Connect with us

Kozhikode

പ്രഖ്യാപിച്ച നടപടികളൊന്നുമില്ല; യാത്രക്കാര്‍ വലയുന്നു

Published

|

Last Updated

കോഴിക്കോട്: ജനങ്ങളുടെ ദുരിതത്തിന് പുല്ലുവില കല്‍പ്പിച്ച് ഒരു വിഭാഗം ബസ് ഉടമകള്‍ നടത്തുന്ന സമരം അഞ്ചാം ദിവസവും ശക്തം. സമരത്തെ നേരിടുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം അറിയിച്ചെങ്കിലും കാര്യമായ ഒരു നടപടിയും ഉണ്ടായില്ല.
യാത്രാ പ്രശ്‌നം ഒഴിവാക്കാന്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ജീവനക്കാരുടെ കുറവിനാല്‍ ശരിയായ രീതിയില്‍ സര്‍വീസ് നടത്താന്‍ കെ എസ് ആര്‍ ടി സിക്കും കഴിയുന്നില്ല.
പുതിയ ബസ്സ്റ്റാന്‍ഡ് വഴി സര്‍വീസ് അനുവദിക്കണമെന്ന് ബസ് ഉടമകളും അനുവദിക്കാന്‍ കഴിയില്ലെന്ന് ട്രാഫിക്ക് പോലീസും ഉറച്ച് നില്‍ക്കുന്നതോടെ യാത്രക്കാര്‍ പെരുവഴിയിലായിരിക്കുകയാണ്.
കെ എസ് ആര്‍ ടി സി ബസുകളില്‍ കയറിപ്പറ്റാനാകാത്ത വിധം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാര്‍ തിങ്ങി നിറയുന്നതിനാല്‍ ബസുകള്‍ പതിവിലും വേഗത കുറച്ചാണ് ഓടുന്നത്. ഇതിനാല്‍ ഏറെ വൈകിയാണ് പല ബസുകളും ലക്ഷ്യസ്ഥാനത്തെത്തുന്നത്.
മാവൂര്‍, മുക്കം, കൂടരഞ്ഞി, തിരുവമ്പാടി, കുന്ദമംഗലം ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ് ഈ യാത്രാ ദുരിതമനുഭവിക്കുന്നത്. ഇതിന് സത്വര പരിഹാരം കാണണമെന്ന് എ ഐ ടി യു സി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രണ്ട് ബസ് ഉടമസ്ഥ സംഘങ്ങള്‍ തമ്മിലുള്ള കൊള്ളലാഭത്തിന് വേണ്ടിയുള്ള കിടമത്സരവും ട്രാഫിക്ക് പോലീസിന്റെ പിടിവാശിയും ജില്ലാ ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥതയുമാണ് ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ദുരിത്തതിന് കാരണമെന്ന് യോഗം വിലയിരുത്തി.
യോഗത്തില്‍ പ്രസിഡന്റ് ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കെ ജി പങ്കജാക്ഷന്‍, ഇ സി സതീശന്‍, പി വി മാധവന്‍, അബ്ബാസ് മേലാത്ത്, പി കെ നാസര്‍, സി സുന്ദരന്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest