Connect with us

Malappuram

ചികിത്സിക്കാന്‍ പണമില്ല; ആദിവാസി യുവതി അവശനിലയില്‍

Published

|

Last Updated

കാളികാവ്: ദാരിദ്ര്യവും പട്ടിണിയും മൂലം ചോക്കാട് ഗ്രാമ പഞ്ചായത്തിലെ നെല്ലിയാംപാടം ആദിവാസികള്‍ കടുത്ത ദുരിതത്തില്‍. ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ കോളനിയിലെ 27 കാരിയായ യുവതി അവശനിലയില്‍.
കോളനിയിലെ നെല്ലിയാംപാടം നീലിയുടെ നാല് പെണ്‍മക്കളില്‍ ഇളയവളായ അമ്പിളിയാണ് എഴുനേല്‍ക്കാന്‍ പോലും കഴിയാതെ അവശയായി കഴിയുന്നത്. തലവേദന കാരണം അമ്പിളിയെ പല ആശുപത്രിയിലും ചികിത്സിച്ചെങ്കിലും രോഗം മൂര്‍ച്ചിക്കുകയായിരുന്നു. ശരീരമാസകലം വേദനയും തളര്‍ച്ചയും കാരണം 23 ദിവസക്കാലം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. കൂടുതല്‍ അവശയായ അമ്പിളിയെ ഡിസ്ചാര്‍ജ്ജ് ചെയ്ത് വിടുകയാണ് ചെയ്തതെന്ന് അമ്മ നീലി പറഞ്ഞു. വണ്ടിക്കൂലിക്ക് പോലും വകയില്ലാത്ത ഇവര്‍ നിലമ്പൂര്‍ ഐ ടി ഡി പിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഓട്ടോറിക്ഷക്കുള്ള വാടക പോലും അനുവദിച്ചില്ല. ബസില്‍പോകാനാണ് അധികൃതര്‍ പറഞ്ഞതെന്ന് നീലി പറഞ്ഞു. രണ്ട് പേരുടെയെങ്കിലും പരസഹായമില്ലാതെ അനങ്ങാന്‍ പോലും കഴിയാതെ ദുരിതത്തിലായ യുവതിയും കുടുംബവും പട്ടിണിയിലുമാണ്.
ആണ്‍മക്കളില്ലാത്ത വൃദ്ധയായ നീലിയുടെ കുടുംബത്തിന് അയല്‍വാസികളും നാട്ടുകാരുമാണ് ആകെയുള്ള സഹായം. വെളിച്ചം തട്ടാത്ത ഇരുട്ട് മുറിയില്‍ കട്ടില ഇല്ലാത്തതിനാല്‍ നിലത്താണ് അമ്പിളി കിടക്കുന്നത്. ഇരുപത് കുടുംബങ്ങള്‍ താമസിക്കുന്ന കോളനിക്കാരെ അധികൃതര്‍ പാടെ അവഗണിച്ചിരിക്കുകയാണ്.
പണിയ വിഭാഗത്തില്‍പെട്ട കോളനിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ പലതും കോളനിയില്‍ എത്താറില്ല. പണിയ വിഭാഗക്കാര്‍ക്ക് നൂറ് ദിനം പോഷകാഹാരം പാകം ചെയ്ത് നല്‍കുന്ന കുടുംബശ്രീയുടെ പദ്ധതിയും കോളനിക്കാര്‍ക്ക് നല്‍കിയിട്ടില്ല. ഓണക്കാലത്ത് ഐ ടി ഡി പി വക നല്‍കാറുള്ള സഹായങ്ങളും നെല്ലിയാംപാടം ആദിവാസികള്‍ക്ക് എത്താറില്ല. ജോലിയില്ലാത്തതിനാല്‍ കോളനിക്കാര്‍ പട്ടിണിയിലാണെന്ന് മൂപ്പന്‍ വെള്ളന്‍ പറഞ്ഞു. പോഷകാഹാരം കിട്ടാത്തതിനാല്‍ കോളനിയിലെ കുട്ടികള്‍ നിരവധി രോഗങ്ങള്‍ക്ക് അടിമകളാണ്.
വൃക്ക രോഗം ബാധിച്ച് ചികിത്സയിലുള്ളവരും കോളനിയിലുണ്ട്. കോളനിക്കാരുടെ വീടുകള്‍ മിക്കതും ജീര്‍ണാവസ്ഥയിലാണ്. കടുത്ത ദാരിദ്ര്യം കാരണം ഇത്തവണ കോളനിക്കാരുടെ വീട്ടുമുറ്റത്ത് പൂക്കളങ്ങളുമില്ല. കോളനിയെ അവഗണിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ജില്ലാകലക്ടര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.
ഭക്ഷണം നല്‍കാന്‍ കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്ററോട് നിര്‍ദേശിച്ചിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.

Latest