Connect with us

Kasargod

തുറമുഖ മണലിന് ഇ-മണല്‍ സംവിധാനം വേണമെന്ന്

Published

|

Last Updated

കാസര്‍കോട്: ജില്ലയില്‍ തുറമുഖ മണല്‍ വിതരണത്തിന് സുതാര്യമായ രീതിയില്‍ പഴയ രീതിയില്‍ ഇ മണല്‍ സംവിധാനമേര്‍പ്പെടുത്തണമെന്ന് ജില്ലാ വികസന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലയില്‍ ലഭിക്കുന്ന മണലിന്റെ 60 ശതമാനവും തുറമുഖ മണലാണ്. ബാക്കി മാത്രമാണ് ആറ്റുമണല്‍. തുറമുഖ മണല്‍ കുറച്ചുപേര്‍ മാത്രം തട്ടിയെടുക്കുന്ന രീതിയിലുള്ള സംവിധാനമാണ് നിലവിലുള്ളത്. 2013 മെയ് മാസത്തിനുശേഷം തുറമുഖ മണല്‍ ആര്‍ക്കാണ് നല്‍കിയതെന്ന സമഗ്രമായ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയിലെ 31 വികസന വകുപ്പുകള്‍ക്ക് 431.32 കോടി രൂപ അനുവദിച്ചതില്‍ 116.94 കോടി രൂപ (27 ശതമാനം) മാത്രമാണ് ചെലവഴിച്ചത്. ജീവനക്കാരുടെ കുറവ് വികസന പദ്ധതികളെ ബാധിക്കുന്നു. ജില്ലയില്‍ 40 ശതമാനത്തോളം ജീവനക്കാരുടെ കുറവുണ്ട്. എന്‍ഡോസള്‍ഫാന്‍ പാക്കേജിലെ പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാപഞ്ചായത്തിലെ എല്‍എസ്ജിഡി എന്‍ജിനിയര്‍ ഓഫീസിലേക്ക് മൂന്നു ജീവനക്കാരെക്കൂടി നിയമിക്കാന്‍ അനുമതി നല്‍കി.
ജില്ലയിലെ 2, 4, 6 കന്നട ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായി പാഠപുസ്തകം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡി ഡി ഇ അറിയിച്ചു. ആര്‍എം എസ് എ സ്‌കൂളുകളില്‍ 35 അധ്യാപക ഒഴിവുണ്ട്. നീലേശ്വരം എക്‌സൈസ് ഓഫീസും ക്വാട്ടേഴ്‌സും പ്രവര്‍ത്തനക്ഷമമാക്കാന്‍ ബന്ധപ്പെട്ട എക്‌സൈസ് പൊതുമരാമത്ത് കെ എസ് ഇബി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു നടപടി യെടുക്കണം. ചീമേനിയില്‍ 115 പേര്‍ക്ക് കൈവശ ഭൂമിക്കുള്ള പട്ടയം നല്‍കുമെന്ന് എഡിഎം അറിയിച്ചു.
വെളളരിക്കുണ്ട് താലൂക്കിലെ പട്ടഌ പട്ടികവര്‍ഗ കോളനി ഗാന്ധി ഗ്രാമത്തില്‍ ബാക്കിയുള്ള 14 പേര്‍ക്ക് പട്ടയം നല്‍കും. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കുള്ള പൊന്‍പുലരി പദ്ധതി നടപ്പാക്കാന്‍ പത്തുലക്ഷം രൂപ ആവശ്യമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു.
തുക എംഎല്‍എ ഫണ്ടില്‍നിന്നും അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് എം എല്‍ എമാര്‍ ആവശ്യപ്പെട്ടു. കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ), പി ബി അബ്ദുറസാഖ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി എന്നിവര്‍ പ്രസംഗിച്ചു.