Connect with us

Wayanad

ശതദിനം ശുഭദിനം: കുടുംബശ്രീ പ്രത്യേക ക്യാമ്പയിന്‍

Published

|

Last Updated

കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പദ്ധതികളും പരിപാടികളും ശാസ്ത്രീയമായി നടപ്പിലാക്കാന്‍ ശതദിനം ശുഭദിനം ക്യാമ്പയിന്‍ തുടങ്ങി. ക്യാമ്പയില്‍ കുടുംബശ്രീ സംസ്ഥാന മിഷന്‍ ഡയറക്ടര്‍ പി എന്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
ശതദിനം ശുഭദിനം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ മിഷന്‍, കുടംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കും. പുതുതായി രണ്ടാംഘട്ട അഗതി ആശ്രയ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും. ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ (ബി.ആര്‍.സി) തുടങ്ങും. പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരണം പൂര്‍ത്തിയാക്കും. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പദ്ധതികള്‍ ഏറ്റെടുക്കും. മൃഗസംരക്ഷണ മേഖലയില്‍ പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റി, മൃഗസംരക്ഷണ വകുപ്പ് എന്നിവരുമായി ചേര്‍ന്ന് ക്ഷീരസാഗരം, ആട്ഗ്രാമം, കോഴിക്കൂട്ടം പദ്ധതികളും, കാര്‍ഷിക മേഖലയില്‍ അമ്പലവയല്‍ ആര്‍.എ.ആര്‍എസ്, കെ.വി.കെ, കൃഷി വകുപ്പ് എന്നിവരുമായി സംയോജിച്ച് 300 മാസ്റ്റര്‍ ഫാര്‍മേഴ്‌സിന് വൈദഗ്ദ്ധ്യ പരിശീലനം നല്‍കി കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കാന്‍ സജ്ജമാക്കും.
എസ്.ജെ.എസ്.ആര്‍.വൈ പദ്ധതി പ്രകാരം കല്‍പ്പറ്റ നഗരസഭയില്‍ വസ്ത്ര ഗ്രാമം, സൂതിക ശ്രീ, വിപണന കേന്ദ്രം, കഫേ ശ്രീ, ആട് ഗ്രാമം എന്നി പദ്ധതികള്‍ നടപ്പാക്കും.
ഗോത്ര മേഖലയില്‍ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പിലാക്കുന്ന സൂക്ഷ്മ തല ആസൂത്രണം, ശതദിനം പരിപാടികള്‍ വേഗത്തിലാക്കും.
അഗതി ആശ്രയ പദ്ധതികള്‍ക്ക് അനുമതി ലഭിച്ച തരിയോട്, മുള്ളന്‍കൊല്ലി, പനമരം, പൂതാടി, കല്‍പ്പറ്റ, മൂപ്പൈനാട് എന്നീ പഞ്ചായത്തുകളിലെ 8 പദ്ധതികള്‍ക്കുള്ള ചെക്കുകളും, കുടുംബശ്രീ സ്ത്രീ സുരക്ഷ ഭീമാ യോജന പദ്ധതിയിലെ അംഗങ്ങളായവരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള വിസ്തൃതി ബോണസ് തുടങ്ങിയ പദ്ധതിയുടെ ചെക്കുകളും ചടങ്ങില്‍ വിതരണം ചെയ്തു.
കുടുംബശ്രീ സ്ത്രീ സുരക്ഷ ഭീമാ യോജന പദ്ധതിയിലെ അംഗങ്ങളായവരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 16 സി.ഡി.എസുകള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.കെ അസ്മത്ത് വിതരണം ചെയ്തു. അഗതി ആശ്രയ പദ്ധതികള്‍ക്കുള്ള ചെക്കുകള്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി ചാക്കോ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത എന്നിവര്‍ വിതരണം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ കെ മുംതാസ് കാസിം സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest