Connect with us

Gulf

38 വര്‍ഷത്തെ പ്രവാസത്തിന് വിട അബൂബക്കര്‍ ഇനി തൃശൂരില്‍

Published

|

Last Updated

ഷാര്‍ജ: 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി തൃശൂര്‍, തളിയിലെ തോട്ടമൂച്ചിക്കല്‍ അബൂബക്കര്‍ നാട്ടിലേക്ക് മടങ്ങുന്നു. പതിനെട്ടു വര്‍ഷത്തോളമായി അജ്മാന്‍ ഫ്രീസേണില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തു വരുകയാണ്. 1976ലായിരുന്നു പ്രവാസ ഭൂമിയിലെത്തിയത്. മുംബൈയില്‍ നിന്നു മുഹമ്മദിയ്യ എന്ന പാക്കിസ്ഥാന്‍ കപ്പലില്‍ ആദ്യം എത്തിയത് ബഹ്‌റൈനിലായിരുന്നു. 20 വര്‍ഷത്തോളം അവിടെ ജോലി നോക്കിയ ശേഷം യു എ ഇയിലെത്തി. 250 പേരോടൊപ്പമാണ് 54 കാരനായ അബൂബക്കര്‍ എത്തിയത്. 11 ദിവസത്തെ ദുര്‍ഘടം പിടിച്ച യാത്രക്കു ശേഷമായിരുന്നു കപ്പല്‍ ബഹ്‌റൈനില്‍ കരക്കണിഞ്ഞത്. കുറേ പേര്‍ അവിടെ ഇറങ്ങി. ശേഷിക്കുന്നവര്‍ കുവൈത്തിലേക്ക് തിരിച്ചു. തന്റെ യാത്ര അനുഭവങ്ങള്‍ അബൂബക്കര്‍ വിവരിച്ചു.
പത്താം തരം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 16-ാം വയസിലാണ് മധുരിക്കുന്ന ഒരു പിടി സ്വപ്‌നങ്ങളുമായി അബൂബക്കര്‍ സ്വര്‍ണം വിളയുന്ന നാട്ടില്‍ വന്നിറങ്ങിയത്. ഇരുള്‍ നിറഞ്ഞകപ്പലായിരുന്നു യാത്രയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസില്‍ നിറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്ര തുടങ്ങി നാലാമത്തെ ദിവസമാണ് വെളിച്ചം കാണാനായത്. ഒമാനില്‍ വെച്ചായിരുന്നുവത്രെ അത്. വെളിച്ചം കണ്ടപ്പോള്‍ സന്തോഷം തോന്നി. പിന്നീട് ദുഃഖിച്ചു. കൂടെയുണ്ടായിരുന്ന ഒരാള്‍ മരിച്ചതിനാലാണ് വെളിച്ചം തെളിച്ചതെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഫ്രീസോണിലേത് മെച്ചപ്പെട്ട ജോലിയായിരുന്നു. മക്കളായ സിദ്ദീഖ്, ഷമീര്‍, ജഅ്ഫര്‍ എന്നിവര്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കി.
അവരിപ്പോള്‍ വിവിധ എമിറേറ്റുകളില്‍ നല്ല നിലയില്‍ ജീവിക്കുന്നു. മറ്റൊരു മകന്‍ ഫാസില്‍ നാട്ടിലാണ്. ഭാര്യ മറിയക്കുട്ടിയോടൊപ്പം നാട്ടില്‍ സന്തോഷത്തോടെ ജീവിക്കാനാണ് ശിഷ്ടകാലം ആഗ്രഹിക്കുന്നതെന്നു അബൂബക്കര്‍ പറഞ്ഞത്.
അജ്മാനില്‍ സാമൂഹിക, ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഇന്ദിരാഗാന്ധി വീക്ഷണം ഫോറം അജ്മാന്‍ കമ്മിറ്റി ട്രഷററായിരുന്നു. ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ അംഗമായും പ്രവര്‍ത്തിച്ചു. ഫ്രീസോണ്‍ അധികൃതര്‍ ഈഷ്മളമായ യാത്രയയപ്പ് നല്‍കി.

Latest