Connect with us

Editorial

സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം

Published

|

Last Updated

സ്ത്രീകളുടെ യാത്രക്ക് ഏറ്റവും സുരക്ഷിതമായ മാര്‍ഗമായാണ് അടുത്ത കാലം വരെ റെയില്‍വേ വിലയിരുത്തപ്പെട്ടിരുന്നത്. ഇന്നിപ്പോള്‍ തീവണ്ടി യാത്ര അവര്‍ക്കൊരു പേടിസ്വപ്‌നമായി മാറിയിരിക്കുന്നു. ട്രെയിന്‍ യാത്രക്കിടെയുള്ള സ്ത്രീപീഡനങ്ങളും അക്രമങ്ങളും വര്‍ധിച്ചു വരികയാണ്. അപമാനഭയം മൂലം പലരും സംഭവം വെളിപ്പെടുത്താന്‍ വിമുഖത കാണിക്കുന്നതിനാല്‍ പുറം ലോകം അറിയുന്നത് വളരെ തുച്ഛം മാത്രം. മൂന്ന് വര്‍ഷം മുമ്പ് സൗമ്യ മൃഗീയമായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വനിതാ സുരക്ഷാ സേന, നിരീക്ഷണ ക്യാമറകള്‍ തുടങ്ങി സ്ത്രീകള്‍ക്ക് നിര്‍ഭയ യാത്ര ഉറപ്പാക്കുന്നതിന് പല നടപടികളും പ്രഖ്യാപിച്ചിരുന്നു. പിന്നെയും ധാരാളം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുകയും കൈയേറ്റത്തിന് വിധേയരാകുകയുമുണ്ടായി. കണ്ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട തീവണ്ടിയില്‍ കൊണ്ടോട്ടി സ്വദേശിനിയെ ഒരു നിഷ്ഠൂരന്‍ തീകൊളുത്തി കൊന്നത് കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ്.
കേരളത്തില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പഴിചാരി കൈ കഴുകുകയാണ് പതിവ്. റെയില്‍വേ യാത്രക്കാരുടെ സുരക്ഷ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കൂട്ടുത്തരവാദിത്തമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ബാധ്യത പരമാവധി നിര്‍വഹിച്ചിട്ടുണ്ടെന്നുമാണ് സംസ്ഥാന ആഭ്യന്തര മന്ത്രി പറയുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തും കടുത്ത അനാസ്ഥയുണ്ടെന്നാണ് റെയില്‍വേ ജീവനക്കാരുടെ പരാതി. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ സായുധരായ രണ്ട് വനിതാ പോലീസുകാരെ നിയമിക്കണമെന്നും ട്രെയിനില്‍ ആധുനിക ആശയവിനിമയ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്കായി കേരളത്തിലേക്ക് ഒരു ബറ്റാലിയന്‍ വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് റെയില്‍വേ സുരക്ഷാ സേനയും ശിപാര്‍ശ ചെയ്തിരുന്നതാണ്. ഒന്നും നടപ്പിലായില്ല. വനിതാ കോച്ചില്‍ പ്രത്യേക അലാറം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവും പ്രഖ്യാപനത്തില്‍ ഒതുങ്ങി. സൗമ്യ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന തൃശൂര്‍ റെയില്‍വേ കണ്‍സല്‍ട്ടേറ്റീവ് യോഗത്തില്‍ റെയില്‍വേ അസിസ്റ്റന്റ് കമേഴ്‌സ്യല്‍ ഓഫീസറാണ് സ്വിച്ച് അമര്‍ത്തിയാല്‍ ഗാര്‍ഡന്റെ റൂമില്‍ ശബ്ദം മുഴങ്ങുന്ന വിധം അലാറം സ്ഥാപിക്കുമെന്ന് പ്രസ്താവിച്ചത്.
ട്രെയിനില്‍ നടക്കുന്ന ആക്രമണങ്ങളിലെ പ്രധാന വില്ലന്‍ മദ്യമാണ്. പിടിയിലായവരില്‍ ബഹുഭൂരിഭാഗവും സംഭവ സമയത്ത് മദ്യലഹരിയായിരുന്നുവെന്ന് അന്വഷണോദ്യോഗസ്ഥറുടെ റിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പതിവു കാഴ്ചയാണ് ടെയിനിലെ മദ്യപാനം. ദീര്‍ഘദൂര വണ്ടികളില്‍ പ്രത്യേകിച്ചും. ട്രെയിനുകളിലെ ജീവനക്കാരില്‍ പലരും തന്നെ മദ്യവില്‍പനക്കാരുമാണ്. റെയില്‍വേയുടെ ആഡംബര ടൂറിസ്റ്റ് വണ്ടികളില്‍ ഔദ്യോഗികമായി തന്നെ മദ്യം വിളമ്പുന്നു. ടിക്കറ്റ് പരിശോധകര്‍ ട്രെയിനിലെ സമൂഹ മദ്യപാനത്തിന് നേതൃത്വം നല്‍കുന്ന സംഭവങ്ങളും വിരളമല്ല. ഇത് അവസാനിപ്പിക്കണം. മദ്യപരുടെ യാത്ര തടയാന്‍ നിയമപരമായി അധികാരമില്ലെങ്കിലും യാത്രാവേളകളിലെ മദ്യോപയോഗം റെയില്‍വേക്ക് തടയാവുന്നതാണ്. എങ്കില്‍ തന്നെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ വലിയരൊളവോളം കുറക്കാനാകും.
മിക്ക വണ്ടികളിലും വനിതാ കോച്ചുകള്‍ ഏറ്റവും പിന്നിലാണ്. പ്ലാറ്റ് ഫോമിന്റെ വലത്തേ അറ്റത്ത് രാത്രിയില്‍ സ്‌റ്റേഷനിലെ വെളിച്ചം എത്തിപ്പെടാത്ത ഭാഗത്തായിരിക്കും ഈ കോച്ച് വന്നു നില്‍ക്കുക. സാമൂഹിക വിരുദ്ധര്‍ക്ക് ഇതൊരു സൗകര്യമാണ്. വനിതാ കോച്ച് മധ്യത്തിലേക്ക് മാറ്റുന്നതാണ് സ്ത്രീകള്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവും. വളരെക്കാലമായി യാത്രക്കാര്‍ ഈ ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ട്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി അടുത്തിടെ മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കുകയുണ്ടായി. വനിതാ കോച്ചില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഗാര്‍ഡിന്റെ സഹായം കിട്ടാനാണ് കോച്ച് പുറകിലാക്കിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം. പക്ഷേ, കംപാര്‍ട്ടുമെന്റില്‍ എന്തു സംഭവിച്ചാലും മിക്കവാറും ഗാര്‍ഡുമാര്‍ അറിയാറില്ലെന്നതാണ് അനുഭവം.
പണം മുടക്കി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തെത്തിക്കാനുള്ള ബാധ്യത റെയില്‍വേക്കുണ്ട്. റെയില്‍വേയുടെ വരുമാനത്തില്‍ നല്ലൊരു പങ്ക് സുരക്ഷക്കായി മാറ്റിവെക്കുന്നുമുണ്ട്. എന്നിട്ടും യാത്രക്കാര്‍ വിശിഷ്യാ സ്ത്രീകള്‍ ഭീതിയോടെ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം സര്‍ക്കാറിനും രാജ്യത്തിനു തന്നെയും നാണക്കേടാണ്. ജനശ്രദ്ധയാകര്‍ഷിക്കുന്ന എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോള്‍ പേരിന് ചില നടപടികള്‍ സ്വീകരിക്കുന്ന പതിവു ശൈലി ഉപേക്ഷിച്ചു പ്രായോഗികവും ഫലപ്രദവുമായ സ്ഥിരം സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ റെയില്‍വേ സന്നദ്ധമാകേണ്ടതുണ്ട്.

Latest