ്പിച്ചത്. അക്കാലത്ത് ഇന്ത്യ സോവിയറ്റ് ചേരിയിലായിരുന്നതിനാല്‍ കാശ്മീരില്‍ കുഴപ്പം സൃഷ്ടിക്കാനും അമേരിക്ക, പാക് കൂട്ടുകെട്ട് തീവ്രവാദികളെ ഉപയോഗപ്പെടുത്തി. ഇതിന്റെ അപകടകരമായ പരിണിതയെക്കുറിച്ചു അന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇന്നിപ്പോള്‍ തീവ്രവാദികള്‍ തിരിഞ്ഞു കുത്താന്‍ തുടങ്ങിയപ്പോള്‍ എല്ലാ ഉത്തരവാദിത്തവും പാക്കിസ്ഥാന്റെ തലയില്‍ കെട്ടിവെച്ചു നല്ല പിള്ള ചമയുകയാണ് ഒബാമയും യു എസ് ഭരണകൂടവും. പാക്കിസ്ഥാന്‍ തീവ്രവാദം അമര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന് നേരിട്ടു ഇടപെടല്‍ നടത്തേണ്ടി വരുമെന്നാണ് വൈറ്റ്ഹൗസിന്റെ മുന്നറിയിപ്പ്.
തീവ്രവാദത്തെ ഉന്മൂലനം ചെയ്യണമെങ്കില്‍ അതിന്റെ പിറവിക്ക് കാരണമായ അടിസ്ഥാന കാരണങ്ങള്‍ പരിഹരിക്കപ്പെടണം. കേവലം ആയുധ ശക്തി കൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ നശിപ്പിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. അധിനിവേശങ്ങളും രാഷ്ട്രീയ അസ്ഥിരതയുമുള്ള പ്രദേശങ്ങളിലാണ് തീവ്രവാദം മുളപൊട്ടുന്നതും ശക്തി പ്രാപിക്കുന്നതുമെന്ന് അഫ്ഗാനിസ്ഥാന്റെയും ഇറാഖിന്റെയും മറ്റും ചരിത്രം വ്യക്തമാക്കിത്തരുന്നുണ്ട്. സോവിയറ്റ് അധിനിവേശത്തിനെതിരായ വികാരമാണ് അഫ്ഗാനിലും പാക് ഗോത്രപ്രദേശങ്ങളിലും തീവ്രവാദത്തിന് വിത്ത് പാകിയത്. അമേരിക്ക അത് സമര്‍ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഉസാമാ ബിന്‍ ലാദനും വസീറിസ്ഥാനില്‍ അമേരിക്ക അടുത്തിടെ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട “ഹര്‍ക്കത്തുല്‍ ജിഹാദുല്‍ ഇസ്‌ലാമി”തലവന്‍ ഇല്‍യാസ് കാശ്മീരിയും അമേരിക്കയുടെ സൃഷ്ടിയായിരുന്നു. തീവ്രവാദത്തിന്റെ തല്‍സ്വരൂപമായ സലഫിസത്തിന് പിന്നിലും അമേരിക്കയില്‍ നിന്നുള്ള വേരുകള്‍ കാണാം. അഫ്ഗാന്‍ പിന്നീട് സോവിയറ്റ് നിയന്ത്രണത്തില്‍ നിന്ന് മോചിതമായെങ്കിലും സ്വതന്ത്ര രാഷ്ട്ര പദവിയിലേക്ക് വരാന്‍ അവസരം സൃഷ്ടിക്കുന്നതിന് പകരം ഒരു പാവ സര്‍ക്കാറിനെ പ്രതിഷ്ഠിച്ചു രാജ്യത്തിന്റെ നിയന്ത്രണം തങ്ങളുടെ കരങ്ങളില്‍ ഭദ്രമാക്കുകയായിരുന്നു യു എസ് ഭരണകൂടം. ദുര്‍ബല രാജ്യങ്ങളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും നേരെ ശാക്തിക രാജ്യങ്ങള്‍ നടത്തുന്ന കൈയേറ്റങ്ങള്‍ ഇരകളെ കാലക്രമത്തില്‍ ക്രൂരരും ദുഷ്ടരുമാക്കിത്തീര്‍ക്കുകയാണ്. കണ്ണില്‍ ചോരയില്ലാത്ത പ്രത്യാക്രമണങ്ങളാണ് പിന്നീട് അവരില്‍ നിന്നുണ്ടാകുന്നത്. ഇത്തരം ക്രൂരതകളെ ശക്തമായി അപലപിക്കുന്നതോടൊപ്പം, വന്‍ശക്തികളുടെ സൈനികവും സാംസ്‌കാരികവുമായ അധിനിവേശങ്ങള്‍ക്ക് അറുതി വന്നെങ്കില്‍ മാത്രമേ തീവ്രവാദവും ്യുഭീകരവാദവും തുടച്ചു നീക്കാനാകൂ.

Latest