Connect with us

Palakkad

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എ ബി വി പി, ആര്‍ എസ് എസ് ആക്രമണം; മൂന്ന് പേര്‍ക്ക് പരുക്ക്

Published

|

Last Updated

വടക്കഞ്ചേരി: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍ എസ് എസ്-എ ബി വി പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് എസ് എഫ് ഐക്കാര്‍ക്ക് പരുക്ക്, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന ആക്രമണത്തിലാണ് പരുക്കേറ്റത്.
എസ് എഫ് ഐ വടക്കഞ്ചേരി ഏരിയാ പ്രസിഡന്റ് സി രജിന്‍, കിഴക്കഞ്ചേരി ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് സി ജിഷ്ണു, കിഴക്കഞ്ചേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ യൂനിറ്റ് കമ്മിറ്റി പ്രവര്‍ത്തകസമിതിയംഗം ഷിബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. കിഴക്കഞ്ചേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കഴിഞ്ഞ ദിവസങ്ങളിലായി എസ് എഫ് ഐ- എ ബി വി പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ തുടര്‍ച്ചയായാണ് വടക്കഞ്ചേരി നഗരത്തിലെ വിവിധഭാഗങ്ങളിലായി നടന്ന ആക്രമണം. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ആദ്യത്തെ ആക്രമണം നടന്നത്. നായര്‍ത്തറ റോഡില്‍ കൊട്ടിക്കാട്ടുകാവ് ക്ഷേത്രത്തിന് മുമ്പില്‍ വെച്ച് സംഘടിച്ച് നില്‍ക്കുകയായിരുന്ന എ ബി വി പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ബൈക്കില്‍ അത് വഴി സഞ്ചരിക്കുകയായിരുന്ന രജിന്‍, ഷിബിന്‍ എന്നിവരെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് നഗരത്തില്‍ ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
പ്രകടനം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകാനായി കിഴക്കഞ്ചേരി റോഡില്‍ സഹോദരനെയും കാത്ത് നില്‍ക്കുകയായിരുന്ന ഷിബിനെ പാളയം ഭാഗത്ത് നിന്ന് വന്ന ഒരു സംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ആദ്യം കത്തി വീശിയപ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍തട്ടി താഴെ വീഴുകയും വീണ് കിടന്നവിടെ നിന്നും ഒരാള്‍ കഴുത്തില്‍ പിടിച്ച് കൈയിലുണ്ടായിരുന്ന കല്ലു ഉപയോഗിച്ച് മുഖത്ത് കുത്തുകയായിരുന്നുവെന്ന് ഷിബീന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ആക്രമണം നടക്കുന്നതറിഞ്ഞ് ടൗണില്‍ നിന്നിരുന്ന പ്രവര്‍ത്തകര്‍ അവിടെക്കെത്തിയിപ്പോള്‍ ആക്രമണം നടത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. നെറ്റിയില്‍ പരുക്കേറ്റ ഷിബിന്‍ വടക്കഞ്ചേരി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരുടെയും പരാതിയില്‍ വടക്കഞ്ചേരി പോലീസ് കേസെടുത്തു.
ആക്രമണത്തെ തുടര്‍ന്ന് നഗരത്തില്‍ സംഘര്‍ഷാവസ്ഥയായതിനാല്‍ സി ഐ എസ് പി സുധീരന്‍, എസ് ഐ സി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും നഗരത്തില്‍ കേന്ദ്രീകരിച്ചിരുന്നു. എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് കെ കെ ദേവന്‍ അധ്യക്ഷത വഹിച്ചു. കെ സുലോചന, അഡ്വ കെ എം മനോജ്കുമാര്‍, വി ആഷിക്, വി പ്രവീണ്‍, പി ഗംഗാധരന്‍ പ്രസംഗിച്ചു.

Latest