Connect with us

Wayanad

ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയണമെന്ന് വികസന സമിതി

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നുള്ള ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ്‌പോക്ക് തടയണമെന്ന് ജില്ലാ വികസന സമിതി യോഗം എസ്.എസ്.എ. അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യൂ.പി, ഹൈസ്‌കൂള്‍ മേഖലകള്‍ക്കുപരി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള ചവിട്ടുപടിയായ ഹയര്‍സെക്കണ്ടറി മേഖലയില്‍ നിന്നുള്ള കൊഴിഞ്ഞ്‌പോക്ക് ഗൗരവമായി കാണണമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.
ഉന്നത വിജയം നേടിയിട്ടും ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാത്തത് സംബന്ധിച്ച് അധികൃതരില്‍ നിന്ന് വിശദീകരണം തേടും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ, ആര്‍.എം.എസ്.എ, ഡയറ്റ് എന്നിവയുടെ സംയുക്തയോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ക്ക് സെപ്റ്റംബര്‍ 15 നകം എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കണമെന്ന് തദ്ദേശഭരണ വകുപ്പ് എക്‌സി. എന്‍ജിനീയര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
സാമ്പത്തിക വര്‍ഷം തുടങ്ങി നാളിതുവരെയായിട്ടും ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചില്ലെന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രമേയം അവതരിപ്പിച്ച ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി പി.കെ. അസ്മത്ത് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വിഹിതം കൂടി കണക്കാക്കിയാണ് ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി തയ്യാറാക്കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് അംഗീകാരം ലഭിക്കാത്തത്മൂലം ഗ്രാമപഞ്ചായത്തുകളുടെ വികസന പദ്ധതികള്‍ തടസ്സപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടം ഏറെ ശോചനീയാവസ്ഥയിലായതിനാല്‍ പുതിയ കെട്ടിടം പണിയുന്നതുവരെ കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ മാനന്തവാടിയിലുള്ള കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുന്നതിന് അനുവദിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.
കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഈ കെട്ടിടത്തില്‍ ഭാഗികമായി മാത്രമാണ് നടക്കുന്നതെന്നും ഡി.എം.ഒ. അറിയിച്ചു.
വിദ്യാഭ്യാസ വായ്പ സംബന്ധിച്ച റിസര്‍വ്വ്ബാങ്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ബേങ്കുകള്‍ പാലിക്കുന്നുണ്ടെന്നും ഇവ കൃത്യമായി ബാങ്കുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണമെന്ന് ലീഡ്ബാങ്ക് മാനേജര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.
ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു വാര്‍ഡിലേക്കുള്ള റോഡ് കൈയ്യേറിയുള്ള അനധികൃത പാര്‍ക്കിങ്ങും തെരുവോര കച്ചവടവുംമൂലം രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ജീവനക്കാര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നതായി ഡി.എം.ഒ. ഡോ. നിത വിജയന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് യോഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ നിരവധി റോഡുകള്‍ മഴക്കാലമായതോടെ തകര്‍ന്ന അവസ്ഥയിലാണെന്ന് പ്രമേയമവതരിപ്പിച്ച കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍ അറിയിച്ചു.
അറ്റകുറ്റപ്പണി നടത്തിയ റോഡുകളുടെ വിശദവിവരങ്ങളുടെ റിപ്പോര്‍ട്ട് അടുത്ത വികസന സമിതി യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് നല്‍കണം. ജില്ലയിലെ ഒഴിവുള്ള ഉന്നത തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് വികസന സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ തുടങ്ങി നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത് വികസനക്ഷേമ പദ്ധതികള്‍ വൈകിക്കാന്‍ ഇടയാക്കുന്നതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
വിരമിച്ച മുന്‍ എ.ഡി.എം. എന്‍.ടി. മാത്യുവിന് വികസന സമിതി യോഗം യാത്രയയപ്പ് നല്‍കി.
മികച്ച ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ പി.യു. ദാസിന് ഉപഹാരം നല്‍കി. പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രതിനിധി പ്രഭാകരന്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.