Connect with us

Kozhikode

അന്യസംസ്ഥാന തൊഴിലാളികളുടെ താമസയിടങ്ങള്‍ ലഹരി ഉത്പന്ന വിപണന കേന്ദ്രങ്ങളാകുന്നു

Published

|

Last Updated

കോഴിക്കോട്: ജോലി തേടി മറുനാടുകളില്‍ നിന്നും എത്തുന്നവര്‍ താമസിക്കുന്ന ഇടങ്ങള്‍ മയക്കുമരുന്നു വിപണന കേന്ദ്രങ്ങളാകുന്നു.
സംസ്ഥാനത്ത് ലഹരി വസ്തുക്കള്‍ നിരോധിച്ച സാഹചര്യത്തിലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധി ലഹരി ഉത്പന്നങ്ങള്‍ ഇവിടേയ്‌ക്കെത്തുന്നത്. ഇത്തരത്തില്‍ 32ഓളം ഉത്പന്നങ്ങളാണ് സംസ്ഥാനത്തേക്കെത്തുന്നതെന്നാണ്‌പോലീസിന് ലഭിച്ച വിവരം. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പോലീസ്.
എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ കണക്കും താമസിക്കുന്ന ഇടങ്ങളും ലഭിക്കാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. ഇവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ കര്‍ശന പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. ട്രെയിന്‍ വഴിയാണ് കൂടുതലായും അന്യസംസ്ഥാനത്ത് നിന്നും തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ബംഗാള്‍, ബീഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതലായും തൊഴിലാളികള്‍ കേരളത്തിലെത്തുന്നത്.
അടുത്തകാലത്തായി ബംഗ്ലാദേശില്‍ നിന്നും ധാരാളം തൊഴിലാളികള്‍ ഇവിടേക്കെത്തുന്നുണ്ട്. ഇവര്‍ കൂട്ടം കൂട്ടമായി എത്തുന്നതിനാല്‍ കൃത്യമായ തെളിവുകളും ലഭിക്കുന്നില്ല.
നാട്ടില്‍ പോയി തിരിച്ചു വരുമ്പോഴാണ് മയക്കുമരുന്നുകളും ലഹരി വസ്തുക്കളും കൊണ്ടുവരുന്നത്. ഇവരില്‍ നിന്നും പതിവായി ഇവ വാങ്ങിക്കാന്‍ എത്തുന്നവരും ഉണ്ട്. ഇത്തരം ഉത്പന്നങ്ങള്‍ ഇരട്ടി വിലക്കാണ് കേരളത്തില്‍ വില്‍ക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനായി പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇവരെ ജോലിയെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്ന തീരുമാനം നടപ്പാക്കും. നേരത്തെ തന്നെ ഈ തീരുമാനമെടുത്തിരുന്നുവെങ്കിലും പ്രാവര്‍ത്തികമാക്കിയിരുന്നില്ല.
ഇത് കര്‍ശനമായി നടപ്പാക്കുന്നതാണ് ആദ്യത്തെ ലക്ഷ്യം. അന്യസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ക്വാര്‍ട്ടേഴ്‌സുകളും വീടുകളും മറ്റും വൃത്തിഹീനമായ സാഹചര്യത്തിലാണ്. ഇത് പരിഹരിക്കാന്‍ വേണ്ട നടപടികളും സ്വീകരിക്കും. ജില്ലാഭരണകൂടം, കോര്‍പറേഷന്‍ എന്നിവരുടെ സഹായത്തോടെയാണ് ഇത് ചെയ്യാന്‍ ലക്ഷ്യമിടുന്നത്.

 

Latest