Connect with us

National

വിവാദ പ്രസ്താവന നടത്തിയ ബിജെപി മന്ത്രി മാപ്പ് പറഞ്ഞു;രാജി വെക്കണമെന്ന് പ്രതിപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: സാമുദായിക പരാമര്‍ശം നടത്തി വിവാദത്തിന് തിരികൊളുത്തിയ കേന്ദ്ര മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി പാര്‍ലമെന്റില്‍ ഖേദപ്രകടനം നടത്തി. ഡല്‍ഹിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശമാണ് പാര്‍ലിമെന്റില്‍ വിവാദത്തിന് വഴിവെച്ചത്. ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രിയായ സ്വാധി നിരഞ്ജന്‍ ജ്യോതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം രംഗത്തെത്തിയതോടെയാണ് ഖേദപ്രകടനം നടത്തിയത്.
“രാമന്റെ മക്കളോ, നിയമവിരുദ്ധ മക്കളോ? ആര് ഡല്‍ഹി ഭരിക്കണമെന്ന് വോട്ടര്‍മാര്‍ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു”വെന്ന് ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് പാര്‍ലിമെന്റില്‍ പ്രതിപക്ഷം മന്ത്രിക്കെതിരെ ആയുധമാക്കിയത്. ഡല്‍ഹിയില്‍ നടത്തിയ പ്രസംഗം ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും അങ്ങനെ ഒരു പരാമര്‍ശം നടത്തിയതില്‍ അതിയായി ഖേദിക്കുന്നുവെന്നും മന്ത്രി പാര്‍ലിമെന്റില്‍ പ്രസ്താവിച്ചു.
വിഷയം പ്രതിപക്ഷം ഇരു സഭകളിലും ഉന്നയിക്കുകയും സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസംഗം മതേതര മൂല്യങ്ങള്‍ക്കും ഭരണഘടനക്കും വിരുദ്ധമാണെന്ന് ബി എസ് പി നേതാവ് മായാവതി കുറ്റപ്പെടുത്തി. ഇത്തരം ഒരു പ്രസംഗം നടത്തിയതിന് മന്ത്രിക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യണമെന്ന് സി പി എം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബി ജെ പിയുടെ യഥാര്‍ഥ മുഖമാണ് പ്രസംഗത്തിലൂടെ പുറത്തു വന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
ആദ്യം മന്ത്രി തന്റെ പ്രസംഗത്തെ ന്യായീകരിക്കുകയായിരുന്നു. ദേശവിരുദ്ധരെയാണ് താന്‍ പരാമര്‍ശിച്ചതെന്ന് മന്ത്രി വാദിച്ചുനോക്കിയെങ്കിലും അത് വിലപ്പോയില്ല. ഖേദം പ്രകടിപ്പിച്ചെങ്കിലും നിരഞ്ജന്‍ ജ്യോതി രാജിവെക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം.
ഉത്തര്‍ പ്രദേശിലെ ഫത്തേപൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പ്രതിനിധിയാണ് സ്വാധി നിരഞ്ജന്‍. ഇതാദ്യമായാണ് ഇവര്‍ ലോക്‌സഭാംഗമായത്. മന്ത്രിക്ക് നാക്ക് പിഴച്ചതാണെന്നും അത് രാഷ്ട്രീയവത്കരിക്കരുതെന്നും ബി ജെ പി വക്താവ് സാംബിത് പത്ര അഭ്യര്‍ഥിച്ചു.
ഭരണപക്ഷമായാലും പ്രതിപക്ഷമായാലും വാക്കുകള്‍ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അഭിപ്രായപ്പെട്ടു.

Latest