Connect with us

Wayanad

ബ്രഹ്മഗിരി മലനിരകളിലെ ട്രക്കിംഗ് പുനഃരാരംഭിച്ചു

Published

|

Last Updated

തിരുനെല്ലി: മഴക്കാലമായതോടെ നിര്‍ത്തിവച്ചിരുന്ന തിരുനെല്ലി ബ്രഹ്മഗിരി മലകളിലേക്കുള്ള വനംവകുപ്പിന്റെ ട്രക്കിംഗ് പുനഃരാരംഭിച്ചു. കഴിഞ്ഞ മാസം അവസാനവാരം ആരംഭിച്ച ട്രക്കിംഗിനായി വിദേശികളുള്‍പ്പെടെ നിരവധി പേരാണ് തിരുനെല്ലിയിലെത്തുന്നത്.
നേരത്തെ പക്ഷിപാതാളം വരെ നടത്തിയിരുന്ന ട്രക്കിംഗ് രണ്ട് വര്‍ഷം മുമ്പാണ് ബ്രഹ്മഗിരി മലമുകളില്‍ മാത്രമായി ചുരുക്കിയത്. തിരുനെല്ലിയിലെ വനംവകുപ്പിന്റെ കീഴിലുള്ള ഐബി കെട്ടിടത്തില്‍ നിന്നാണ് ട്രക്കിംഗ് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ഇടതൂര്‍ന്ന കാട്ടിലൂടെ അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ബ്രഹ്മഗിരിയിലെ വാച്ച് ടവറിലെത്തുക. വനത്തിലൂടെയുള്ള യാത്രയില്‍ ചെറുതും വലുതുമായ വിവിധയിനം വന്യമൃഗങ്ങളെ സഞ്ചാരികള്‍ക്കു കാണാന്‍ കഴിയും. ചീവീടുകളുടെ ശബ്ദവും പാപനാശിനിയുടെ ഉറവിടവുമെല്ലാം യാത്രയിലുടനീളം സഞ്ചാരികള്‍ക്ക് ഉദ്വേഗവും കുളിര്‍മയും നല്‍കുന്നതാണ്. നാല് കിലോമീറ്ററോളം വനത്തിലൂടെ മലമുകളിലേക്ക് യാത്ര ചെയ്യുന്നതോടെ വിശാലമായ ബ്രഹ്മഗിരി മലകളുടെ കാഴ്ചകള്‍ കണ്ടുതുടങ്ങും. പിന്നീട് ചെറുതും വലുതുമായ നിരവധി മലകളുടെ സംഗമങ്ങളാണ് കാഴ്ചക്കാരെ വരവേല്‍ക്കുന്നത്. ഒരു കിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മലമുകളില്‍ വനംവകുപ്പ് പണിതീര്‍ത്ത വാച്ച് ടവറും വിശ്രമകേന്ദ്രവും ഉപയോഗപ്പെടുത്താം. ഇവിടെ നിന്ന് അരക്കിലോമീറ്റര്‍ കൂടി മുകൡലേക്ക് കയറിയാല്‍ വയനാടിന്റെയും കര്‍ണാടകയുടെയും പ്രദേശങ്ങളും കാണാന്‍ കഴിയും. പാപനാശിനി വനസംരക്ഷണ സമിതിയുടെ ഗൈഡാണ് സഞ്ചാരികളെ കാടിനുള്ളിലേക്ക് കൊണ്ടുപോകുക. ഇക്കോ ടൂറിസത്തിന് കീഴിലുള്ള ബ്രഹ്മഗിരിയിലേക്കുള്ള ട്രക്കിംഗ് ചാര്‍ജുകള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പത് ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുണ്ട്.
അഞ്ച് പേര്‍ വരെ അടങ്ങുന്ന ടീമിന് വിദേശികള്‍ക്ക് 2000 രൂപയും സ്വദേശികള്‍ക്ക് 1500 രൂപയുമാണ് ഫീസ്. രാവിലെ 7.30, എട്ട്, 8.30, ഒമ്പത് സമയങ്ങളിലാണ് ട്രക്കിംഗ് ആരംഭിക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഈ വര്‍ഷം വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നത്. പക്ഷിപാതാളം കാണാനെത്തുന്ന സഞ്ചാരികളാണ് ഇപ്പോള്‍ ബ്രഹ്മഗിരി മല വരെ പോകാന്‍ അനുമതി ലഭിച്ച യാത്രയില്‍ പങ്കെടുക്കുന്നത്. ജനുവരിയോടെ കൂടുതല്‍ നിയന്ത്രണങ്ങളോടെ പക്ഷിപാതാളത്തിലേക്കുള്ള യാത്ര പുനഃരാരംഭിക്കുമെന്നാണ് വനംവകുപ്പ് നല്‍കുന്ന സൂചന.