Connect with us

Malappuram

നീതി നിഷേധത്തിനെതിരെ താക്കീതായി പ്രതിഷേധ റാലി

Published

|

Last Updated

മലപ്പുറം: ഭരണകൂടത്തിനും പോലീസിനും കനത്ത താക്കീത് നല്‍കി ആയിരങ്ങള്‍ മലപ്പുറത്ത് പ്രതിഷേധസാഗരം തീര്‍ത്തു. നീതിനിഷേധത്തിനെതിരെ ജില്ലാ സമസ്തയുടെ നേതൃത്വത്തില്‍ സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി മലപ്പുറം എസ് പി ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്.
വിഘടിത, രാഷ്ട്രീയ, ഭരണ, പോലീസ് അവിശുദ്ധ കൂട്ടുകെട്ടിനെ മാര്‍ച്ച് ചോദ്യം ചെയ്തു. സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ പോലും സങ്കുചിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അക്രമത്തിന് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്ന വിഘടിതരെ സഹായിക്കുന്ന നിലപാട് പോലീസ് അവസാനിപ്പിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സുന്നി പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ അണിനിരന്നത്.
മഹല്ലുകളിലും സ്ഥാപനങ്ങളിലും അക്രമം അഴിച്ച് വിട്ട് സംഘര്‍ഷം സൃഷ്ടിക്കുന്ന വിഘടിത വിഭാഗത്തിന്റെ ഹീന ശ്രമത്തിനെതിരെയും രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി സുന്നികളെ അടിച്ചമര്‍ത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന പോലീസ് പക്ഷപാതിത്വത്തിനെതിരെയും മാര്‍ച്ചില്‍ ശബ്ദം ഉയര്‍ന്നു. അധികാര ബലത്തില്‍ സുന്നി പ്രസ്ഥാനത്തെ തകര്‍ത്ത് കളയാമെന്ന വിഘടനവാദികളുടെ വ്യാമോഹം മലപ്പുറത്തിന്റെ മണ്ണില്‍ വിലപ്പോകില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഇരമ്പിയെത്തിയ ജനക്കൂട്ടം.
രാവിലെ പത്ത് മണിയോടെ കോട്ടപ്പടി കിഴക്കേതലയില്‍ നിന്ന് സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സി പി സൈതലവി ചെങ്ങര, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, മുഹമ്മദ് പറവൂര്‍, പി എം മുസ്തഫ കോഡൂര്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, പി അലവി സഖാഫി കൊളത്തൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ പി എച്ച് തങ്ങള്‍ അരീക്കോട്, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, എം കെ കുഞ്ഞീതുമുസ്‌ലിയാര്‍, ടി ടി മഹ്മൂദ് ഫൈസി, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എ ശിഹാബുദ്ദീന്‍ സഖാഫി, അബ്ദുഹാജി വേങ്ങര, ജമാല്‍ കരുളായി, ബശീര്‍ പറവന്നൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, സി കെ യു മൗലവി, ലത്വീഫ് മുസ്‌ലിയാര്‍ മഖ്ദൂമി, കെ മുഹമ്മദ് ഇബ്‌റാഹിം, പി കെ മുഹമ്മദ് ശാഫി പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി. തുടര്‍ന്ന് മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന സുന്നി ജാഗ്രതാസമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ സുന്നിപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ് ശശികുമാറിന് നിവേദനം നല്‍കി.

Latest