Connect with us

Kerala

നികുതി ചുമത്തല്‍ ബില്‍ നിയമസഭയില്‍; പാലത്തിന് ഏറ്റെടുക്കുന്ന ഭൂമിക്കും ഇനി ടോള്‍

Published

|

Last Updated

തിരുവനന്തപുരം: പാലം നിര്‍മിക്കാന്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് കൂടി ടോള്‍ ഏര്‍പ്പെടുത്തും. ടോള്‍ പിരിക്കുന്നതിനുള്ള നിര്‍മാണ ചെലവിന്റെ പരിധി ഉയര്‍ത്തിയതിന്റെ മറവിലാണ് ഭൂമി വിലയിലും ടോള്‍ പിരിക്കാനുള്ള തീരുമാനം. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വീകരിച്ച നടപടികളിലാണ് ഈ നിര്‍ദേശം കൂടി നടപ്പാക്കുന്നത്. ഗവര്‍ണര്‍ പ്രഖ്യാപിച്ച ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ തീരുമാനം ഇതിനകം പ്രാബല്ല്യത്തില്‍ വന്ന് കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഇന്നലെ സഭയില്‍ അവതരിപ്പിച്ച കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ ബില്ലിലും ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ച് കോടി രൂപ നിര്‍മാണ ചെലവുള്ള പാലങ്ങള്‍ക്കെല്ലാം ടോള്‍ പിരിക്കാമെന്നായിരുന്നു നിലവിലുള്ള വ്യവസ്ഥ. ഇതില്‍ മാറ്റം വരുത്തി പത്ത് കോടി നിര്‍മാണ ചെലവുള്ള പാലങ്ങള്‍ക്ക് ടോള്‍ പിരിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ഇതിനോടൊപ്പമാണ് ഭൂമി ഏറ്റെടുക്കല്‍ ചെലവ് കൂടി നിര്‍മാണ ചെലവില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം. നിര്‍മാണ ചെലവിനേക്കാള്‍ കൂടുതല്‍ ഭൂമി വില ഉയര്‍ന്ന സാഹചര്യത്തിലാണ് ടോളിന്റെ പരിധിയില്‍ ഇത് കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനം.
നികുതി നിരക്ക് പരിഷ്‌കരിച്ച് കൊണ്ട് പുറത്തിറക്കിയ ഏഴ് ഓര്‍ഡിനന്‍സുകള്‍ക്ക് പകരം ഒരു ബില്ലാണ് ധനമന്ത്രി കെ എം മാണി സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് അവതരിപ്പിച്ച ബില്‍ ചര്‍ച്ചകള്‍ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഭൂമിയുടെ ന്യായ വില വര്‍ധന ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂമിയുടെ ന്യായ വില 50 ശതമാനം ഉയര്‍ത്താനും ഇതിനെതിരെ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അണ്ടര്‍ വാല്വേഷന്‍ കേസുകളില്‍ കലക്ടര്‍മാര്‍ക്ക് നടപടിയെടുക്കാവുന്ന സമയപരിധി രണ്ടില്‍ നിന്ന് അഞ്ച് വര്‍ഷമാക്കി ഉയര്‍ത്തി. ഇഷ്ടദാനം, ഭാഗപത്രം, ഒഴിമുറി, ധനനിശ്ചയം എന്നീ വിഭാഗങ്ങളിലെ മുദ്രവിലയുടെ ഉയര്‍ന്ന പരിധി ഒഴിവാക്കും. തോട്ടം ഭൂമിക്ക് നികുതി ഒടുക്കുന്നതിന് ചില വിളകള്‍ക്ക് നല്‍കിയിരുന്ന ഇളവ് പിന്‍വലിക്കും. ഒരു ആര്‍ ഭൂമിക്ക് പഞ്ചായത്തുകളില്‍ അഞ്ച് രൂപയായും മുനിസിപ്പാലിറ്റികളില്‍ പത്ത് രൂപയായും കോര്‍പറേഷനുകളില്‍ 20 രൂപയായും ഭൂനികുതി നിരക്ക് ഉയര്‍ത്തും.
ബിയറിന്റെയും വൈനിന്റെയും നികുതി 50 ശതമാനത്തില്‍ നിന്ന് 70 ശതമാനമായും വിദേശ മദ്യത്തിന്റെ നികുതി 20 ശതമാനവും വര്‍ധിപ്പിക്കും. മോട്ടോര്‍ വാഹന നികുതി കുടിശ്ശിക അടക്കാന്‍ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. 20 ലക്ഷം രൂപയില്‍ കൂടുതല്‍ ക്രയമൂല്ല്യമുള്ള ആഡംബര വാഹനങ്ങള്‍, മോട്ടോര്‍ കാറുകള്‍, മോട്ടോര്‍ ക്യാബുകള്‍, ടൂറിസ്റ്റ് ക്യാബുകള്‍, എന്നിവയുടെ നികുതി നിരക്ക് 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിക്കും.
ടോള്‍ പിരിക്കുന്നതിനുള്ള നിര്‍മാണ ചെലവിന്റെ ഉയര്‍ന്ന പരിധി അഞ്ച് കോടിയില്‍ നിന്ന് പത്ത് കോടിയായി ഉയര്‍ത്തും. ഭൂമി ഏറ്റെടുക്കല്‍ ചിലവ് കൂടി നിര്‍മാണ ചെലവില്‍ ഉള്‍പ്പെടുത്തും. സിഗററ്റുകളിലെ നികുതി നിരക്ക് 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തും.
അടച്ച് പൂട്ടിയ ബാറുകളിലെ ജോലി നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിന് ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്ന നികുതിക്ക് അഞ്ച് ശതമാനം സെസ് ഏര്‍പ്പെടുത്താനും ബില്‍ നിര്‍ദേശിക്കുന്നു.

Latest