Connect with us

Gulf

മലിനജലം പൂര്‍ണമായി പുനരുപയുക്തമാക്കാന്‍ അബുദബി പദ്ധതിയിടുന്നു

Published

|

Last Updated

water_0917അബുദാബി: വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് മലിനപ്പെടുന്ന ജലം 100 ശതമാനം പുനരുപയുക്തമാക്കാന്‍ അബുദാബി പദ്ധതി തയ്യാറാക്കുന്നു. 2030 ആവുമ്പോഴേക്കും അബുദാബിയിലെ ജനസംഖ്യ 50 ലക്ഷമായി വര്‍ധിക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരം ഒരു നടപടിക്ക് അധികൃതര്‍ കച്ചമുറുക്കുന്നത്.

ജനസംഖ്യ കുത്തനെ ഉയരുന്നതോടെ നിലവില്‍ ആവശ്യമായതിന്റെ ഇരട്ടി ജലമാവും 2030 കാലഘട്ടത്തില്‍ ആവശ്യമായി വരിക. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടാന്‍ ലക്ഷ്യമിട്ടാണ് മലിനജലം പുനരുപയുക്തമാക്കാന്‍ കഴിയുന്ന പദ്ധതികള്‍ നടപ്പാക്കി ജലത്തിന്റെ ആവശ്യം നിര്‍വഹിക്കുന്നതില്‍ സുസ്ഥിര വികസനം ലക്ഷ്യമിടുന്നത്.
വര്‍ഷത്തില്‍ 28.4 കോടി ക്യൂബിക് മീറ്റര്‍ മലിനജലമാണ് നഗരത്തില്‍ രൂപപ്പെടുന്നത്. ഇതിന്റെ 60 ശതമാനവും ശുദ്ധീകരിച്ച് ജല സേചനത്തിനായി ഉപയോഗിക്കുകയാണ്. കൃഷി നനക്കാന്‍, ഉദ്യാനങ്ങളില്‍ ഉപയോഗിക്കാന്‍, മരം വെച്ചുപിടിപ്പിക്കുന്ന ഇടങ്ങളിലെ വെള്ളത്തിന്റെ ആവശ്യം നിര്‍വഹിക്കാന്‍ എന്നിങ്ങനെയാണ് ഇവ ഉപയോഗപ്പെടുത്തുന്നത്. ബാക്കിവരുന്ന 40 ശതമാനം മലിന ജലം കടലില്‍ തള്ളേണ്ടുന്ന സ്ഥിതിയാണ്. ഇപ്പോഴുള്ളത്.
മലിനജലം കൂടിയതോതില്‍ കടലില്‍ എത്തുന്നത് കടല്‍ ജീവികളുടെ സുരക്ഷക്കും ആവാസ വ്യവസ്ഥക്കും ഭീഷണിയാവുന്നുണ്ട്.
മലിനജലം ശുദ്ധീകരിക്കുന്ന സ്ഥലങ്ങളിലേക്ക് ജലം എത്തിക്കാനുള്ള ബുദ്ധിമുട്ടും കടലില്‍ തള്ളുന്നതിന് ഇടയാക്കുന്നു. ഈ അവസ്ഥക്ക് പരിഹാരം കാണാനായാണ് അബുദാബി നഗരസഭയും അബുദാബി സിവേജ് സര്‍വീസസ് കമ്പനി (എ ഡി എസ് എസ് സി)യും പുതിയ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
എന്‍വയണ്‍മെന്റ് ഏജന്‍സി അബുദാബിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.