Connect with us

Malappuram

പോരൂര്‍ പഞ്ചായത്ത് ഭരണം; സി പി എം അവിശ്വാസത്തിന്; പിന്തുണയുമായി മുസ്‌ലിം ലീഗ്‌

Published

|

Last Updated

വണ്ടൂര്‍: പോരൂര്‍ പഞ്ചയാത്തിലെ യു ഡി എഫ് ഭരണ സമിതിക്കെതിരെ എല്‍ ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരും. യു ഡി എഫിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ അവിശ്വാസത്തിലൂടെ ഭരണം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സി പി എം അതെസമയം സി പി എം അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണക്കാന്‍ മുസ്‌ലിം ലീഗും തീരുമാനിച്ചതോടെ പോരൂരില്‍ വീണ്ടും സി പി എമ്മും മുസ്്‌ലിം ലീഗും കൂട്ടുകെട്ടിന് കളമൊരുങ്ങി.
ഇന്നലെ ഉച്ചയോടെയാണ് പഞ്ചായത്തിലെ ആറ് അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് വണ്ടൂര്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ജെ ജയപ്രകാശിന് കൈമാറിയത്.
കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ച് മുസ്്‌ലിം ലീഗ് അംഗങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ശങ്കരന്‍ നമ്പൂതിരിക്ക് കത്ത് നല്‍കിയിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്ത് നോട്ടീസ് നല്‍കിയത്. നിലവില്‍ കോണ്‍ഗ്രസ്- ഏഴ്, മുസ്്‌ലിം ലീഗ്- മൂന്ന്, സി പിഎം-അഞ്ച്്, എന്‍ സി പി-ഒന്ന്, സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷി നില. യു ഡി എഫ് ഭരണ സമിതിയുടെ അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനം മുസ്്‌ലിലീഗിന് വേണമെന്നായിരുന്നൂ ആവശ്യം. ഇത് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മുസ്്‌ലിംലീഗ് യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ചത്. ഭരണസമിതി അധികാരത്തില്‍ വരുന്ന സമയത്ത് തന്നെ ഇത്തരത്തില്‍ ധാരണയുണ്ടാക്കിയിരുന്നുവെന്നാണ് മുസ്്‌ലിം ലീഗിന്റെ അവകാശ വാദം. എന്നാല്‍ ലീഗിന് അടിമപണി ചെയ്യുന്ന പ്രശ്‌നമില്ലെന്നും പിന്തുണ പിന്‍വലിച്ചാലും ഒറ്റക്ക് മുന്നോട്ട് പോകുമെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും മണ്ഡലം കണ്‍വെന്‍ഷനുകളും പ്രകടനങ്ങളും നടത്തിയിരുന്നു. അതെസമയം ഭരണ സമിതിക്കെതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് മുസ്്‌ലിം ലീഗ് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് മണ്ഡലം ട്രഷറര്‍ വിഎ കെ തങ്ങള്‍ അറിയിച്ചു.