Connect with us

Kerala

ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ കായിക മേള തടസപ്പെടുത്തും: സംയുക്ത സമര സമിതി

Published

|

Last Updated

തിരുവനന്തപുരം: ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്നത് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയും തടസപ്പെടുത്തുമെന്ന് സംസ്ഥാന കായികാധ്യാപക വിദ്യാര്‍ഥി സംയുക്തസമരസമിതി ഭാരവാഹികള്‍ അറിയിച്ചു. കായികാധ്യാപകരുടെ പുനര്‍വിന്യാസം സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് താത്കാലികമായി നടപ്പാക്കേണ്ടതില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച മുന്‍ നിര്‍ദേശങ്ങള്‍ റദ്ദാക്കിയെന്ന് അറിയിച്ച് ഉത്തരവിറക്കിയിരിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി ആര്‍ ഒയാണ്. ഇത്തരത്തിലൊരു ഉത്തരവിറക്കാന്‍ പി ആര്‍ ഒക്ക് അധികാരമില്ല.
അതിനാല്‍, ഇക്കാര്യങ്ങള്‍ സംബന്ധിച്ച് അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. ഇത് അവസാനിപ്പിക്കുന്നതുവരെ കായികാധ്യാപകര്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സംയുക്തസമരസമിതി ചെയര്‍മാന്‍ സാബുജാന്‍, ജനറല്‍ കണ്‍വീനര്‍ സിജു ബി ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കായികാധ്യാപക- വിദ്യാര്‍ഥി അനുപാതം സംബന്ധിച്ച ഡി പി ഐയുടെ ആരോഗ്യ- കായിക വിദ്യാഭ്യാസ പഠനസമിതിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. എസ് എസ് എ ഫണ്ടുപയോഗിച്ച് കായികാധ്യാപകരില്ലാത്ത വിദ്യാലയങ്ങളില്‍ 101 കുട്ടികള്‍ക്ക് യോഗ്യതയുള്ള ഒരു പാര്‍ട്ട് ടൈം കായികാധ്യാപകന്റെ സേവനം ഉറപ്പാക്കണം. ഹയര്‍ സെക്കന്‍ഡറിയിലെ പീരിയഡ് കണക്കിലെടുത്ത് കായികാധ്യാപകനെ അതത് സ്‌കൂളില്‍ നിലനിര്‍ത്തിയ നിയമം തുടരണം. കുട്ടികള്‍ കുറയുമ്പോള്‍ മറ്റധ്യാപകര്‍ക്ക് കുട്ടികളുടെ അനുപാതത്തില്‍ നല്‍കുന്ന ആനുകൂല്യം തത്തുല്യമായി കായികാധ്യാപകര്‍ക്കും നല്‍കണം. ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിദ്യാര്‍ഥികള്‍ക്കും പൂര്‍ണയോഗ്യത നേടിയ മുഴുവന്‍ സമയ കായികാധ്യാപകന്റെ സേവനം ഉറപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വൈസ് ചെയര്‍മാന്‍മാരായ സജുകുമാര്‍, സഞ്ജീവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.